2013, ഡിസംബർ 9, തിങ്കളാഴ്‌ച

ആഴ്ച്ചപ്പാങ്ങ്-5: എഴുത്തുകാരന്‍, ഏകാന്തത, പ്രതിരോധങ്ങള്‍

ഏകാന്തത എഴുത്തുകാരനുചുറ്റും ഒരു പുറംന്തോട് സൃഷ്ടിക്കുന്നുണ്ട്. ഒരു കടല്‍ച്ചിപ്പിയെപ്പോലെ, വെണ്‍ശംഖിനുള്ളിലെ കടല്‍സന്യാസിയെപ്പോലെ ധ്യാനിക്കുന്ന എഴുത്തുകാരനു ചുറ്റും ഏകാന്തതകള്‍  സൃഷ്ടിക്കുന്ന ചില പ്രതിരോധങ്ങളുണ്ട്. കെ.പി. അപ്പന്‍ എന്ന നിരൂപണത്തിലെ മഹാമാന്ത്രികന്‍ ജീവിച്ചത് ഈ പ്രതിരോധങ്ങള്‍ക്ക് അകത്താണ്. നിശ്ശബ്ദതയുടെ കടലിരമ്പം അദ്ദേഹം ഏകാന്തതയുടെ വെണ്‍ശംഖത്തിനുള്ളിലിരുന്നുകൊണ്ട് ലോകത്തെ കേള്‍പ്പിച്ചു. ഈ അന്തര്‍മുഖത്വം ചിലരെയെങ്കിലും ചൊടിപ്പിച്ചിരുന്നു. സാംസ്‌കാരിക നായകരുടെ അനുദിനമുള്ള രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചും എഴുത്തുകാരന്റെ രാഷ്ട്രീയത്തെക്കുറിച്ചും എഴുതിയ അദ്ദേഹത്തിന്റെ ഒരു ലേഖനത്തെ അധികരിച്ചുകൊണ്ട് സംഘടിപ്പിക്കപ്പെട്ട ഒരു ചര്‍ച്ച പണ്ടൊരു സാഹിത്യക്യാമ്പില്‍ നടക്കുകയുണ്ടായി. ഒന്നര പതിറ്റാണ്ടു മുന്‍പ് പാലക്കാട് മലമ്പുഴയില്‍ വെച്ചായിരുന്നു അത്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ സാസ്‌കാരിക സംഘടനയായ 'സംസ്‌കാര സാഹിതി' എന്ന കോണ്‍ഗ്രസ്സ് സംഘടനയായിരുന്നു  (ഇന്ന് അത് മരിച്ച് മണ്ണടിഞ്ഞു?)അതിന്റെ സംഘാടകര്‍. ഇതേ സംഘടന ഒരിക്കല്‍ മലയാളത്തിന്റെ വാഗ്ഭടന്‍ ശ്രീ സുകുമാര്‍ അഴിക്കോടിന് അവാര്‍ഡ് പ്രഖ്യാപിച്ചു. ആ കാലത്ത് അഴിക്കോട് സോണിയാഗാന്ധിക്കെതിരെ നടത്തിയ ചില പരാമര്‍ശങ്ങളുടെ പേരില്‍ വീക്ഷണം ദിനപത്രത്തില്‍ അഴിക്കോടിനെ ഏറ്റവും തരംതാണ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അതോടെ അഴിക്കോട്മാഷ് സംസ്‌കാര സാഹിതിയുടെ അവാര്‍ഡ് നിരസിച്ചു. അതൊക്കെ പഴങ്കഥ; അതവിടെ നില്‍ക്കട്ടെ. കെ. പി. അപ്പന്റെ ലേഖനത്തെ അധികരിച്ചു നടന്ന ചര്‍ച്ചയില്‍ ഒരുപാട് എഴുത്തുകാര്‍ പങ്കെടുത്തു. അപ്പന്‍ സാറിന്റെ ഏകാന്തതയുടെ മാളത്തില്‍ പല എഴുത്തുകാരും കൈയ്യിട്ടുനോക്കി സ്വയം അസൂയപ്പെടുന്ന കാഴച്ചയാണ് ഏറെ രസകരമായി അനുഭവപ്പെട്ടത്. അന്ന് ക്യാമ്പില്‍ ഒരു വിദ്യാര്‍ത്ഥി-ക്യാമ്പംഗമായിരുന്നു ഞാന്‍; ഇതൊരു വലതുപക്ഷ സംഘടനയാണെന്ന അറിവൊന്നും അന്നെനിക്കുണ്ടാരുന്നില്ല. ഖദറിട്ട യു. കെ. കുമാരനും, ബാലചന്ദ്രന്‍ വടക്കേടത്തും എഴുത്തുകാരന്റെ പ്രവര്‍ത്തനപരതയെക്കുറിച്ച് ഘോരഘോരം പ്രസംഗിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു. സമകാലിക രാഷ്ട്രീയ അപചയങ്ങളോട് ഒരെഴുത്തുകാരന്‍ നേരിട്ട് ചെന്ന് പ്രതികരിക്കേണ്ടതുണ്ടൊ എന്ന സമസ്യയെ പൂരിപ്പിക്കാനുള്ള ശ്രമമായിരുന്നു അവിടെ നടന്നത്. എഴുത്ത് ഒരു ആക്ടിവിസമാണ് എന്നതുകൊണ്ട് ലോകത്ത് കാണുന്ന എല്ലാ ജീര്‍ണ്ണതകള്‍ക്കെതിരേയും പത്രപ്രസ്ഥാവന നടത്തലും കവല പ്രസംഗം നടത്തലും എഴുത്തുകാരന്റെ ധര്‍മ്മമല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ കാലത്തിന്റെ ചില അനിവാര്യതകളായി ചില മുദ്രാവാക്യങ്ങള്‍, ചിലകൊടികള്‍, ചില തീപ്പന്തങ്ങള്‍ ചില യാതഭാഗങ്ങള്‍ എഴുത്തുകാരന്‍ ഏറ്റെടുക്കേണ്ടി വന്നേക്കാം. അതുതന്നെയാണ് കെ. പി. അപ്പനും പറഞ്ഞത്. പക്ഷെ പല എഴുത്തുകാരും കെ. പി. അപ്പന്റെ നിശ്ശബ്ദതയെ പരിഹസിച്ചു.

