പുസ്തകം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പുസ്തകം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020 മാർച്ച് 15, ഞായറാഴ്‌ച

മാമ ആഫ്രിക്ക: നീതിയുടെ അതീത യാഥാര്‍ത്ഥ്യങ്ങള്.

ആദിമ മനുഷ്യന്റെ വീട് ആഫ്രിക്കയാണെന്ന് നരവംശ ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. ആധുനിക മനുഷ്യന്റെ മുതു-മുത്തശ്ശനായ ഹോമോ സാപ്പിയന്‍സ് ജന്മമെടുക്കുന്നത് 2 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഫ്രിക്കയില്‍ നിന്നാണെന്നാണ് കരുതപ്പെടുന്നത്. ചാള്‍സ് ഡാര്‍വിന്റെ നീരീക്ഷണങ്ങള്‍ പ്രകാരം മാമ്മലുകളെന്ന ജീവി സഞ്ജയവുമായി മനുഷ്യനുണ്ടെന്നു കരുതുന്ന പൊതു സാദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ വാദങ്ങളെ ദൃഢപ്പെടുത്തുന്നു. നരവംശം ആരംഭിക്കുന്നത് ആഫ്രിക്കന്‍ മണ്ണില്‍ നിന്നാണെന്നത് ആധുനിക മനുഷ്യനെ സംബന്ധിച്ചിടത്തോളം വലിയ വൈകാരികമായ ഒരു കാര്യമല്ല. ആഫ്രിക്ക എന്ന രാജ്യത്തെ ഒരു വൈകാരികമായ ഇടമായി അടയാളപ്പെടുത്താന്‍ നമ്മള്‍ തയ്യാറായിട്ടുമില്ല. ആഫ്രിക്ക നമുക്ക് വന്യജീവികളുടെ നാടാണ്. പ്രാകൃതരായ മനുഷ്യരുടെ നാടാണ്. ഇപ്പോഴും ഉണ്ടെന്നു കരുതുന്ന നരഭോജികളുടെ നാടാണ്. അതിലപ്പുറം ആഫ്രിക്ക എന്നത് ആധുനിക രാഷ്ട്രങ്ങളെ സമ്പന്ധിച്ചിടത്തോളം ഇനിയും ഖനനം ചെയ്യപ്പെട്ടിട്ടില്ലാത്ത അളവില്ലാത്ത ഖനിജങ്ങളുടെ നാടാണ്. ഹിംസാത്മകമായ നീതിയെ കറുത്തവന്റെ സ്വത്വമായി ഉദ്‌ഘോഷിക്കപ്പെടുന്ന ഗോത്ര സംസ്‌കാരത്തിന്റെ നാടാണ്. മാനവികതയ്ക്ക് വളരാന്‍ ഇനിയും പാകപ്പെട്ടിട്ടില്ലാത്ത - പുരോഗമനാശയങ്ങള്‍ക്ക്, ഒരു സാമൂഹികരൂപികരണത്തിന് അവസരംകൊടുക്കാത്ത ഹിംസാത്മകമായ, വളരെ പാര്‍ട്രീയാര്‍ക്കലായ വ്യവസ്ഥിതിയുടെ നാടാണ്. സ്വേച്ഛാധിപതികളായ ഭരണാധികാരികള്‍ അപരിഷ്‌കൃതരായ ഗോത്രജനതയെ ഒറ്റുകൊടുത്തുകൊണ്ട് തങ്ങളുടെ മണ്ണിനടയിലെ അളവില്ലാത്ത ഖനിജങ്ങളെ പാശ്ചാത്യര്‍ക്ക് വിറ്റുവീര്‍ക്കുന്ന 'ചതി' അധികാര നീതിയാക്കിയവരുടെ നാട്. ഈദി അമീന്‍, റോബട്ട് മുഗാബെ, ഗദ്ദാഫി തുടങ്ങിയ ഫാസിസ്റ്റ് ഭരണാധികാരികളുടെ നാട്.
ടി.ഡി. രാമകൃഷ്ണന്‍ 'മാമ ആഫ്രിക്ക' എന്ന നോവലിലൂടെ പറയാന്‍ ശ്രമിക്കുന്ന കഥ ആഫ്രിക്കന്‍ ഗോത്രനീതിയും പുരോഗമന പ്രത്യയ ശാസ്ത്രങ്ങളും പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഉപാപചയങ്ങളുടെ കഥയാണ്. മാനവികതയും നീതിബോധവും ഹിംസാത്മകവുമായ ഒരു ജനതയുമായി എതിരിടുമ്പോള്‍ ഉണ്ടാകുന്ന ആശയസംഘര്‍ഷങ്ങളുടെ കഥയാണ്. വിക്ടോറിയന്‍ സദാചാര ബോധത്തെയും ഇന്ത്യപോലെയുള്ള സനാതന സാംസ്‌കാരിക ബോധത്തെയും ഉടച്ചുകളഞ്ഞുകൊണ്ട്, ചാരിത്ര്യമെന്ന പുരുഷകന്ദ്രീകൃതമായ ആശയത്തെ അവഗണിക്കുന്നതിലൂടെ അതീജീവനത്തിന്റെ വിപ്ലാവാത്കമായ ഒരു പാതയിലൂടെ സഞ്ചരിക്കുന്ന ഒരു അസാധാരണക്കാരിയായ താര വിശ്വനാഥന്‍ എന്ന കഥാപാത്രത്തെ മലയാളത്തിന് പരിചയപ്പെടുത്തുകയാണ് ടി.ഡി. രാമകൃഷ്ണന്‍ മാമ ആഫ്രിക്കയിലൂടെ.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാഥത്തില്‍ ബ്രീട്ടീഷ് ഈസ്റ്റ് ആഫ്രിക്ക കമ്പനി യുഗാണ്ടയുടെ മൊംബസ മുതല്‍ വിക്ടോറിയ തടാകം വരെ വലിയൊരു റയില്‍വെ ലൈന്‍ നിര്‍മ്മിക്കുന്നു. റയില്‍വെയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ഇന്ത്യക്കാര്‍ യുഗാണ്ടയിലേയ്ക്ക് കുടിയേറി പാര്‍ക്കുകയും ക്രമേണ അതില്‍ പലരും അവിടെതന്നെ സെറ്റില്‍ ചെയ്യുകയുമുണ്ടായി. കെനിയന്‍ റയില്‍വെയുടെ നിര്‍മ്മാണത്തിനു വേണ്ടി രാജ്യത്തു കുടിയേറിയ കമ്രേഡ് മി. പണിക്കരുടെ കൊച്ചുമകളാണ് പിന്നീട് ഇന്തൊ ആഫ്രിക്കന്‍ എഴുത്തുകാരിയായി അറിയപ്പെട്ട താരാ വിശ്വനാഥന്‍. 1971 ല്‍ പ്രസിഡണ്ട് മില്‍ട്ടണ്‍ ഒബോട്ടയെ ഒരു പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ച് ഈദി അമീന്‍ എന്ന സ്വേച്ഛാധിപതിയായ ഭരണാധികാരിയുടെ കാലത്ത് ഇന്ത്യന്‍ ന്യൂനപക്ഷ സമൂഹത്തെ നിരന്തരമായി വേട്ടയാടുകയും പലരെയും യുഗാണ്ട വിട്ട് മറ്റു പല രാജ്യങ്ങളിലേയ്ക്ക് നാടുകടത്തുകയുമൊക്കെയുണ്ടായി. പക്ഷെ ദുരൂഹമായ ചിലകാരണങ്ങള്‍കൊണ്ടോ, രാഷ്ട്രീയ കാരണങ്ങള്‍കൊണ്ടൊ താരയുടെ അച്ഛനായ കൊമ്രേഡ് വിശ്വനാഥനെ യുഗാണ്ടയില്‍ തന്നെ തുടരാന്‍ അനുവദിക്കുകയാണുണ്ടായത്. കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ള തന്റെ അച്ഛന്‍ സ്ഥാപിച്ച, പാന്‍ ആഫ്രിക്ക എന്ന ആശയത്തിനുവേണ്ടി രൂപം കൊടുത്ത ആഫ്രിക്കന്‍ 'ഉഹ്‌റു' എന്ന പ്രസ്ഥാനത്തിനുവേണ്ടി പിന്നീട് കമ്രേഡ് വിശ്വനാഥന് തന്റെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തുന്നു. പരപ്പനങ്ങാടിയില്‍ നിന്ന് ആഫ്രിക്കയിലെ ഹിംസാത്മകമായ ഗോത്രസംസ്‌കൃതിയുടെ മണ്ണില്‍ ജീവിക്കേണ്ടി വന്നപ്പോഴും മലയാളവും അതിന്റെ സംസ്‌കാരവും പരിപൂര്‍ണ്ണായി പിന്‍തുടര്‍ന്നുവന്നിരുന്ന കൊമ്രേഡ് വിശ്വനാഥപണിക്കര്‍ തന്റെ മകള്‍ താരയേയും ഒരു തനി മലയാളിയായി വളര്‍ത്തിക്കൊണ്ടുവന്നു. രാമായണവും ലളിതാ സഹസ്രനാമവും മനഃപാഠമാക്കിയ, തന്റെ മകള്‍ താരയ്്ക്ക് ആത്മീയതയും മാനവികതയും സന്നിവേശിപ്പിച്ചുകൊണ്ടുള്ള മഹത്തായ ഒരു പുരോഗമന പാതയാണ് വിശ്വനാഥന്‍ കാണിച്ചുകൊടുത്തത്. ലോകത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന അപചയങ്ങളുടെ മൂലകാരണം അത് ആത്മീയമായ മനുഷ്യപുരോഗതിയെ യാതൊരു വീണ്ടുവിചാരവുമില്ലാതെ നിരാകരിച്ചു എന്നതാണ് എന്നാണ് കൊമ്രേഡ് വിശ്വനാഥന്‍ കരുതുന്നത്. എന്നാല്‍, തന്റെ മകള്‍ താരാ വിശ്വനാഥിന് അഭിമുഖീകരിക്കേണ്ടി വന്നത് തന്റെ ഭാരതീയ നൈതിക ബോധവും, കറുത്തവന്റെ ഹിംസാത്മക നീതിബോധവും തമ്മിലുള്ള വലിയൊരു സംഘട്ടനം നിറഞ്ഞ ജീവിതാവസ്ഥകളാണ്. ശരീരത്തിന്റെ പരിശുദ്ധിക്ക് വലിയ വിലകൊടുക്കുന്ന ഭാരതീയ സങ്കല്‍പങ്ങളെ, തകര്‍ത്തെറിയേണ്ട ജീവിത സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന താര വിശ്വനാഥന്റെ എഴുത്തും ജീവിതവും സംഘര്‍ഷങ്ങളുമാണ് ഈ നോവലിന്റെ കാതല്‍. അതോടൊപ്പം ആഫ്രിക്കയെന്ന ഗോത്രസംസ്‌കൃതിയെ, അതിന്റെ നൈതികതയെ, പ്രശ്‌നവത്ക്കരിക്കുകയും ചെയ്യുന്നുണ്ട് ഈ നോവല്‍.