മറ്റൊരു കാര്യം ഇന്നത്തെ കാലത്ത് പ്രധാമായും അഴിക്കോട് മാഷിന്റെ മരണത്തിന് ശേഷം പഴയപോലെ പത്രമാധ്യമങ്ങള്‍ എഴുത്തുകാരന്റെ പ്രതികരണത്തിനു വേണ്ടി കാത്തുകെട്ടി നില്‍ക്കാറില്ല എന്നതാണ് സത്യം. ഓഞ്ചിയം സഖാവ്‌ ടി. പി. ചന്ദ്രശേഖരന്റെ ഹീനമായ കൊലപാതകം നടന്നതിനുശേഷം പല എഴുത്തുകാരുടേയും പ്രതികരണത്തിന്റെ പുറംപൂച്ച് വ്യക്തമായതാണല്ലൊ.

ഒരെഴുത്തുകാരന്‍ ഒരു രാഷ്ട്രീയ കക്ഷിയില്‍ വിശ്വസിക്കുകയൊ അതിന്റെ അന്തവിശ്വാസിയാവുകയൊ ചെയ്യട്ടെ; ഒരു എഴുത്തു ജീവിയാകുമ്പോള്‍ത്തന്നെ അവനൊരു സാമൂഹ്യജീവിയും, കുടുംബസ്ഥനും, സഹപ്രവര്‍ത്തകനും, സാധാരണക്കാരനുമാണ്. പക്ഷെ അവന്‍ എല്ലാ തുറകളിലും ഒരുപോലെ അനുഷ്ഠിക്കപ്പെടേണ്ട സത്യസന്ധതയുണ്ട്; അതാണ് അവന്റെ എഴുത്തിനുള്ള കൈമുതല്‍. എന്നാല്‍ ഒരെഴുത്താകാരന്‍ ഒരു പ്രതികരണതൊഴിലാളിയാകുന്നതിന്റെ, ഒരു കവലപ്രസംഗക്കാരനാകുന്നതിന്റെ പിന്നിലെ ആത്മകാമം ഏറെ തെളിയിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. മുഖം വികൃതമാകുന്തോറും എഴുത്തുകാരന്റെ ബഹുമുഖത്വം ഏറെ അശ്ലീലമായി മാറുന്നു. എം.പി. വീരേന്ദ്രകുമാര്‍ ഹിമാലയത്തി മഞ്ഞുചൂടിയ വന്‍മലയായി വാനക്കാരനില്‍ ഉറച്ചുപോകുമ്പോഴും വലതുപക്ഷ ജീര്‍ണ്ണതയുടെ ഒരു ജീവിക്കുന്ന അജീര്‍ണ്ണതയായി വായനക്കാരന് തോന്നിയാല്‍ അത് വിരേന്ദ്രകുമാറിന്റെ മാത്രം കുറ്റമാണ്. കനിമൊഴിയെന്ന രാഷ്ട്രീയക്കാരിയായ കവയത്രിയൂടെ അതി ദയനീയമായ വികൃതമുഖം ഇപ്പോഴും സാഹിത്യ കുതുകികളുടെ മനസ്സില്‍ നിന്ന് മായുന്നില്ല. മൂല്യങ്ങളെ ദൂര്‍ത്തടിക്കുന്ന ബഹുമുഖത്വത്തിന്റെ ജീര്‍ണ്ണത പുതിയ പുതിയ സന്ദേഹങ്ങളെ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. കനിമൊഴിയെന്ന അഴിമതിക്കാരിക്കും എത്രയൊ മുകളിലാണ് ഒരു പുസ്തകം മാത്രമെഴുതിയ നളിനി ജമീലയക്ക് എന്റെ മനസ്സിലുള്ള സ്ഥാനം.

എഴുത്തുകാരന്‍ വിരുദ്ധ ജോലിചെയ്യുന്നത് ഒരു തെറ്റല്ല. ഒരറവുകാരന്‍ കവിയായിക്കൂടെന്നില്ല. പക്ഷെ ഒരു കള്ളുഷാപ്പുകാരന്‍ മദ്യവിരുദ്ധസമര നായകനായാലോ? കള്ളനേയും ലൈഗികതൊഴിലാളിയേയും സാഹിത്യം ഉള്‍ക്കൊള്ളുന്നത് അതിന്റെ സാര്‍വ്വലൗകികതകൊണ്ടാണ്. ഒരു കള്ളന് സാഹിത്യകാരനാകാം പക്ഷെ സ്വന്തം ആത്മാവിനെ വഞ്ചിക്കുന്നവന് സാഹിത്യം പോയി ഒരു നല്ല മനുഷ്യന്‍പോലും ആവാന്‍ സാധിക്കില്ല.