ടി.ഡി. രാമകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ നാളിതുവരെ കണ്ടിട്ടുള്ള രചനകളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഒരു നോവലാണ് മാമ ആഫ്രിക്ക എന്ന് തീര്‍ച്ചയായും നമുക്കു പറയാന്‍ കഴിയും. സംഘര്‍ഷങ്ങളും, ലൈംഗീകതയും, ചരിത്രവും, മിത്തും ഇടകലര്‍ന്നുകൊണ്ടുള്ള ഭ്രമാത്മക തലം ടി.ഡി.രാമകൃഷ്ണന്‍ മറ്റെല്ലാ നോവലുകളിലുമെന്നപോലെ ഈ നോവലിലും കാണാമെങ്കിലും ഈ നോവല്‍ മുന്നോട്ടു വയ്ക്കുന്ന വളരെ വിശാലമായ രാഷ്ട്രീയചിന്ത വളരെ ചലനാത്മകമായ ഒന്നാണ്. ആത്മീയവും ഭൗതികവും പ്രത്യയശാസ്ത്രപരവുമായ മാനവിക പുരോഗമനാശയങ്ങളുടെ വലിയ ചിന്താപദ്ധതികളെ വായനക്കാനില്‍ ചലനാത്മകമാക്കാന്‍ ഈ നോവലിനു കഴിയുന്നുണ്ട്. അതിലൊന്നാണ് കറുത്തവന്റെയും വെളുത്തവന്റെയും രാഷ്ട്രീയ വീക്ഷണങ്ങളെകുറിച്ചുള്ള വ്യവസ്ഥാപിത സങ്കല്‍പനങ്ങള്‍. ഈദി അമീന്‍ എന്ന സ്വേച്ഛാധിപതിയായ പട്ടാള ഭരണാധികാരിയുടെതടക്കം മറ്റു പലരുടെയും ലൈംഗീക അതിക്രമങ്ങള്‍ക്ക് താര വിശ്വനാഥ് ഇരയാകുന്നുണ്ട്. ആഫ്രിക്കയുടെ നൈതികബോധവും താരയുടെ ഭാരതീയമായ നൈതികബോധവും തമ്മില്‍ വലിയൊരു സംഘട്ടനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് ഈ നോവലില്‍. ആഫ്രിക്കയെന്ന ഗോത്ര സംസ്‌കൃതിയില്‍ കമ്മ്യൂണിസത്തിന് സംഭവിക്കുന്ന അപചയങ്ങളുടെ യഥാര്‍ത്ഥ കാര്യകാരണങ്ങളും, ഈ ജനത വംശീയമായി വിഭജിക്കപ്പെട്ട് തുടരുന്നതിന്റെയും, പാശ്ചാത്യരുടെ മനോഭാവങ്ങളുടെയും ബഹുമുഖമായ പ്രശ്‌നങ്ങളും ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നു.

താരയുടെ മനസ്സില്‍ രൂപപ്പെടുന്ന ഒരു ദൈവസങ്കല്‍പമാണ് 'മാമാ ആഫ്രിക്ക'. ഓരോ മനുഷ്യനിലും ഇതുപോലുള്ള ചില ദൈവസങ്കല്‍പങ്ങളുമായി നിരന്തരമായ ആത്മസംവാദങ്ങള്‍ നടക്കുന്നുണ്ടാവാം. ഉള്ളിലെ ഈ ആത്മീയ അനുഭൂതിയുടെ വെള്ളിവെളിച്ചത്തില്‍ രൂപപ്പെടുന്ന നൈതിക ബോധത്തിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യന്‍ മുന്നോട്ടു നടക്കുന്നത്. പക്ഷെ താരയുടെ ജീവിതത്തിന്റെ ഏതോ ഘട്ടത്തില്‍, താരയുടെ മനസ്സില്‍ നിന്ന് മാമാ ആഫ്രിക്ക അപ്രത്യക്ഷമാകുന്നു. നിയതിയുടെ നൈതികബോധത്തെ വലിയൊരു ചോദ്യചിഹ്നമാക്കുന്ന ജീവിത സന്ദര്‍ഭങ്ങള്‍ താരയുടെ ജീവിതത്തില്‍ വന്നുചേരുകയും ചെയ്യുന്നു. തന്റെ ചാരിത്ര്യവും ശരീരത്തിന്റെ വിശുദ്ധി എന്ന മിഥ്യാബോധവും അതിജീവനത്തിനുവേണ്ടി നഷ്ടപ്പെടുത്തേണ്ടിവന്നപ്പോള്‍ താരാ വിശ്വനാഥ് എന്ന ഇന്തോ-ആഫ്രിക്കന്‍ യുവതിയുടെ ജീവിതം കൂടുതല്‍ വിപ്ലവാത്മകവും സംഘര്‍ഷഭരിതവുമായിത്തീരുന്നു. ഒരുപക്ഷെ ജീവിതത്തിന്റെ ഏതൊക്കെയൊ ഘട്ടത്തില്‍ വിക്ടോറിയന്‍ സാദാചാര ബോധത്തിലൂന്നിയുള്ള നേരിട്ടുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടവളായി മാറേണ്ടിയിരുന്ന താരയാണ് അഹിംസയും സ്‌നേഹവും ആഗ്രഹിച്ചുകൊണ്ട് ബഹുദൂരം മുന്നോട്ടുതന്നെ പോകുകയും, പിന്നീട് ലോകമറിയുന്ന വലിയൊരു എഴുത്തുകാരിയായി മാറുകയും ചെയ്യുന്നത്! ശരീരത്തിന്റെ വിശുദ്ധിയെക്കാള്‍ അഹിംസയ്ക്കുവേണ്ടിയുള്ള സ്വാത്മ സമര്‍പ്പണമായിരുന്നു താരയുടെ ജീവിതം.

ആഫ്രിക്കയുടെ ചരിത്രവും വര്‍ത്തമാനവുമാണ് ഈ നോവല്‍. താരാ വിശ്വനാഥിന്റെ സമാഹരിക്കപ്പെട്ട ഏതാനും രചനകളിലൂടെ ഇതല്‍വിരിയുന്നതാണ് ഈ നോവലിലെ സംഭവങ്ങള്‍. അപരമായ കാഴ്ചച്ചപ്പാടുകളിലൂടെ സാഹിത്യത്തിലും രാഷ്ട്രീയത്തിലും ഊന്നിയ വ്യത്യസ്തവും സ്‌ഫോടനാത്മകവുമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ താരാവിശ്വനാഥ് എന്ന കഥാപാത്രത്തിലൂടെ കഴിയുന്നുണ്ട്. അത് അങ്ങേയറ്റം കണ്‍വിന്‍സിങ്ങായി അവതരിപ്പിക്കുന്നു എ്ന്നതിലാണ് ടി.ഡി. രാമകൃഷ്ണന്‍ എ്ന്ന അതുല്യ എഴുത്തുകാരന്റെ മാന്ത്രികത! താരയുടെ ബിറ്റ്വീന്‍ ബ്ലാക്ക് ആന്റ് വൈറ്റ് എന്ന ആത്മകഥയെ ആധാരമാക്കി ഒളീവിയ നാക്കിമേര, താരയുമായി നടത്തുന്ന ഇന്റര്‍വ്യു വായനക്കാരനെ ഭാവനയുടെ അതീത യാഥാര്‍ത്ഥ്യത്തിലേയ്ക്ക് നയിക്കുന്നു.

അപാരമായ വായനാക്ഷമതയാണ് ഈ നോവലിന്റെ മറ്റൊരു പ്രധാന പ്രത്യേകത. ടി.ഡി. രാമകൃഷ്ണന്റെ മറ്റേതൊരു നോവലിനെക്കാളും റീഡബിലിറ്റി ഈ നോവലില്‍ വളരെ അപാരമാണ്. 432 പേജുള്ള ഈ നോവല്‍ വായിച്ചു കഴിയുമ്പോള്‍ ഓരോ വായനക്കാരനും ആശയങ്ങളുടെ, ചിന്തകളുടെ, വൈകാരികതയുടെ വളരെ സംഘര്‍ഷഭരിതമായ ലോകംചുറ്റി തിരിച്ചെത്തുകയാണ് ചെയ്യുന്നത്.