കേരളത്തിലെ രാഷ്ട്രീയ ജീര്‍ണ്ണതകളുടെ കൊടിയടയാളങ്ങള്‍ ഹൃദയത്തിലും കൈയ്യിലും വഹിക്കുന്ന എഴുത്തുകാര്‍ക്ക് കെ. പി. അപ്പനെ ഒരു അരാഷ്ട്രീയ വാദിയായി അനുഭവപ്പെടാം. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

എഴുത്തുമുറിയില്‍ ചടഞ്ഞുകൂടി വളഞ്ഞുകുത്തിയിരുന്ന് എഴുതുന്നതുമാത്രമാണ് എഴുത്ത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ജീവിതംമുഴുവന്‍ സംഭവബഹുലമായ ഒരു കവിതയാക്കിമാറ്റിയ സുഗതകുമാരിയെ അവരുടെ കര്‍മ്മ വൈപുല്യത്തെ എനിക്ക് അംഗീകരിക്കാതിരിക്കാനാവില്ല. അവരുടെ രാഷ്ട്രീയം അനാഥത്വത്തിന്റെ, വിശപ്പിന്റെ, പരിസ്ഥിതിയുടെ രാഷ്ട്രീയമാണ്. അതാണ് എഴുത്തുകാരുടെ/കാരിയുടെ രാഷ്ട്രീയം. ടി. പി. ചന്ദ്രശേഖരന്‍ വധത്തെ അപലപിച്ചുകൊണ്ട് വെട്ടുവഴിക്കവിതയെഴുതുകയും എന്നാല്‍ പോഡിയത്തിനു മുന്നില്‍ ചെന്ന് കൊലയാളി രാഷ്ട്രീയക്കാരുടെ അപ്പോസ്ഥലനാവുകയും ചെയ്യുന്ന ഒരു കവിപുംഗവനെ ഷൊര്‍ണ്ണൂരിലെ ഒരു പു.ക.സ. യോഗത്തില്‍ ഞാനൊരിക്കല്‍ കണ്ട് ഞെട്ടിപ്പോയി.

അതുകൊണ്ടാണ് സക്കറിയ പറഞ്ഞത് ‘എഴുത്തുകാരന് ഒരു മുഖമേയുള്ളു അത് സത്യസന്ധതയുടേയാണ്. നല്ല എഴുത്തുകാരന്‍ നല്ലൊരു രാജ്യസ്‌നേഹികൂടിയാണ്. എഴുത്ത് ഒരു നല്ല രാഷ്ട്രീയ പ്രവര്‍ത്തനമാണ്’.