മലായള നോവല്‍ സാഹിത്യത്തില്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത പുതുവഴികളിലൂടെതന്നെയാണ് ടി.ഡി. രാമകൃഷ്ണന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ടി.ഡി. രാമകൃഷ്ണന്‍ ഓരോ നോവല്‍ എഴുതിക്കഴിയുമ്പോഴും അടുത്ത നോവലില്‍ ഇയ്യാള്‍ എന്തത്ഭുതമായിരിക്കും കാണിക്കാന്‍ പോകുന്നത്.... ഇതോടെ ഈ മാജിക്ക് അവസാനിക്കുമൊ? എന്ന് കരുതുമ്പോഴാണ് മറ്റൊരു വെടിക്കെട്ട് നോവലുമായി ടി.ഡി. രാമകൃഷ്ണന്‍ നമ്മളെ വിസ്മയിപ്പിക്കുന്നത്. ഫ്രാന്‍സിസ് ഇട്ടിക്കോരയ്ക്കും ആണ്ടാള്‍ ദേവനായകിക്കും ശേഷം ടി.ഡി. രാമകൃഷ്ണന്‍ വായനക്കാരനെ വീണ്ടും വിസ്മയിപ്പിക്കുകയാണ്. പുതിയ എന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കാലഘട്ടത്തില്‍ ചരിത്രവും, വിജ്ഞാനവും, മിത്തുകളുമൊക്കെ ആര്‍ക്കും പ്രാപ്യമായ സംഗതിയാണ്. നമ്മുടെ കൈയ്യിലെ ഇന്റര്‍നെറ്റുതന്നെയാണ് ടി.ഡി. രാമകൃഷ്ണന്റെ കമ്പ്യൂട്ടറിലുമുള്ളത്. നമ്മള്‍ മനസ്സിലാക്കിയ ചരിത്രവും വര്‍ത്തമാനവും തന്നെയാണ് ടി.ഡി. രാമകൃഷ്ണനും മനസ്സിലാക്കി വെച്ചിരിക്കുന്നത്. പക്ഷെ ടി.ഡി. രാമകൃഷ്ണന്‍ ചരിത്രത്തെയും വര്‍ത്തമാനത്തെയും മിത്തുകളെയും പുനരാവിഷ്‌ക്കരിക്കുമ്പോള്‍ മലയാളം നാളിതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് വെറിട്ടൊരു വായനയ്ക്കുള്ള വിഭവമായി മാറുന്നു. എഴുപതുകളുടെ ചോറുതിന്നു വീര്‍ക്കുന്ന കാല്‍പ്പനിക നോവല്‍ സങ്കല്‍പ്പനങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് ആര്‍ക്കും അത്ര എളുപ്പത്തില്‍ നടക്കാന്‍ സാധിക്കാത്ത വളരെ മാരകമായ ഒരു സര്‍ഗ്ഗാത്മക നോവലെഴുത്തിന്റെ ദിശാസൂചിയായി മാറുന്നു, ടി.ഡി. രാമകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ എഴുത്തിന്റെ വഴി.


മാമ ആഫ്രിക്ക
ടി.ഡി. രാമകൃഷ്ണന്‍
ഡി.സി. ബുക്‌സ്, കോട്ടയം
432 പേജ്
430 ക.

2020 ജനുവരി 22, ബുധനാഴ്‌ച

സൂസന്നയുടെ പുസ്തകച്ചിത

ഒരു പ്രഭാഷണത്തില്‍ സജയ് കെ.വി. പറഞ്ഞു 'വായിക്കുക-വലിയൊരു വായനക്കാരനാകുക-'വായനക്കാരന്‍' ഒരു വലിയ പദവിയാണ്'.
എനിക്ക് ഓരോ വായനയും ഓരോ സഞ്ചാരങ്ങളാണ്. ലഗേജുകളുടെ ഭാരമില്ലാതെ, കര്‍മ്മബന്ധങ്ങളുടെ കെട്ടുപാടുകളില്ലാതെ അവനൊ അവളൊ ഇല്ലാതെ, ഉപാസനകളും അനുഷ്ഠാനങ്ങളുമില്ലാതെ അവനവനിലേയ്ക്കുതന്നെയുള്ള ഒരു തീര്‍ത്ഥയാത്ര. സംഘര്‍ഷങ്ങളും സംവാദങ്ങളും ഉന്മാദങ്ങളുമല്ലാതെ വേറൊന്നുമില്ല കൂട്ടിന്.
വായിക്കാതിരിക്കുമ്പോള്‍ ജീവിതം ചലന രഹിതമായി തോന്നുന്നു. വായനയുടെ പാരമ്യത്തിലെത്തുമ്പോള്‍ വായന ഒരു ദുശ്ശീലംകൂടിയായി മാറുന്നു.
മലയുടെ മസ്തകത്തില്‍ നിന്ന് മഴയുടെ നീരൊഴുക്കിനൊപ്പം യാത്ര പുറപ്പെട്ട ഒരു കല്ല് നദിയിലെത്തുകയും, ഒഴുക്കിലുരഞ്ഞുകൊണ്ട് സമുദ്രത്തിലെത്തുകയും ചെയ്യുമ്പോള്‍ 'കല്ലുടലി'ന് ഉണ്ടാകുന്ന മിനുസമുണ്ടല്ലൊ.... അതാണ് വായനയുടെ ഏക നേട്ടം. ഏതു ജീവിത സംഘാതങ്ങളിലും ഒരൊഴുക്കുതടിപോലെ സ്വയം നിന്നുകൊടുക്കാനുള്ള ആത്മീയ ശക്തി.... മഹാമലയുടെ നിസ്സംഗത, നദിയുടെ നൈരന്തര്യം, ഒരുവാക്കുപോലും എഴുതിയില്ലെങ്കിലും എന്തിനോവേണ്ടി തിളയ്ക്കാതെ ശാന്തമായി ഉറങ്ങുന്ന ഷെല്‍ഫിലെ ഒരു പുസ്തകം പോലെ ഉറങ്ങാനുള്ള ആത്മീയ ശക്തി. അതിനപ്പുറം.... അതിലപ്പുറം ഒന്നുമില്ല. ഒരു വായനക്കാരന്‍ ഇതില്‍ക്കൂടുതല്‍ ഒന്നും ആഗ്രഹിക്കരുത്. പുസ്തകങ്ങള്‍ ലോകത്തെ വെട്ടിപ്പിടിക്കാനുള്ളതല്ല. അത് അവനവനെ അറിയാനുള്ളതാണ്.... അവനവനിലൂടെ ലോകത്തെ വെറുതെ കാണാനും....
ഓരോ വായനയും ജീവിക്കലാണ്. വായന ഒരു ജീവിത നിയോഗമാണ്.
അജയ് പി മങ്ങാട്ടിന്റെ 'സൂസന്നയുടെ ഗ്രന്ഥപ്പുര' എന്ന നോവല്‍ ഒരു ഭീകര വായക്കാരനായ നോവലിസ്റ്റിന്റെ കേവല ഉന്മാദങ്ങള്‍ മാത്രമാണ്. ഒരു ഉന്മാദിയായ വായനക്കാരന്റെ സ്വപ്‌നാടനങ്ങളെ, ഭ്രമാത്മകതകളെ, ഇളവെയിലിലെ നിഴല്‍ വഴികളെ, വിസ്മൃതിയില്‍ നിന്ന് വല്ലപ്പോഴുമൊക്കെ കയറിവരുന്ന നിഴല്‍നാടകങ്ങളെ, പലതുമായി കുഴമറിഞ്ഞ് മറ്റൊന്നായി വന്നു മുന്നില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളെ, ആര് സൃഷ്ടിച്ചെന്നും; ഇതിന്റെ പിതാവാരെന്നുമറിയാതെ ഭൂതകാലം നഷ്ടപ്പെട്ട നൂറുകണക്കിന് കഥാപാത്രങ്ങളെ ഒരു നോവലില്‍ പിടിച്ചുവയ്ക്കുകമാത്രമാണ് അജയ് പി. മങ്ങാട് ചെയ്തത്.
നോവല്‍ സാഹിത്യത്തെക്കുറിച്ചുള്ള രൂഢമൂലമായ ലാവണ്യബോധവുമായി ഈ നോവലിനെ ഒരിക്കലും ആരും സമീപിക്കാതിരിക്കുക. എഴുത്തിന്റെയും ആവിഷ്‌ക്കാരത്തിന്റെയും വ്യവസ്ഥാപിത രീതികളില്‍ നിന്ന് വഴിമാറി സഞ്ചിരിക്കുന്ന ഒരു കൃതിയാണിത്. ഇതിന് കാലമൊ, ഇതിവൃത്തമൊ, സഞ്ചാര പഥങ്ങളൊ ഇല്ല. ഉള്ളത് എഴുത്തുകാരന്‍ സൃഷ്ടിച്ചതും വായനാവഴിയില്‍ പലപ്പോഴായി കണ്ടുമുട്ടിയതുമായ കഥാപാത്രങ്ങളും കുറേ വിസ്മയങ്ങളും, അതിലധികം കുഴമറിഞ്ഞ ഉന്മാദങ്ങളും മാത്രമാണ്. ഉന്മാദത്തിന്റെ സെപിയ ചിത്രങ്ങളില്‍ നിറയെ കാടും മലകളും ചുരങ്ങളും മാത്രം. എല്ലാ കഥാപാത്രങ്ങളും ഭീകര വായനക്കാരാണ്! എല്ലാവരുടെ കണ്ണിലും ഏകാന്തതകളുടെ ആഴങ്ങളില്‍ കാണുന്ന ധൈഷണിക നീലിമയുണ്ട്.
അലി, സൂസന്ന, അഭി, അമുദ, നീലകണ്ഠന്‍ പരമാര, കാര്‍മേഖം, പശുപതി, സരസ, വെള്ളത്തൂവല്‍ ചന്ദ്രന്‍, ജല, ആറുമുഖന്‍ എന്നിവരൊക്കെ അജയ് മങ്ങാടിന്റെ സൃഷ്ടികളായി കരുതാനാവില്ല. വായനാവഴിയില്‍ ലഹരി മുത്ത് 'പാമ്പായി' കിടന്നപ്പോള്‍ അനുവാദം പോലും ചോദിക്കാതെ, മനസ്സിലേയ്ക്ക് ഇറങ്ങിവന്ന ഉപബോധലോകത്തിലെ മനുഷ്യരാണ്. ഈ കഥാപാത്രങ്ങള്‍ക്ക് അജയ് പി. മങ്ങാട്ട് എന്ന പ്രതാധിപനായ, വജ്ര-അമേയ, എന്നീ പെണ്‍മക്കളുടെ പിതാവുമായൊ ഒരു ബന്ധവുമില്ല. അജയ് പി. മങ്ങാട്ട് എന്ന ഉന്മാദിയായ വാനക്കാന്‍ ഒരു ദിവസം തന്റെ വായനോന്മാദങ്ങളുടെ ബോധരൂപങ്ങള്‍ക്ക് അക്ഷരച്ചിറകുകൊടുത്തു; അത്രമാത്രം. അതുകൊണ്ടുതന്നെ ഈ പുസ്തകം വായനയുടെ വഴിയില്‍ സഞ്ചരിക്കുന്നവരുടെ പുസ്തകമാണ്.
അയ്യായിരത്തില്‍പരം പുസ്തകങ്ങള്‍ കത്തിച്ചു കളയുന്ന സൂസന്ന ഉന്മാദിയായ അനുവാചകനെ ഒട്ടും ഞെട്ടിക്കുന്നില്ല. സൂസന്ന ഒരുക്കിയ പുസ്തകച്ചിത സത്യത്തില്‍ ഒരോ വായനക്കാരന്റെയും മനസ്സിലുണ്ട്. ഓരോ വായനക്കാരനും സ്വയം ദഹിക്കുന്നത് അവനവന്റെ അക്ഷരച്ചിതയിലാണ്.
'ഓര്‍മ്മ' ഓരോ വായനക്കാന്റെയും സെമിത്തേരിയാണ്. ഓരോ കല്ലറകള്‍ക്കു മുകളിലും കുരിശടികളില്‍ ഇങ്ങിനെ എഴുതിവെച്ചിരിക്കും കാഫ്ക, ദസ്തയേവ്‌സ്‌കി, അര്‍തര്‍ കോനന്‍, ഡോയല്‍, ബോര്‍ഹസ്, റില്‍കെ, നെരൂദ, തകഴി, കാരൂര്‍, എ.ടി. വാസുദേവന്‍, ആനന്ദ്... അങ്ങിനെ അങ്ങിനെ...
ഓരോ വായനാന്ത്യവും പൊട്ടിയ അമിട്ടു കുറ്റിയുടെ അവശിഷ്ടങ്ങളും, പൊഴിഞ്ഞുവീണ ഷൂക്കിയും വളപ്പൊട്ടുകളും പെറുക്കിയെടുക്കാനായി വിശാലമായിക്കിടക്കുന്ന, പൂരംകഴിഞ്ഞ പൂരപ്പറമ്പാണ്.
രണ്ടു കണ്ണുകള്‍ അസ്തമിക്കുന്നതോടെ വായനക്കാരന്‍ മരിക്കുന്നു. അക്ഷരങ്ങള്‍ ഒരുക്കിയ ചിതയില്‍ അവന്‍ സ്വയം ഒരുപിടി ചാരമാകുന്നു.
സൂസന്ന എനിക്ക് ഒരു കഥാപാത്രമല്ല...
അവള്‍ ഞാനാണ്...
ഞാനാണ്...
അവളുടെ ഗ്രന്ഥപ്പുര എന്റെയും ചിതയാണ്....