ഇടതു വലതു രാഷ്ട്രീയത്തിന്റെ തിണ്ണയില്‍ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി കാത്തുകെട്ടിക്കിടക്കുന്ന തിണ്ണമിടുക്കിന്റെ ബഹിര്‍മുഖത്വം സാഹിത്യ ജീര്‍ണ്ണതയാണ്. പാര്‍ട്ടിയുടെ പ്രത്യേയ ശാസ്ത്ര ജീര്‍ണ്ണതകള്‍ക്കൊപ്പിച്ച് അളന്നുതൂക്കി പ്രതികരിച്ച് പ്രതികരണത്തൊഴിലാളിയാകുന്നതും, ദശയുള്ളിടത്ത് കത്തിപായിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനവും, ചത്തുവീഴുന്നവന്റെ കൊടിയുടെ നിറംനോക്കി മാത്രം പ്രതികരിക്കുന്നതും സാംസ്‌കാരിക ജീര്‍ണ്ണതയാണ്. ഇവിടെയാണ് എഴുത്തുകാരന്‍ ഏകാന്തതയിലൂടെ തനിക്കു ചുറ്റും സൃഷ്ടിക്കുന്ന പ്രതിരോധത്തെ, അതിന്റെ സാധ്യതയെ, എഴുത്തിന്റെ സംസ്‌കാരത്തെ നമ്മള്‍ തിരിച്ചറിയുന്നത്. എഴുത്തിന്റെ ഈ സാധ്യതയെയാണ് അപ്പന്‍ സാര്‍ തിരിച്ചറിഞ്ഞത്. അന്ന് മലമ്പുഴയില്‍ നടന്ന ചര്‍ച്ചയില്‍ യു.കെ. കുമാരനും, ബാലചന്ദ്രന്‍ വടക്കേടത്തും തിരിച്ചറിയാതെ പോയതും ഈ സാധ്യതയാണ്. യു. കെ. കുമാരന്റെ രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് യാതൊരു എതിരഭിപ്രായവുമില്ല. പതിനഞ്ചുവര്‍ഷത്തിനിപ്പുറവും അന്ന് അദ്ദേഹം ചര്‍ച്ചയില്‍ പ്രകടിപ്പിച്ച അഭിപ്രായത്തോട് അന്നെനിക്കു തോന്നിയ വിയോജിപ്പ് അതേ തീവ്രതയോടെ ഇപ്പോഴും നിലനില്‍ക്കുന്നു. അന്ന് ആ ചര്‍ച്ചയില്‍ ഞാന്‍ പ്രതികരിക്കാതിരുന്നത് ആ ക്യാമ്പില്‍ വെറുമൊരു ക്യാമ്പംഗം മാത്രമായിരുന്നതുകൊണ്ടായിരുന്നു. ക്യാമ്പംഗത്തിന് ചര്‍ച്ചയില്‍ പ്രതികരിക്കാന്‍ അവസമുണ്ടായിരുന്നില്ല. ആ പാനലില്‍ ഇടയ്ക്കുകയറി അഭിപ്രായം പറയുക അസാധ്യമായിരുന്നു. ഇന്നാല്‍ ഇന്ന് ഒന്നരപതിറ്റാണ്ടിപ്പുറവും അപ്പന്‍സാറിന്റെ എഴുത്തിന്റെ രാഷ്ട്രീയം, അതിന്റെ ആക്ടിവിസം, ഏകാന്തതയുടെ പ്രതിരോധം, ഇതുകള്‍ ഒരെഴുത്തുകാരനു തുറന്നുതരുന്ന സാധ്യതകള്‍ ഇന്നും ഒരിറ്റുപോലും മാറ്റുകുറയാതെ നിലനില്‍ക്കുന്നു. കഴിഞ്ഞ മാസം മുംബൈയില്‍ നടന്ന സാഹിത്യ ശില്‍പശാലയില്‍ വെച്ച് സക്കറിയയുടെ പ്രസംഗംകേട്ടപ്പോള്‍ സംസ്‌കാര സാഹിതി സംഘടിപ്പിച്ച് വിദ്യാര്‍ത്ഥി സാഹിത്യക്യാമ്പിനെ ഓര്‍ത്തു.
ഇന്ദുമേനോന്‍
നിലാവ് പോലെയായിരുന്നു ഇന്ദുമേനോന്റെ കഥകള്‍.
മിന്നുന്ന ചില്ലലകളുമായി ലാവത്ത് ഒഴുകിപ്പോകുന്ന കൈത്തോടുപോലെ, 'സെപിയ' മോഡില്‍ എടുത്ത ചിത്രങ്ങള്‍പോലെ....
തൊണ്ണൂറുകളില്‍ വായിക്കപ്പെട്ട കഥകളില്‍ ഭാഷാഗുണംകൊണ്ടും ആവിഷ്‌ക്കാരത്തിലും  പ്രമേയ സ്വീകരണത്തിലുമുള്ള പുതുമകൊണ്ടും ഇന്ദു മേനോന്‍ വായനക്കാരെ കൊതിപ്പിച്ചു. എന്നാല്‍ കഴിഞ്ഞ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'ഷണ്ഡ വിലാപം' എന്ന ചെറുകഥയില്‍ നിലാവില്ല, അമാവസിയിലെ കൂറ്റിരുട്ടുമല്ല, കഥയില്ലായ്മയുടെ, എഴുത്തുകാരിയുടെ ആത്മകാമത്തിന്റെ ദുഷിച്ച ഇരുട്ടാണ് കണ്ടത്. ഭാഷാഗിമ്മിക്കിന്റെ ഫോര്‍മാലിനില്‍ കുറെ കഥാപാത്രങ്ങളുടെ ജഢങ്ങളെ ബോട്ടില്‍ ചെയ്ത് വായനക്കാര്‍ക്കുമുന്‍പില്‍ അവതരിപ്പിക്കുന്നു. തീക്ഷ്ണമായ പദങ്ങളെ കൂട്ടിയോജിപ്പിച്ച് സാന്ദ്രമായ രംഗങ്ങളെ ആവിഷ്‌ക്കരിക്കുന്ന ഇന്ദുമേനോനെന്ന നെയ്ത്തുകാരി ഇപ്പോള്‍ നെയ്യുന്നത് പിശാചിനുള്ള അടിവസ്ത്രമാണ്. ഇന്ദു എഴുതാതെ പോയ കഥകളിലെ വെന്തളിഞ്ഞുപോയ കഥാപാത്രങ്ങളെ വിനാഗരിയിലിട്ട് മൂപ്പിച്ച് മാതൃഭൂമി ആഴ്ച്ചപതിപ്പിന്റെ താളുകളില്‍ തേച്ചുവയ്ച്ചിരിക്കുന്നു. ഒന്നും എഴുതാനില്ലാത്ത കാടുപിടിച്ച മനസ്സ് അപസര്‍പ്പകാമമായതോ...?, മനസ്സിലെ ഇരുട്ടുപിഴിഞ്ഞത് കൂടിപ്പോയതോ? ശവങ്ങളുടെ ഘോഷയാത്രയൊ? കഥയുടെ മോര്‍ച്ചറിയൊ? എന്നൊക്കെ വായനക്കാരനെ അമ്പരപ്പിക്കുന്നതില്‍ ഇന്ദു മേനോന്‍ വിജയിച്ചിരിക്കുന്നു. നിലാവ് പോലുള്ള കഥകളെഴുതിയ ഇന്ദു മേനോന്റെ ഫേസ്ബുക്ക് ചിത്രത്തിനുമുന്നില്‍, നല്ല കഥയുടെ ഓര്‍മ്മപ്പെരുന്നാളില്‍, ഈ വായനക്കാരന്റെ ഒരു പിടി കണ്ണീര്‍പ്പൂക്കള്‍... ഈ പെണ്‍കുട്ടിയിലെ കഥാകാരിയുടെ പുനര്‍ജ്ജനിക്കായി മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു....ആമേന്‍.