2017 മാർച്ച് 28, ചൊവ്വാഴ്ച

ഉന്മാദത്തിന്റെ ഒരു വിചിത്ര പുസ്തകം

നോവലെഴുത്തിന്റെ കാലവും ഭാവിയും മാറിക്കൊണ്ടിരിക്കാം. പക്ഷേ അതിന്റെ അഴകളവുകളിപ്പോള്‍ എഴുത്തുകാരനെക്കാള്‍ വായനക്കാരനാണ് നിശ്ചയം! രചനയുടെ ദിശാസൂചിയെക്കാള്‍ വായനയുടെ ദിശാസൂചിയാണ് അവന്‍ ഓരോ പുസ്തകം അടച്ചുവയ്ക്കുമ്പോഴും സ്വയം തേടുന്നത്. ഇതല്ല വേറൊന്നാണ് ഇനിവേണ്ടത് എന്ന ദൃഢനിശ്ചയത്തോടെ നിലവിലുള്ള വിഗ്രഹങ്ങളെ അവന്‍ എറിഞ്ഞുടയ്ക്കുന്നു. നോവല്‍ വരയ്ക്കുന്ന സ്ഥലഭാവനകളില്‍ ഞാനെവിടെയാണെന്ന് ഓരോ വായനക്കാരനും വരികള്‍ക്കിടയിലൂടെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു. ഞാന്‍ അഭിമുഖീകരിക്കുന്ന ഈ കാലത്തെ, അകപ്പെട്ടിരിക്കുന്ന ഈ ജീവിതത്തെ, അതിന്റെ സമസ്യകളെ അവന്‍ വായിക്കുന്ന പുസ്തകത്തില്‍ കണ്ടെത്താന്‍ ശ്രമിക്കും. അതിലൂടെ കാല്പനികമായ സംവേദന ശീലങ്ങളെ തകര്‍ത്തുകളയാനുള്ള ശ്രമമാണ് വായനക്കാരന്‍ നടത്തുന്നത്. പക്ഷേ ചില വായനകള്‍ അവനവനിലെ നഷ്ടപ്പെട്ട ഭാവനയുടെ ലോകത്തെ, ഉന്മാദത്തെ, അകളങ്കമായ അസംബന്ധ സ്വപ്‌നങ്ങളെ, ലക്കും ലഗാനവുമില്ലാത്തെ മാനസ സഞ്ചാരങ്ങളെ തിരിച്ചുപിടിക്കാനുള്ളതാണ്.
ആധുനകതയ്ക്കു ശേഷം ചെറുകഥയുടെ അലകും പിടിയും മാറിയപ്പോള്‍ മാരകമായ രാഷ്ട്രീയ പരിത:സ്ഥിതികളോട് ശക്തമായി പ്രതികരിക്കുന്ന കഥകളെഴുതി ശ്രദ്ധ നേടിയ ഇന്ദു മേനോന്‍ ആദ്യമായെഴുതിയ നോവലാണ് ‘കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം’. ഇന്ദു മേനോന്‍ കപ്പലിനെക്കുറിച്ച് എഴുതിയ ഈ പുസ്തകത്തിനെ ‘വിചിത്ര’ പുസ്തകം എന്നുതന്നെയാണ് അവര്‍ വിശേഷിപ്പിക്കുന്നത്. തീര്‍ച്ചയായും ഇതൊരു ‘ചരിത്ര’ പുസ്തകം അല്ല. പൂര്‍ണമായി ഭാവനയുടെയും, ഉന്മാദത്തിന്റെയും ലക്കും ലഗാനവുമില്ലാത്ത ഒഴുക്കിനൊപ്പം ഇന്ദു മേനോന്‍ ഒഴുകിപ്പോവുകയാണ്. മാരിക്കൊ ദ്വീപിനടുത്തുള്ള കടല്‍ശ്മശാനത്തില്‍ ‘മുങ്ങിച്ചത്ത’ ജനറല്‍ ആല്‍ബെര്‍ട്ടൊ മേയര്‍ എന്ന ഒരു നിധിക്കപ്പലിനെ അന്വേഷിച്ചുപോകുന്ന കൃഷ്ണചന്ദ്രന്റെയും, ജീവിതവും പ്രണയവും രക്തബന്ധങ്ങളും മറന്ന് ധനാസക്തികളില്‍ മയങ്ങി കടല്‍ കാത്തുവച്ച ചെങ്കുഴിയില്‍ മുങ്ങിമരിച്ചവരുടെയും, ജന്മാന്തരങ്ങളോളം പ്രണയത്തിന്റെ അമൃതം തേടി അലയുന്നവരുടെയും കഥയാണ് ഈ നോവല്‍. രതിയുടെ വന്യമായ ആഘോഷങ്ങള്‍കൊണ്ട് നോവലെഴുത്തെന്ന കലയില്‍, ഭാവനയുടെ സകലമാന സാധ്യതകളേയും ചൂഷണം ചെയ്യാന്‍ ഇന്ദു മേനോന്‍ ‘മരിച്ചു’ പണിയെടുക്കുന്നുണ്ട് ഈ നോവലില്‍.
സ്ത്രീയുടേതുപോലെത്തന്നെ, പുരുഷന്റെ രതിയെയും അവന്റെ അടങ്ങാത്ത ആത്മകാമനകളെയും അനാവരണം ചെയ്യാന്‍ ഇന്ദു മേനോന്‍ തന്റെ ലിംഗ സ്വത്വത്തെ തകര്‍ത്തുകളയുകയും, പെണ്ണെന്നുള്ള നിലയില്‍ ഒരു എഴുത്തുകാരിയുടെ ജൈവീകമായ പരിമിതികളെ അതിലംഘിക്കുകയും ചെയ്യുന്നു. സ്ത്രീ പുരുഷ ബന്ധങ്ങളെ സര്‍പ്പകാമനകളുടെ ഭയാത്മകമായ മാരകവന്യതയാക്കി, വായനക്കാരനെ ഒരു മായിക തലത്തിലേക്ക് കൊണ്ടുപോകുന്നു.
ഭാവനയുടെ സെപിയാ ചിത്രങ്ങള്‍
ബാല്യകാലത്തെ ചില ഏകാന്തതയില്‍, ആകാശത്ത് തിങ്ങിക്കൂടി നില്‍ക്കുന്ന വെളുത്ത മേഘങ്ങളില്‍ നോക്കിനില്‍ക്കവെ, അതു പതുക്കെ ഭീമാകാരന്മാരായ വെളുത്ത കുതിരകളും വെണ്ണക്കല്‍ കൊട്ടാരങ്ങളും മാലാഖമാരുമായി രൂപം മാറാറുണ്ട്. ഭാവനയുടെ ബാല്യകുതൂഹലങ്ങള്‍ കുട്ടിക്കാലം കഴിയുന്നതോടെ പലര്‍ക്കും എവിടെവച്ചോ നഷ്ടപ്പെടുന്നു. ദിവാസ്വപ്‌നങ്ങളില്‍ സ്വയം നഷ്ടപ്പെട്ടുപോയിരുന്ന ചില കാലങ്ങളില്‍ മനസ്സിന്റെ വെള്ളിത്തിരയില്‍ വന്നും പോയുമിരുന്ന ചില ചിത്രങ്ങള്‍; ആ ചിത്രങ്ങള്‍ പക്ഷേ ഇന്ദു മേനോന്‍ എന്ന എഴുത്തുകാരിയില്‍ സജീവമായിത്തന്നെ ഇന്നും നിലനില്‍ക്കുന്നു എന്നുവേണം കരുതാന്‍. ഒരു കുന്നോളം നിധി കയറ്റി, വളരെ ദൂരെ മാരിക്കൊ ദ്വീപിനടുത്തുള്ള കടലിലെ ഒരു ചെക്കുത്താന്‍ ചെങ്കുഴിയില്‍ അകപ്പെട്ടുപോയ ജനറല്‍ ആല്‍ബെര്‍ട്ടോ മേയര്‍ എന്ന കപ്പല്‍ ഒരു മിത്തുപോലെ ഈ നോവലിന്റെ നെറുകയില്‍ നില്‍ക്കുന്നു. ഈ നോവലിലെ കപ്പല്‍, മരണത്തിന്റെ പ്രതീകമാണ്. ധനാസക്തിക്കു മുന്‍പില്‍ പ്രണയത്തെയും ജീവിതത്തെയും ബലികഴിക്കുന്നവര്‍, ജന്മപരമ്പരകളിലൂടെ ഈ കപ്പലിന്റെ ആകര്‍ഷണ വലയത്തിലൂടെ, കടലിലെ ചെക്കുത്താന്‍ ചെങ്കുഴിയില്‍ പതിക്കുന്നു. കടല്‍ അതിന്റെ കാണാക്കയങ്ങളും അജ്ഞാത ദ്വീപും മനുഷ്യരും കാലത്തിന്റെ മഞ്ഞക്കടലാസും ഓര്‍മക്കുറിപ്പുകളും രതിയുമൊക്കെ ഭാവനയുടെ മായക്കയങ്ങളില്‍ ചുറ്റിത്തിരിയുന്നു.
ഭാഷയുടെ കയ്യൊതുക്കംകൊണ്ട് രതിവര്‍ണനകളെ ഉദാത്തമായൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ എഴുത്തുകാരിക്കു കഴിയുന്നുണ്ട്. നോവലിന്റെ ആരംഭത്തില്‍ സരസ്വതി എന്ന കഥാപാത്രം മേപ്പാങ്കുന്നിന്റെ നെറുകയിലെ ഒരു പൊന്തക്കാട്ടില്‍ സ്വന്തം അച്ഛന്‍ ചെറിയമ്മയെ അതിവന്യമായ രീതിയില്‍ വേഴ്ച നടത്തുന്നതു കാണുന്നു. പിന്നീട് രതിയുടെ ആഴക്കയങ്ങളില്‍ നിന്ന് അച്ഛന്‍ എഴുന്നേല്‍ക്കുന്നത് ഇണയെ കഴുത്തുഞെരിച്ചു കൊല്ലാനുള്ള തയ്യാറെടുപ്പുമായാണ്. വേഴ്ചയ്ക്കു ശേഷം ഇണയെ ഉന്മൂലനം ചെയ്യാനും മടിക്കാത്ത, മനുഷ്യന്റെ മൃഗീയവാസനകളുടെ മാരകമായ സാധ്യതകളെ അവതരിപ്പിച്ചുകൊണ്ട് നോവല്‍ വായനക്കാരനെ തുടക്കത്തില്‍ത്തന്നെ അമ്പരപ്പിക്കുന്നുണ്ട്.
ജലസ്ഥലികളുടെ പുതു ഭൂപടംതന്നെ ഈ നോവലിനുവേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഒരു സാധാരണ മനുഷ്യന്റെ മനോവ്യാപാരങ്ങള്‍ക്കപ്പുറം കടക്കുന്ന രതിയുടെയും പ്രണയപാപങ്ങളുടെയും ധാനാസക്തികളുടെയും ആഭിചാരങ്ങളുടെയും ഭ്രമാത്മകലോകം സൃഷ്ടിച്ചുകൊണ്ട് ഇന്ദു മേനോന്‍ ഭാവനയുടെ ആരും കാണാത്ത വഴികളിലൂടെ സഞ്ചരിക്കുന്നു. ജനറല്‍ ആല്‍ബര്‍ട്ടൊ മേയര്‍ എന്ന കപ്പല്‍ ഒരുപക്ഷേ നൈസര്‍ഗിക ഭാവനമാത്രം കൊണ്ട് സൃഷ്ടിക്കാവുന്ന ഒന്നല്ല. അത് ചെറുപ്പം മുതലേ കേട്ടു പരിചയിച്ച അപസര്‍പ്പകകഥകളും കടല്‍ എന്ന അപാരതയുമായി ബന്ധപ്പെട്ട നാവികരുടെ കഥകളില്‍നിന്നും മിത്തുകളില്‍ നിന്നും രൂപപ്പെടുത്തിയെടുത്ത ഒന്നാണ്. കപ്പലിന്റെ സാങ്കേതികമായ വിശദാംശങ്ങളിലേക്കൊന്നും എഴുത്തുകാരി പോകുന്നില്ല. ഭീമാകാരനായ ഒരു തടിക്കപ്പല്‍ എന്നേ പറയുന്നുള്ളു. അത് മാരിക്കൊ ദ്വീപിനടുത്തുള്ള കടലിലെ വാരിക്കുഴികള്‍ക്കരികെയെത്തുന്ന പല കപ്പല്‍ നാവികര്‍ക്കു മുന്‍പില്‍ കള്ളിയങ്കാട്ട് നീലിയെപ്പോലെ പ്രത്യക്ഷപ്പെടുന്ന ഒരു ചുടല യക്ഷിയാണ്. ഒരു മനുഷ്യന്റെ പ്രേതത്തിന്റെ എല്ലാ ഭാവങ്ങളുമോടെ ഒരു ‘കപ്പല്‍പ്രേത’ത്തെ എഴുത്തുകാരി സൃഷ്ടിക്കുന്നു. സ്വന്തം ഭാവനയെ ഒരു കാലിഡോസ്‌കോപ്പിലിട്ടുകൊണ്ട് ഒരു മായാപ്രപഞ്ചത്തെ സൃഷ്ടിക്കാനുള്ള യത്‌നമാണിത്. കുട്ടിക്കഥകളിലെ മന്ത്രവാദകഥകളില്‍ നിന്ന് വികസിപ്പിച്ചെടുത്ത, കഥാപാത്രങ്ങളായ പാസ്‌ക്വലും, ക്ലോദും, റെക്‌സുമൊക്കെ ഏതോ സ്‌പെഷ്യല്‍ എഫക്ട് സിനിമയില്‍ നിന്ന് ഇറങ്ങിവന്നവരായി മാത്രമേ തോന്നൂ. അതിരുകളില്ലാത്ത ഭാവനയില്‍, ഭാഷയുടെ അനന്ത സാധ്യതകളെ മുഴുവന്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ആദ്യ ഇരുനൂറു പേജുകള്‍ വായനക്കാരനെ വല്ലാതെ രസിപ്പിക്കുന്നുണ്ടെങ്കിലും രണ്ടാം പകുതി, കണ്ടുപരിചയിച്ച പ്രേതകഥകളിലെ കൃത്രിമ കഥാപാത്രങ്ങളെക്കൊണ്ട് നോവലില്‍ തെല്ല് മാലിന്യം നിറയുന്നുണ്ട്. എങ്കിലും വില്‍സ്മിത്ത് പ്രഭുവിനെപ്പോലെ ഒരു കഥാപാത്രത്തെ സൃഷ്ടിക്കാന്‍ ഇന്ദു മേനോനെ പോലെ ഒരെഴുത്തുകാരിക്കു മാത്രമേ കഴിയൂ എന്ന് വായനക്കാരനെകൊണ്ട് അംഗീകരിപ്പിക്കാനും ആകുന്നു! ‘പ്രേമത്തെക്കുറിച്ചൊരു വിചിത്ര പുസ്തകം’ എന്ന നാല്പതാമധ്യായം നിലാവുകൊണ്ട് മേഘങ്ങളിലെഴുതിയതാണെന്നേ തോന്നൂ.
ഭാവനയുടെ വിചിത്രലോകത്ത് ചുമരിലെ പെയിന്റടര്‍ന്ന ഭാഗത്തേക്ക് നോക്കിക്കൊണ്ടിരിക്കെ അത് കുതിരകളും ആള്‍ക്കൂട്ടവും ആനക്കൂട്ടവുമായി മാറിയിരുന്ന ബാല്യകൗതുകങ്ങള്‍ പിന്നീട് ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വളരുന്നു. അത് കാഴ്ചയുടെയും കേള്‍വിയുടെയും അനുഭവത്തിന്റെയും സങ്കലിതമായ ഉന്മാദത്തിലേക്ക് വളരുന്നു. പനിക്കിടക്കയിലെ മാനസിക വ്യാപാരങ്ങള്‍പോലെ, മനസ്സിന്റെ തിരശ്ശീലയില്‍ വലിയ വലിയ ബിഗ് ബഡ്ജറ്റ് ബ്രഹ്മാണ്ഡന്‍ ചലച്ചിത്രങ്ങള്‍ ഉടലെടുക്കുന്നു. ഇതൊക്കെ എഴുതിവയ്ക്കുക…. ഇതിനെയൊക്കെ ഭാഷയിലേക്കാവാഹിക്കുക അത്ര എളുപ്പമല്ല. അതിനുള്ള ശ്രമമാണ് ഇന്ദുമേനോന്‍ നടത്തുന്നത്. ഇന്ദു മേനോന്‍ പറയുന്നു: ”എന്റെ നട്ടപ്പിരാന്തുകള്‍, എന്റെ പ്രേമം, എന്റെ ഭയം, എന്റെ വിഷാദം, എന്റെ ഉന്മാദം, എന്റെ ഏകാന്തത എല്ലാംകൂടി കുഴമാന്തി ഇത് എന്റെ ഉള്ളിലെത്തുമ്പോള്‍ ഞാനല്ലാതെ മറ്റൊന്നും ഇതിലില്ലെന്ന് എനിക്കു മനസ്സിലാകുന്നു. ജനിച്ചും ജീവിച്ചും പ്രേമിച്ചും ഭ്രാന്തുണര്‍ന്നും അലഞ്ഞും വിശന്നും ചത്തും കൊന്നും ഞാന്‍ എന്നെ എഴുതിത്തീര്‍ത്ത പുസ്തകം. ഇത് എന്നെക്കുറിച്ചൊരു വിചിത്ര പുസ്തകമായിത്തന്നെ തീരുന്നു”.
(പേജ് 18, കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം)
സ്വപ്‌നങ്ങളില്‍ പൂണ്ടുപോയ നോവല്‍
പതിനാറാം നൂറ്റാണ്ടിലെങ്ങൊ ചാലിയം കോട്ടയുടെ മുഖപ്പില്‍ പണി ചെയ്യാന്‍ വന്ന ജുവാന്‍ ടെര്‍ച്ച്വല്‍ ഡിക്കോത്ത എന്ന എഞ്ചിനീയര്‍ വലിയപുരയ്ക്കല്‍ കുടുംബത്തിലെ കുഞ്ഞിത്തറുവായിക്കോയയെ കാണാന്‍ വന്നത് ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഭീമാകാരന്‍ കപ്പല്‍ നിര്‍മിക്കുന്നതിനുവേണ്ടിയാണ്. സൗദി അറേബ്യയിലെ രത്‌നവ്യാപാരി ഷെയ്ഖ് ഹൈദര്‍ ഹുസൈന്റെ നിര്‍ദേശപ്രകാരമാണ് ജുവാന്‍ കുഞ്ഞിത്തറുവായിക്കോയയെ കാണുന്നത്. കൊമറാഡോ എന്ന ദ്വീപില്‍ നിന്ന് കുഴിച്ചെടുക്കുന്ന സ്വര്‍ണ അയിര് നിറച്ചുകൊണ്ടുവരാന്‍ ഒരു ഭീമന്‍ കപ്പല്‍ വലിയപുരയ്ക്കലെ പാണ്ടികശാലയില്‍ വച്ചു പണിയണം. കലാപം നടത്തിയതിന്റെ പേരില്‍ കൊമറാഡോയിലേക്ക് നാടുകടത്തപ്പെട്ട ജുവാന്റെ അച്ഛന്‍ ടെക്ച്വര്‍ ഡിക്കോത്തയാണ് ഈ നിധി കണ്ടെത്തുന്നത്. ഈ സ്വര്‍ണ അയിരിന്റെ വലിയ ശേഖരം മുഴുവന്‍ എത്തിക്കേണ്ടിടത്തെത്തിച്ചുകൊണ്ട് അളവില്ലാത്ത സമ്പത്തിന്റെ ഉടമയാകാന്‍ നിശ്ചയിച്ച ജുവാന്റെ പദ്ധതിയില്‍ വലിയപുരയ്ക്കലെ വംശപരമ്പരയിലെ ജീവിതങ്ങളില്‍ പലതും ഹോമിക്കേണ്ടി വന്നു. ഭ്രാന്തുവന്നവര്‍ ആണിതറച്ചുകയറ്റുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങള്‍ ഈ കപ്പലിനുവേണ്ടി അറുത്തുമാറ്റപ്പെട്ടു. ഭ്രാന്തായ മരത്തിന്റെ പ്രേതങ്ങള്‍ അതോടെ ആ കപ്പലിന്റെ ഭാഗമായി. ഒരുന്മാദക്കപ്പല്‍ രൂപംകൊള്ളുകയായിരുന്നു. കൊമറാഡോയില്‍ നൂറുകണക്കിന് ഖനിത്തൊഴിലാളികളുടെ മരണത്തിനും ക്രൂരമായ കൊലപാതകങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും കൊടും ക്രൂരതകള്‍ക്കുമൊക്കെ സാക്ഷിയാകേണ്ടിവന്ന ജനറല്‍ ആല്‍ബര്‍ട്ടൊ മേയര്‍ എന്ന കപ്പല്‍ ഉന്മാദിയായ ഒരു മിത്തായി നോവലിനാകെ മായികമായ പ്രേതപ്രകാശം നല്‍കുന്നു. കുഞ്ഞിത്തറുവായിക്കോയയും ജുവാനും അയാളുടെ ഭാര്യ ആന്റനീറ്റയും അവരുടെ ജാരന്‍ കപ്പിത്താനായ രവിവര്‍മനുമടക്കം നാല്പത്തിരണ്ടുപേര്‍ ചെക്കുത്താന്‍ ചെങ്കുഴിയുടെ ആഴത്തിലേക്ക് പതിക്കുന്നു. ജനറല്‍ ആല്‍ബര്‍ട്ടൊ മേയര്‍ എന്ന കപ്പലിലെ നിധിതേടിപ്പോയ കുഞ്ഞിത്തറുവായിക്കോയ മുതല്‍ പ്രണയത്തിന്റെ അമൃതം തേടിപ്പോകുന്ന ഈ നോവലിലെ ഓരോ കഥാപാത്രവും പ്രണയ-പാപങ്ങളുടെ ചുഴിയില്‍ അകപ്പെട്ടുകൊണ്ട് മാരിക്കൊ ദ്വീപിലെ ‘മരണ നിഘണ്ടു’വില്‍ സ്വന്തം പേര് എഴുതിച്ചേര്‍ക്കുന്നു. പ്രണയ-പാപങ്ങളുടെ നിത്യസ്മാരകമായി, പ്രണയിക്കുന്നവരെ വേര്‍പെടുത്തുന്ന ശക്തികള്‍ക്കെതിരെ, ഉന്മാദിയായ ഒരു കൊടുംങ്കാറ്റായി ചെങ്കടല്‍ച്ചുഴിക്കു മുകളില്‍ കപ്പല്‍യാത്രക്കാരുടെ പേടിസ്വപ്‌നമായി ജനറല്‍ ആല്‍ബര്‍ട്ടൊ മേയര്‍ എന്ന കപ്പല്‍പ്രേതം മാറുകയാണ്. ജീവിതം എത്രമേല്‍ സുരക്ഷിതവും പ്രേമസുരഭിലവുമായിരുന്നിട്ടും വലിയപുരയ്ക്കലെ കുഞ്ഞിത്തറുവായിക്കോയയുടെ പിന്മുറക്കാര്‍ വീണ്ടും നിധിക്കപ്പലിന്റെ ഉള്‍വിളി കേള്‍ക്കാനാവാതെ ദുരന്തത്തിലേക്കുതന്നെ നടന്നടുക്കുന്നു. കുഞ്ഞിത്തറുവായിയുടെ വംശപരമ്പരയിലെ അവസാനത്തെ കണ്ണിയായ യുസുഫും ആല്‍ബര്‍ട്ടൊ മേയര്‍ എന്ന കപ്പലിലെ കടലില്‍ മുങ്ങിപ്പോയ നിധി കണ്ടെടുക്കുക എന്ന നിയോഗത്തിനു മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവാതെ, പ്രണയിച്ച പെണ്ണിനെ വരെ ത്യജിച്ചുകൊണ്ട് പോകാന്‍ തയ്യാറാകുന്നു. യാത്ര പുറപ്പെടും മുന്‍പുതന്നെ വിധിയുടെ ചെക്കുത്താന്‍ ചെങ്കുഴിയില്‍ യൂസുഫും പതിക്കുന്നു. കപ്പലിന്റെ അവകാശ രേഖകളും ഭൂപടങ്ങളും ദൗത്യവും സുഹൃത്തായ കൃഷ്ണചന്ദ്രനെ ഏല്‍പ്പിക്കുന്നു. ആല്‍ബര്‍ട്ടൊ മേയറിന്റെ കപ്പിത്താനായിരുന്ന രവിവര്‍മന്റെ പുനര്‍ജന്മമാണ് താനെന്ന് കൃഷ്ണചന്ദ്രന്‍ തിരിച്ചറിയുന്നു. പതിനാറാം നൂറ്റാണ്ടില്‍, ആല്‍ബര്‍ട്ടൊ മേയറിന്റെ കപ്പിത്താനായിരുന്ന രവിവര്‍മന്‍ കപ്പലുടമ ജുവാന്‍ ഡിക്കോത്തയുടെ ഭാര്യയായ ആന്റനീറ്റയുമായി പ്രണയത്തിലാകുന്നു. സ്ത്രീകളോട് ക്രൂരമായി പെരുമാറുന്ന കാമഭ്രാന്തനായ ജുവാനില്‍ നിന്ന് ഒളിച്ചോടി രവിവര്‍മനുമായി പ്രണയത്തിന്റെ കാണാക്കയങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്ന ആന്റനീറ്റയെയും രവിവര്‍മനെയും അതിക്രൂരമായി ജുവാന്‍ വധിക്കുന്നു. പ്രണയത്തിന്റെ അമൃതം തേടി ഉരുകുന്ന ആന്റനീറ്റ ജന്മാന്തരങ്ങള്‍ തോറും രവിവര്‍മനെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. നാലു തലമുറകള്‍ക്കിപ്പുറം കൃഷ്ണചന്ദ്രന്‍ എന്ന ചെറുപ്പക്കാരന്റെ നിയോഗവും പൂര്‍വജന്മ പ്രണയത്തിലേക്ക് സ്വയം നഷ്ടപ്പെടുക എന്നതായിരുന്നു.