മാനസി
മാധ്യമം വാരികയില്‍ മാനസിയുടെ കഥ 'ഡാന്‍സ് ബാര്‍' വായിച്ചു. ദീര്‍ഘ കാലത്തിനുശേഷം മാനസി എഴുതിയ കഥ എന്ന തലവാചകത്തോടുകൂടിയാണ് മാധ്യമം മാനസിയുടെ കഥ കൊടുത്തിരിക്കുന്നത്. വ്യവസ്ഥിതിയോടു കലഹിക്കുന്ന, ലിംഗപരമായ അസമത്വങ്ങളോട് എതിരിട്ടു നില്‍ക്കുന്ന, സദാ ചോദ്യങ്ങള്‍ ചോദിക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുള്ള മാനസിയെ ഞാന്‍ ആദ്യമായി വായിക്കുന്നത് തൊണ്ണൂറുകളിലെ ഏതൊ ഒരു ഓണപ്പതിപ്പില്‍ (മനോരമായാണെന്ന് തോന്നുന്നു). തൊണ്ണൂറുകളില്‍ മലയാളത്തില്‍ ഉണ്ടായ പെണ്ണെഴുത്തിന്റെ നവ ഭാവുകത്വത്തില്‍ തന്റെതായ ഒരു മുറി ഉണ്ടാക്കിയെടുത്ത ഈ കഥാകാരിയെ പിന്നീട് നമുക്ക് കുറേക്കാലം കാണാനേ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ മുംബയില്‍ വന്നതിനുശേഷമാണ് ഞാനിവരെ നേരില്‍കാണുന്നതും പരിചയപ്പെടുന്നതും. എന്നെ ഒരുപാട് സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുയും ചെയ്യാറുണ്ട് അവര്‍. ഞങ്ങള്‍ നല്ല ചെങ്ങാതിമാരാണ്. അവരുടെ പഴയ കഥകള്‍ ഒക്കെ ശേഖരിച്ചുവയ്ക്കാന്‍ ഒരു ബ്ലോഗ് ഞാനുണ്ടാക്കി നല്‍കിയിരുന്നു. അടുത്തായി ഞങ്ങള്‍ രണ്ടു കൂട്ടര്‍ക്കും പല പല തിരക്കുകള്‍ വന്നുചേര്‍ന്നതിനാല്‍ ആ ബ്ലോഗ് ഇപ്പോള്‍ അപ്‌ഡേറ്റ് ചെയ്യാറില്ല. മാനസിയുടെ പഴയ കഥകള്‍ വീണ്ടും വീണ്ടും വായിക്കുമ്പോഴൊക്കെ അവരില്‍ നിന്ന് പുതിയ നല്ല കഥകള്‍ ഞാന്‍ പ്രതീക്ഷിക്കാറുണ്ടായിരുന്നു. ഫ്യൂഡല്‍ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട, അവരുടെ പഴയ കാല കഥകളില്‍ നിന്നും മാറിനില്‍ക്കുന്ന, പുതിയ ജീവിതത്തിന്റെ ചൂരൂം ചൂടുമുള്ള കഥകളാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മാധ്യമത്തിലെ കഥ 'ഡാന്‍സ് ബാര്‍' ലെ മന്ദ അതിതീക്ഷ്ണമായ മുംബൈ നിശാജീവിത്തിന്റെ ഇരകളെ പ്രതിനിധാനം ചെയ്യുന്നു. ഒരു പക്ഷെ ഒരു യഥാര്‍ത്ഥ ബാര്‍ ഡാന്‍സറുടെ ജീവിതത്തെക്കാള്‍ അതി തീക്ഷ്ണമാണ് മാനസിയുടെ മന്ദ എന്ന കഥാപാത്രം. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ ജീവിതത്തിലേക്ക് മാനസിയുടെ ഫോക്കസ് മാറുന്നു എന്നതാണ് മാനസി എന്ന കഥാകരിയുടെ വഴിമാറി നടപ്പായി ഞാന്‍ കാണുന്നത്. മലബാറിലെ ഫ്യൂഡല്‍ പശ്ചാത്തലത്തില്‍ നിന്നുള്ള വഴിമാറി നടപ്പ്. പെണ്ണെഴുത്തിലെ സ്റ്റീരിയോടൈപ്പ് പെണ്‍കഥാപാത്രത്തെപ്പോലെയല്ല മന്ദ. തീര്‍ച്ചയായും മാനസിയുടെ വായനക്കാരന് ഇതൊരു പുതുമതന്നെയാണ്. കഥാകഥനത്തില്‍ മാനസി സ്വീകരിക്കുന്ന 'പേസ്', ഒന്നിനൊന്ന് തീക്ഷ്ണമായ, അതിവേഗം മിന്നിമറയുന്ന ഇമേജറികള്‍, ഇതൊക്കെക്കൊണ്ട് മുംബയ് മഹാനഗരത്തിലെ നിശാജീവിതത്തിലെ ഇരകളുടെ ജീവിതത്തെ വായനക്കാരനില്‍ അനുഭവിപ്പിക്കുന്നുണ്ട് മാനസി. സാഡിസ്റ്റായ ഭര്‍ത്താവ് മരിക്കുമ്പോള്‍ ആശ്വാസവും സ്വാതന്ത്ര്യബോധവും തോന്നുന്ന മന്ദ, പിന്നീട് ഭര്‍ത്താവിന്റെ സാഡിസ്റ്റ് കുപ്പായത്തിലേക്ക് കയറുന്നിടത്ത് ഞാന്‍ കഥയെ കൈവിട്ടു. കഥ എങ്ങിനെ അവസാനിപ്പിക്കും എന്ന ആശയക്കുഴപ്പമാണ് മന്ദയെ സാഡിസ്റ്റാക്കി മാറ്റാന്‍ മാനസിയെ പ്രേരിപ്പിച്ചത് എന്ന് എനിക്കു തോന്നുന്നു. എന്തായാലും കഥയെഴുത്തില്‍ സജീവമാകാന്‍ തയ്യാറെടുക്കുന്ന എന്റെ പ്രിയ സുഹൃത്ത് മാനസി ചേച്ചിക്ക് എന്റെ സ്‌നേഹം, കൈയ്യിലൊരു സ്‌നേഹമസൃണമായ ഒരു മുത്തം.