സരസ്വതി, മിട്ടായി, ഏത്തല, ഉമ്മു, ഭാഗ്യലക്ഷ്മി, മിലി തുടങ്ങി മലയാള നോവലില്‍ ഇതുവരെ കാണാത്ത മായികമായ ഉന്മാദ സൗന്ദര്യത്തോടെ ഒരുപിടി സ്ത്രീകഥാപാത്രങ്ങള്‍ ഈ നോവലില്‍ നിറയുന്നുണ്ട്. സ്വ്പനങ്ങളുടേയും ഭാവനയുടേയും അതിപ്രസരത്തില്‍ പൊങ്ങുതടികളായി ഈ കഥാപാത്രങ്ങള്‍ ഒഴുകിനടക്കുന്നു എന്നു പറയുന്നതാവും കുറെക്കൂടി എളുപ്പം. മാരകമായ ഇവരുടെ രതിയും പ്രണയവും വിരഹവുമാണ് വായനക്കാരന് അനുഭൂതി പകരുന്ന ലവണവും ലാവണ്യവും. ഈ നോവലില്‍ നിന്ന് ഭാവനയുടെ സെപിയാ ചിത്രങ്ങളും രതിയുടെ വന്യതയും അര്‍ത്ഥകാമനകളുടെ അനിവാര്യ ദുരന്തങ്ങളും മാഞ്ഞുപോയാല്‍ ഒരുപക്ഷേ ഈ നോവല്‍ ശൂന്യതയുടെ വിചിത്ര പുസ്തകമായിപ്പോയേനെ.
ലിംഗസ്വത്വത്തിന്റെ പരകായപ്രവേശം
സ്വന്തം ലിംഗസ്വത്വത്തെ തമസ്‌കരിക്കുകയും ഒരു സ്ത്രീ എഴുത്തുകാരിക്ക് അസാധ്യമെന്നു തോന്നാവുന്ന പുരുഷ ലിംഗത്തിന്റെ ആസക്തിവിശേഷങ്ങളിലൂടെ പതറാതെ സഞ്ചരിക്കുകയും ചെയ്യുന്നുണ്ട് ഇന്ദു മേനോന്‍. പുരുഷപക്ഷ ലൈംഗികത ആവിഷ്‌കരിക്കുമ്പോള്‍ പ്രത്യേകിച്ചും. സ്ത്രീപുരുഷ വേഴ്ചകളുടെ മുകളിലെ മൂന്നാംകണ്ണായി എഴുത്തുകാരി നിലകൊള്ളുന്നു. നോക്കിനില്‍ക്കെ വന്യമായി അതിരുകള്‍ ഭേദിച്ചുപോകുന്ന ഒരനുഭവം. രതിയെ ഉദാത്തമായ അനുഭവമാക്കുന്നതില്‍ നോവലിനു മുതല്‍ക്കൂട്ടാവുന്നത് അതിന്റെ ഭാഷതന്നെയാണ്. അല്ലെങ്കില്‍ ത്രിലിംഗനായ വിന്‍സ്മിത്തിനെപോലൊരു കഥാപാത്രം മലയാള നോവല്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ തെറിക്കഥാപാത്രമായിപ്പോയേനേ. വിന്‍സ്മിത്തിന്റെ ലൈംഗിക സ്വത്വത്തെയും അപകര്‍ഷതാബോധത്തെയും ആസക്തി വിശേഷങ്ങളെയും പാളിപ്പോകാതെ എഴുതാനാകുന്നത് പുരുഷപക്ഷ ലൈംഗികതയുടെ ആഴവും പരപ്പും നോവലിസ്റ്റ് അത്രമേല്‍ സ്വായത്തമാക്കിയതുകൊണ്ടുമാത്രമാണ്. മൂന്ന് ലിംഗമുള്ള കഥാപാത്രം ഒരുപക്ഷേ നോവലിസ്റ്റ് ബോധപൂര്‍വം സൃഷ്ടിച്ചതാണ് എന്നുതന്നെ കരുതാവുന്നതാണ്. നാല്പതോളം സ്ത്രീകളെ കല്യാണം കഴിച്ചെങ്കിലും വിന്‍സ്മിത്ത് പ്രഭുവിന് ഭാര്യമാരില്‍ ഒരാളെപ്പോലും തൃപ്തിപ്പെടുത്താനാവാതെ എല്ലാ ആദ്യരാത്രികളും പരാജയപ്പെട്ടെങ്കിലും വൈദ്യോപദേശപ്രകാരം ഒരു വേശ്യയെ കല്യാണം കഴിക്കേണ്ടിവരുന്നു. പുരുഷന്റെ അമിതാസക്തികളുടെ ബലിക്കല്ലായി മാറാന്‍ ഉത്തമയായ പെണ്ണ് ഒരു വേശ്യയാണെന്ന് ഈ വിചിത്ര പുസ്തകം പറയുന്നു. മിലി എന്ന വേശ്യസ്ത്രീ നല്‍കുന്ന ആദരവില്‍ വിന്‍സ്മിത്തിന്റെ മൂന്നു ലിംഗങ്ങളും ലൈംഗികാവേശത്തിരയില്‍ അഭിമാനത്തോടെ ഉദ്ധരിക്കപ്പെടുന്നു. പുരുഷന്റെ ലൈംഗികമായ ആന്തരിക ജീവിതത്തെ അനാവരണം ചെയ്യാന്‍ നോവലിസ്റ്റ് അസാധരാണമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഒരശ്ലീലമായിപ്പോകാതെ കഥാഗതിയുമായി ഇതിനെ സമര്‍ത്ഥമായി ബന്ധിപ്പിക്കുന്നുണ്ട്.
കാല്പനികമായ രതിക്കാലത്തെ സര്‍പ്പരതിയുടെ വന്യതയിലേക്ക് കൊണ്ടുവരാന്‍ ഇന്ദു മേനോന്‍ ഉപയോഗിക്കുന്ന ഭാഷ അമ്പരപ്പിക്കുന്നതാണ്. ”കടല്‍ ശംഖുപോലെ തെളിവാര്‍ന്നതും അഴകാര്‍ന്നതുമായ അവളുടെ കഴുത്തില്‍ വിടര്‍ന്ന കാക്കപ്പുള്ളിക്കുമേല്‍ ഓരോ തവണ ചുണ്ടമര്‍ത്തുമ്പോഴും അയാള്‍ക്കു പൂത്തിലഞ്ഞിമണം കിട്ടി, മൃദുവുടലിന്റെ സുഖകരമായ പിടച്ചില്‍ കിട്ടി, അവയില്‍ ചെമ്പുനിറത്തില്‍ വളര്‍ന്നിരുന്ന കുട്ടിരോമങ്ങള്‍ ഉണര്‍ന്നെണീറ്റ് അയാളുടെ ശരീരത്തില്‍ ഇടയ്ക്കിടെ ഇട്ട ഇക്കിളിയും അയാള്‍ക്കു കിട്ടി. കഴുത്തായിരുന്നു അവളുടെ ശരീരത്തിലെ ഏറ്റവും ലജ്ജാകരമായ ഇടം. അവിടെ സ്പര്‍ശിക്കുന്ന മാത്രയില്‍ ജ്വരബാധിതയെപ്പോലെ അവള്‍ വിറച്ചു. മുലക്കണ്ണുകള്‍ അതിലജ്ജയാല്‍ കൂമ്പി. രോമങ്ങള്‍ ഭ്രാന്തിപ്പശുവെപ്പോലെ ചാടിയെണീറ്റ് കൊമ്പുയര്‍ത്തി. കണ്ണുകള്‍ പാതി പൂട്ടിയ കുടപോലെ അര്‍ദ്ധമയക്കമാണ്ടു. ചുണ്ടുകള്‍ അടിയിതള്‍ അലസമായി വിടര്‍ന്ന ചുവന്ന പനിനീര്‍മൊട്ടിനെപ്പോലെ, തുപ്പല്‍കുഴഞ്ഞ് നിലാവെട്ടത്ത് തിളങ്ങി. കറുത്തമുടി ഓരോ ചുരുളിലും രഹസ്യഗന്ധിയായ സുഗന്ധദ്രവ്യമൊളുപ്പിച്ചു വച്ചതുപോലെ കട്ടിലില്‍ പരന്നു കിടന്നു” (പേജ് 128, കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം). റെയില്‍വെ സ്റ്റേഷന്‍ മാസ്റ്ററും ഭാഗ്യലക്ഷ്മിയുമായുള്ള വേഴ്ചയുടെ രാത്രിയെ ഇരുട്ടിനെ മോഹനിലാവില്‍ കുഴച്ചുകൊണ്ട് പുതിയൊരു രതിക്കൂട്ടൊരുക്കുന്നു ഇന്ദു മേനോന്‍.
വിചിത്രമാകുന്ന നോവല്‍ ശില്‍പം
നിശ്ചിത വലിപ്പമുള്ള കാന്‍വാസില്‍ അളവൊപ്പിച്ചു വരയ്ക്കുന്ന ഒരു കൃതിയല്ല ഇന്ദു മേനോന്റെ ‘കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം’. നോവല്‍ സാഹിത്യത്തിന്റെ പുതുഭാവുകത്വങ്ങളെ പിന്തുടരുകയോ പൊളിച്ചടുക്കുകയോ ചെയ്യാതെ ഒരുന്മാദിയുടെ മാനസ സഞ്ചാരങ്ങളെ അതേപടി കുറിച്ചുവയ്ക്കുക എന്നതുമാത്രമാണ് തന്റെ ദൗത്യം എന്ന് ഇന്ദു മേനോന്‍ വിശ്വസിക്കുന്നു. വായനക്കാരന്‍ 423-ാം പേജില്‍ വച്ച് ആന്റനീറ്റയുടെയും രവിവര്‍മന്റെയും പ്രണയ സഞ്ചാരച്ചുഴിയില്‍ നിന്ന് ഉണരുക മാത്രമാണ് ചെയ്യുന്നത്. പക്ഷേ നോവല്‍ അവിടെ അവസാനിക്കുന്നില്ല. അത് ഒരുന്മാദരേഖയായി നീണ്ടുനീണ്ടുപോകുന്നു. എഴുത്തുകാരിയുടെ ഉന്മാദത്തിന്റെ ഒരു ചീന്ത് മാത്രമാണ് ഈ വിചിത്ര പുസ്തകം. അതുകൊണ്ടുതന്നെ ഈ നോവല്‍ അടുത്തകാലത്തിറങ്ങിയ നോവലുകള്‍ക്കൊപ്പം വയ്ക്കാനാവില്ല. നോവലിന്റെ പൊതുഭാവുകത്വങ്ങളുമായി ഇതിനെ കൂട്ടിക്കുഴയ്ക്കാനുമാകില്ല.

നോവല്‍ വര്‍ത്തമാനവും ഭാവിയും
ചരിത്രത്തിന്റെ പുറമ്പോക്കുഭൂമിയില്‍ പുല്ലു തിന്നു വളരുന്ന തടിച്ചുകൊഴുത്ത പശുവാണ് മലയാള നോവല്‍. ചരിത്രംതന്നെ വലിയൊരു ഫിക്ഷനായി നില്‍ക്കുമ്പോള്‍ നോവലെഴുത്ത് അനായാസമാകുന്നു എന്നൊരു ഗുണമുണ്ട്. തീയതികളും അക്കങ്ങളും നിരത്തി തടിച്ചുകൊഴുക്കുന്ന ചരിത്ര നോവലുകള്‍ (ഒധലളമറധഡടഫ എധഡളധമഭ) ചരിത്രത്തെ കൂടുതല്‍ ദുര്‍മ്മേദസ്സു നിറയ്ക്കുന്നുവെന്നല്ലാതെ പല നോവലുകളും വര്‍ത്തമാനത്തിന്റെ കെടുതികള്‍ക്കെതിരെ നിലവിളിക്കുന്നില്ല. ഫിക്ഷന്റെ സാധ്യതകളെ ചില എഴുത്തുകാര്‍ ഫലപ്രദമായി വനിയോഗിക്കുന്നുണ്ടെങ്കില്‍കൂടിയും ഹിസ്‌റ്റോറിക്കല്‍ ഫിക്ഷന്റെ ഇട്ടാവട്ടങ്ങളില്‍ പുല്ലു തിന്നുന്ന നോവലുകള്‍ നോവലെഴുത്തിന്റെ ദിശാസൂചികള്‍ക്കുമേല്‍ സ്വന്തം മുഖമുള്ള വാള്‍പോസ്റ്ററുകള്‍ പതിപ്പിച്ച് ശ്രദ്ധനേടുന്നു. നോവലെഴുത്തിനു മുന്നോടിയായി പഴയ പത്രക്കെട്ടുകള്‍ തപ്പിയെടുക്കാന്‍ ഇന്നത്തെ നോവലിസ്റ്റുകള്‍ തട്ടിന്‍പുറത്തു കയറുന്നു, ഗൂഗിള്‍ ചെയ്യുന്നു. നോവലെഴുത്ത് ചരിത്രവസ്തുതകള്‍ നിരത്തുന്ന, രൂപപരമായി പുതിയ സങ്കേതങ്ങള്‍ അവതരിപ്പിക്കുന്ന ഒന്നാണ് എന്ന സങ്കല്പങ്ങള്‍ ഇനിയും തകര്‍ക്കപ്പെടേണ്ടിയിരിക്കുന്നു. ഇതിനിടയ്ക്കാണ് ഭാവനയുടെയും ഉന്മാദത്തിന്റെയും തിരയെഴുത്തായി ഒരു നോവല്‍ ഇന്ദുമേനോന്‍ എഴുതുന്നത്. വൈയക്തിക ഭാവനാലോകത്തിന്റെ സ്വതന്ത്രമായ തുറന്നെഴുത്താണ് ഈ നോവല്‍. അതുകൊണ്ടുതന്നെ ഭാവനാരഹിതവും ചരിത്രവിരേചനവുമായ നോവലുകള്‍ക്കിടയ്ക്ക് ഈ ഉന്മാദിയായ എഴുത്തുകാരി സ്വന്തം ഭാവനയുടെ രാഷ്ട്രീയം അതിശക്തമായി ഉറപ്പിക്കുന്നുണ്ട് എന്നുതന്നെവേണം കരുതാന്‍.