ഒരു മലയാളി ഭ്രാന്തന്റെ ഡയറി
തൊഴില്‍ രഹിതരും, രക്ഷ്യബോധമില്ലാത്തവരുമായ ഒരു കൂട്ടം കേരളീയ യുവതയുടെ മനസ്സില്‍ ഒരു ഭ്രാന്തുണ്ട്. അതേ ഭ്രാന്ത് കേരളത്തിന്റെ പൊതുബോധത്തില്‍ ആകമാനം ചെറിയ ചില നട്ടപ്രന്തിന്റെ രൂപത്തില്‍ കാണപ്പെടുന്നുണ്ട്. ആ ഭ്രാന്തുകളുടെ ഒരു പ്രതിനിധിയെകൊണ്ട് എന്‍. പ്രഭാകരന്‍ എഴുതിച്ച ഒരു ഡയറിയാണ് 'ഒരു മലയാളി ഭ്രാന്തന്റെ ഡയറി'. മടിയാനായ, ചെകുത്താന്റെ പണിപ്പുരയായ, തനിക്കിത്തിരി മാനസിക രോഗമുണ്ടെന്ന് സ്വയം സമ്മതിക്കുന്ന, നിഷ്‌ക്കളങ്കനായ ഒരു ഭ്രാന്തന്റ കാഴ്ച്ചകള്‍. ഇത് കേരളീയ മനസ്സിന്റെ, ഉദാസീനതയുടെ, കാപട്യങ്ങളുടെ നേര്‍ക്കാഴ്ച്ചകൂടിയാകുന്നു. ഒന്നും ചെയ്യാനില്ലാതെ വെറുതെ കവലയിലും ചായക്കടയിലുമായി ചുറ്റിത്തിരിയുന്ന ഇതിലെ വട്ടനായ യുവാവ് ഒരു ഡയറിയെഴുതുന്നു. ഭ്രാന്തനായതുകൊണ്ടുമാത്രം എത്തിപ്പെടുന്ന ജീവിതാവസ്ഥകളോട് പ്രതിഷേധമൊന്നുമില്ലാതെ പൊരുത്തപ്പെടുന്ന ഒരു അരവട്ടന്‍!!. കയറുപിടിക്കുന്നവന്റെ ആജ്ഞയ്‌ക്കൊപ്പം തുള്ളുന്ന ലച്ച്വണന്‍ എന്ന ഒരു കളിക്കുരങ്ങനുമായി ഒറ്റപ്പെട്ടുപോകുന്നിടത്ത് ഈ ഭ്രാന്തന്റെ ഡയറി അവസാനിക്കുന്നു. ലക്ഷ്മണന്‍ എന്ന നാടോടിയുടെ ലച്ച്വണന്‍ എന്ന ഈ കുങ്ങന്റെ ജീവിതവും സ്വത്വവും ഈ ചെറുപ്പക്കാരന്റെ സ്വത്വവും ഏതാണ്ട് ഒന്നായി മാറുന്നു.
ഈ യുവാവെഴുതുന്ന നട്ടഭ്രാന്തുകള്‍, ഉദാസീനതയുടെ ദിനസരികളാണ്. വളരെ ലളിതമായി അതിവേഗം വായിച്ചുപോകാവുന്ന, എന്നാല്‍ അതിനിസ്സാരമെന്നുപോലും തോന്നാവുന്ന ഭ്രാന്തന്‍ കുറിപ്പുകളാണ് ഇതില്‍. ഇത് 'ഒരു ഭ്രാന്തന്‍ എഴുതിയ ഡയറിക്കുറിപ്പാണ്' എന്ന നാട്യത്തില്‍ എന്‍. പ്രഭാകരന്‍ ദൂരെ മാറിനില്‍ക്കുന്നു. വായനക്കാരന്റെ കൈയ്യിലെത്തിയ ഈ ഭ്രാന്തന്റെ ഡയറിയിലെ പല കുറിപ്പുകളും എഴുതിയത് വായനക്കാരന്‍ തന്നെയൊ എന്ന് സന്ദേഹിക്കപ്പെടുന്നിടത്താണ് ഈ കൃതിയുടെ വിജയം. അപ്പോള്‍ അധികം ദൂരെയല്ലാതെ എന്‍. പ്രഭാകരന്‍ മാറിനിന്ന് ചിരിക്കുന്നു. വൈയ്യക്തികതയില്‍, ഉത്തരാധുനിക വേഗങ്ങളില്‍, മലയാളി ഏറെ പരിചയിച്ചിട്ടില്ലാത്ത ഭാവുകത്വങ്ങളെ സൃഷ്ടിച്ചെടുത്ത എന്‍. പ്രഭാകരന്റെ ഏറെ വ്യത്യസ്ഥമായ ഒരു രചനാ വികൃതിയാണിത്. എന്‍. പ്രഭാകരന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ 'ഇക്കാലത്തെ ഒട്ടുമിക്ക എഴുത്തുകാരെയും പോലെ ഞാനും കരുതുന്നത് ഇത് ഒന്നാം നമ്പര്‍ സാഹിത്യമാണെന്നാണ്. പക്ഷെ ഒരു വ്യത്യാസമുണ്ട്, ഇത് മഹാതല്ലിപ്പൊളി സാധനമാണ് എന്ന് നിങ്ങളാരെങ്കിലും പറഞ്ഞാലും എനിക്ക് ഒരു ചുക്കുമില്ല. കാരണം ഞാനൊരു ഭ്രാന്തനാണ്'

ഒരു മലയാളി ഭ്രാന്തന്റെ ഡയറി
മാതൃഭൂമി ബുക്ക്‌സ്
വില: 75 ക.

പായിപ്ര രാധാകൃഷ്ണന്റെ ഉണ്ടയില്ലാ വെടി
കലാകൗമുദിയേയും മലയാളം വാരികയേയും പിന്നില്‍ നിന്ന് വായിക്കാന്‍ മലയാളികളെ ശീലിപ്പിച്ച എം. കൃഷ്ണന്‍നായര്‍ക്കു ശേഷം തന്നാലാവും വിധം മലയാളിയുടെ സാഹിതീയ ജീവിതത്തെ സജീവമായി നിലനിര്‍ത്താന്‍ പരിശ്രമിച്ച 'അക്ഷരജാലക'ത്തിന്റെ എഴുത്തുകാരന്‍ എം. കെ. ഹരികുമാറിന്റെ നഷ്ടം കലാകൗമുദിക്ക് വലിയ നഷ്ടം തന്നെയാണെന്ന് പായിപ്ര രാധാകൃഷ്ണന്റെ 'ആഴ്ചവെട്ടം' എന്ന നിരൂപണ പംക്തി വായിച്ചപ്പോള്‍ തോന്നി. പായിപ്ര ഉണ്ടയില്ലാത്ത തന്റെ തോക്കുകൊണ്ട് നാലുപാടും വെടിവെയ്ക്കുകയാണ്.

പ്രവാസി സാഹിത്യകാരന്റെ അനുഭവം തീക്ഷ്ണം
-    വളര്‍ന്നു വരുന്ന പ്രവാസി എഴുത്തുകാര്‍ക്കിടയില്‍ അംഗീകാരം നഷ്ടപ്പെടാതിരിക്കാനാണ് നാട്ടില്‍ പ്രവാസി സാഹിത്യം എന്ന് എഴുത്തിനെ ചിലര്‍ വേര്‍തിരിക്കുന്നതെന്ന് - കവി ആലങ്കോട് ലീലാകൃഷ്ണന്‍,  മീഡിയാ വണ്‍

ഈ പറഞ്ഞത് നാട്ടിലും ചെന്ന് പറയാനുള്ള ആര്‍ജ്ജവം ഉണ്ടാകണം.


14 അഭിപ്രായങ്ങൾ:

 1. പരിമിതികൾ അതിനകത്ത് നിന്ന് കൊണ്ടുള്ള പ്രതികരണങ്ങൾ പ്രവർത്തനങ്ങൾ ... പരിധിക്കു ഉള്ളിൽ... പരിധികൾ വളരട്ടെ പരിമിതികൾ അപ്പോൾ കുറയും എന്ന് പ്രതീക്ഷിക്കാം നല്ല വായനയിലൂടെ

  മറുപടിഇല്ലാതാക്കൂ
 2. കലാകൗമുദിയേയും മലയാളം വാരികയേയും പിന്നില്‍ നിന്ന് വായിക്കാന്‍ മലയാളികളെ ശീലിപ്പിച്ച എം. കൃഷ്ണന്‍നായര്‍>>>>ഞാന്‍ അങ്ങനെ തന്നെയായിരുന്നു വായിക്കാറുള്ളത്. ആദ്യം വാരഫലം. പിന്നെയാണ് ഉള്ളടക്കപ്പേജ് പോലും നോക്കുന്നത്.

  ഇന്ദുമേനോനെപ്പറ്റി എഴുതിയത് വളരെ ശരിയായ ഒരു കാര്യം തന്നെ. സ്റ്റോക്ക് തീര്‍ന്ന കടക്കാരിയെപ്പോലെ ഇന്ദുമേനോന്‍.
  എന്‍. പ്രഭാകരന്‍ ബ്ലോഗില്‍ എന്തെഴുതി പോസ്റ്റ് ചെയ്താലും ഓടിപ്പോയി വായിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം വരെ മുടങ്ങാതെ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെ കാണുന്നില്ല.

  മാനസിയുടെ ബ്ലോഗിലെ അവസാനലേഖനം വന്നപ്പോള്‍ വായിച്ച് “ഈടുറ്റ ലേഖനം” എന്ന് ഒരു അഭിപ്രായമിട്ടിരുന്നു. 90-ലൊക്കെ എഴുതിത്തുടങ്ങിയ ആള്‍ ആണെന്ന് ഇപ്പൊഴാണറിഞ്ഞത്.

  അപ്പന്‍ സാര്‍ ആഴമുള്ള ജലാശയമാണ്. അതിനാല്‍ അവിടെ പുറമെയുള്ള തിരയിളക്കങ്ങള്‍ കാണുക സാദ്ധ്യമല്ല.

  ആഴ്ച്ചപ്പാങ്ങ് വളരെ പ്രയോജനപ്രദമായി തോന്നുന്നു. എല്ലാ ആശംസകളും.

  മറുപടിഇല്ലാതാക്കൂ
 3. വായിക്കപ്പെടേണ്ട ബ്ലോഗുകളുടെ കൂട്ടത്തില്‍ ആഴ്ച്ചപ്പാങ്ങ് പലര്‍ക്കും റെക്കമന്റ്റ് ചെയ്തിട്ടുണ്ട്..

  ഈ ആഴ്ച പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിപ്പ് തന്നെ. മാനസിയെ വായിച്ചിട്ടില്ല..

  തുടരുക..

  മറുപടിഇല്ലാതാക്കൂ
 4. പ്രിയപ്പെട്ട
  അജ്ഞാതന്‍
  ശ്രീ ബൈജു മണിയങ്കാല
  ശ്രീ അജിത്
  ശ്രീ മനോജ് കുമാര്‍

  വളരെ നന്ദി വായനകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും.

  മറുപടിഇല്ലാതാക്കൂ
 5. ആഴ്ചപ്പതിപ്പുകള്‍ വായിക്കാന്‍ കിട്ടാത്തതുകൊണ്ട് ആഴ്ച്ചപ്പാങ്ങില്‍ പ്രതിപാദിക്കുന്ന പൊതു വിഷയങ്ങളിലാണ്‌ താത്പര്യം. ഈ ലക്കവും നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 6. വളരെ നന്ദി ശ്രീ ജോസ് ലെറ്റ് മപ്രയില്‍

  മറുപടിഇല്ലാതാക്കൂ
 7. ആഴ്ചപ്പതിപ്പുകള്‍ വായിക്കുന്നില്ല... ലഭ്യമാകുന്നില്ല.
  ആഴ്ചപ്പാങ്ങ് വായിക്കുന്നു.. മാനസിയെ നേരത്തെ വായിച്ചിരുന്നു... ബ്ലോഗും വായിക്കാറുണ്ട്. എന്‍ പ്രഭാകരനേയും വായിച്ചിരുന്നു അവിടെ കമന്‍റ് എഴുതാറില്ല.
  ഇന്ദു മേനോനെ വായിക്കുമ്പോഴൊക്കെ സത്യമായും എനിക്ക് ഭയങ്കര ക്ഷീണമാകും. പിന്നെ പെട്ടെന്ന് മറ്റൊന്നും വായിക്കാന്‍ പറ്റില്ല... അവരുടെ എഴുത്തിനു വലിയ ഭാരമാണ്.. എന്‍റെ തല അത്രയൊന്നുമില്ല...

  മറുപടിഇല്ലാതാക്കൂ
 8. അപ്പന്‍ സാറിന്‍റെ ലേഖനങ്ങള്‍ കിട്ടുന്നതെല്ലാം വായിക്കാറുണ്ട്... എല്ലാം മനസ്സിലായോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെ പറയും. എന്നാലും വായിക്കും.. മനസ്സിലാക്കാന്‍ പരിശ്രമിക്കും.

  മറുപടിഇല്ലാതാക്കൂ
 9. ഇന്ദുമേനോന്‍റെ കഥ വായിച്ചു അറപ്പാണ് തോന്നിയത് .മാനസിയുടെ കഥയും വായിച്ചിരുന്നു ,ആഴ്ച്ചപ്പാങ്ങ് ശ്രദ്ധയോടെ വായിക്കാറുണ്ട് ,അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 10. സന്തോഷേട്ടാ, ആഴ്ചപ്പാങ്ങ് നന്നാകുന്നുണ്ട് ട്ടോ

  മറുപടിഇല്ലാതാക്കൂ
 11. പ്രിയപ്പെട്ട
  എച്ചുമിക്കുട്ടി: പരന്ന വായനയുണ്ടല്ലെ... കഴിയുന്നത്ര വായിക്കുക
  ശ്രീ അബ്ദുള്‍ ഖാദര്‍ നന്ദി

  ജയേഷ്: ടാ അനിയാ... നീ എവിടെയാണ്...

  മറുപടിഇല്ലാതാക്കൂ
 12. അഴ്ച്ചപ്പാങ്ങ് നല്ലൊരു വായനാനുഭവമാകുന്നു..

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.