ഉഷ്ണരാശി: എഴുതപ്പെടാതെ പോയ ജീവിതങ്ങളുടെ വീണ്ടെടുക്കല്‍


എഴുതപ്പെട്ട വിപ്ലവചരിത്രങ്ങളുടെ സ്ഥൂലമായ കമാനങ്ങളില്‍ വാര്‍ത്തുവെച്ച ചോരതുടിക്കുന്ന പേരുകള്‍ പുന്നപ്ര-വയലാര്‍ സമര ചരിത്രം പഠിക്കുന്നവര്‍ക്ക് പെട്ടെന്ന് കണ്ടെത്താനായേക്കും. പക്ഷെ പതിനായിരങ്ങളാണ് സര്‍ സി.പിയുടെ പട്ടാളത്തിനുനേരെ വാരിക്കുന്തങ്ങളുമായി പടവെട്ടിയത്. കീഴാളത്തൊഴിലാളികളുടെ അസ്ഥികളുറങ്ങിക്കിടക്കുന്ന മൊറാഴ, തലശ്ശേരി, മട്ടന്നൂര്‍, കയ്യൂര്‍, കൊച്ചി മുഴുക്കൈ, പുന്നപ്ര, കാട്ടൂര്‍, വയലാര്‍, ഒളതല, മേനാശേരി, കരിവെള്ളൂര്‍, കാവുമ്പായി, ഓഞ്ചിയം തുടങ്ങിയ ഗ്രാമങ്ങളുടെ മണ്ണിനടിയിലേക്ക് ഏതു ചരിത്രമാണ് ഇത്രമാത്രം ഉദ്ഘനനങ്ങള്‍ ചെയ്തിരിക്കുക?. രക്തംപുരണ്ട മണല്‍ത്തരികളുടെ സമരചരിത്രം കാലാന്തരത്തില്‍ സമരനേതാക്കളുടെ ഓര്‍മ്മപ്പുസ്തകങ്ങളിലൂടെ ഇതള്‍വരിയുന്നു; തൊഴിലാളി വിപ്ലവങ്ങള്‍ നയിച്ച മുന്നണിപ്പോരാൡളുടെ ചരിത്രം പിന്നീട് വിപ്ലവത്തിന്റെ ചരിത്രമായി മാറുന്നതും നമ്മള്‍ കാണുന്നു. എന്തുകൊണ്ടോ ഈ ചരിത്രങ്ങളിലൊന്നും പട്ടിണിപ്പാവങ്ങളായ പുലയക്കിടാത്തിമാരായ കൈത്തറ പാപ്പിയേയും കൊച്ചുപാറുവിനേയും മണ്ണാന്തറയിലെ മാരയേയുമൊക്കെ ഒരു പക്ഷെ കാണാനായേക്കില്ല. അവര്‍ തലമുറകളുടെ വായ്‌മൊഴികളിലും വിപ്ലവചരിതങ്ങളിലുംമാത്രം ഒതുങ്ങിപ്പോയേക്കാം. ഈ ധീരസഖാക്കളുടെ രക്തസാക്ഷിത്വം പ്രാദേശികമായ വായ്‌മൊഴിക്കഥകളില്‍ മാത്രമായി ചുരുങ്ങിപ്പോവുക എന്നത് കാലത്തിന്റെ വികൃതിയാവാം. ചിലപ്പോള്‍ ഏതെങ്കിലുമൊക്കെ ചരിത്രങ്ങളില്‍ ഇവരൊക്കെ മിന്നിമറയുന്നുമുണ്ടാകാം. പക്ഷെ ഏതു ചരിത്രത്തിനാകും അവരുടെ സഹനത്തിന്റെ പ്രതിരോധത്തിന്റെ ആത്മാവിലേയ്ക്ക് വൈകാരികമായി കടന്നുചെല്ലുവാന്‍? പുന്നപ്ര-വയലാര്‍ സമരത്തിന്റെ തീച്ചൂളയെ ആളിക്കത്തിക്കാന്‍ സ്വയമെടുത്തുചാടിയ ആയിരക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ ആത്മാവിലേക്കൊരു ചരിത്രയാത്ര അത് സാധ്യമാണൊ?

കെ.വി. മോഹന്‍കുമാര്‍ എന്ന നോവലിസ്റ്റിന്റെ ‘ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം’ എന്ന നോവല്‍ പുന്നപ്ര-വയലാര്‍ സമരത്തിന്റെ ചോരകലങ്ങിയ കാലജലത്തിലെ വന്മീനുകള്‍ക്കൊപ്പം ചെറുമീനുകളേയും വിട്ടുകളയുന്നില്ല. തിരുവിതാംകൂറിന്റെ ഭാഷയിലൂടെ, കീഴാളജീവിതത്തിലൂടെ കാലം പുനസൃഷ്ടിക്കപ്പെടുന്നു. ചരിത്രം വെറുതെ അക്കവും തീയതിയുമിട്ട് പറയുകയല്ല കെ.വി. മോഹന്‍കുമാര്‍ ചെയ്യുന്നത്; ഫിക്ഷന്റെ എല്ലാ സാധ്യതയും ഉപയോഗിച്ചുകൊണ്ട് സ്വതന്ത്രപൂര്‍വ്വ കാര്‍ഷികകേരളത്തിന്റെ, ജന്മിത്തം കൊടികുത്തിവാണ ചൂഷണ കേരളത്തിന്റെ, മണ്ണില്‍ പണിയെടുക്കുന്നവനെ അതേ മണ്ണില്‍ നിഷ്‌ക്കരുണം കൊന്നുകുഴിച്ചുമൂടിയ ജന്മികള്‍ വാണ നെറികെട്ടകാലത്തിന്റെ പുലരികളേയും നട്ടുച്ചകളേയും സായന്തനങ്ങളേയും കെ. വി. മോഹന്‍കുമാര്‍ വരച്ചുവയ്ക്കുന്നു. ഫിക്ഷനും റിയലിസവും ഇഴപിരിഞ്ഞുകിടക്കുമ്പോള്‍ എഴുതപ്പെട്ട പുന്നപ്ര വയലാര്‍ ചരിത്രങ്ങളുടെ ഒരുപാട് മുകളിലത്തെ നിരയില്‍ ഒരുപുസ്തകംകൂടി കാലത്തിന്റെ ഇടുവെയ്പ്പായി മാറുന്നു. അതാണ് ‘ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം’.
പുന്നപ്ര വയലാര്‍ സമരത്തിലാകെ രണ്ടായിരത്തിയഞ്ഞൂറോളം പേര്‍ മരിച്ചുപോയെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി ചരിത്രകാരന്‍ റോബിന്‍ ജെഫ്രി എഴുതിയിരിക്കുന്നതിനെക്കുറിച്ച് നോവലില്‍ പറയുന്നുണ്ട്. പക്ഷെ മരണം വെറും അഞ്ഞൂറായി ചുരുക്കിയ ചരിത്രങ്ങളും നമ്മുടെ മുന്‍പിലുണ്ട്. തോക്കുമായി പത്മവ്യൂഹം ചമച്ച സര്‍ സി.പി.യുടെ പട്ടാളത്തെ വാരിക്കുന്തങ്ങള്‍കൊണ്ട് നേരിട്ട നിസ്വരായ 7000 ത്തോളം തൊഴിലാളികളുടെ മൃതശരീരങ്ങളെ കഴുകും പരുന്തും കടിച്ചുപറിച്ച കഥകള്‍ അറിയണമെങ്കില്‍ പുന്നപ്രയിലേയും വയലാറിലേയും പച്ചമണ്ണില്‍ കാലിലെ പെരുവിരല്‍കൊണ്ടൊന്നു തോണ്ടിയാല്‍ മതി. രക്തംചിന്തിമരിച്ച സമരസഖാക്കളുടെ എല്ലിന്‍കഷ്ണങ്ങള്‍ വാരിക്കുന്തങ്ങള്‍പോലെ ഉയര്‍ന്നുവരും. സ്‌പോണ്‍സേഡ് ചരിത്രങ്ങള്‍കൊണ്ട് ഈ ഗ്രാമത്തിലെ മണ്ണില്‍ എഴുതപ്പെട്ട ജൈവചരിത്രങ്ങളെ അട്ടിമറിക്കാനാവില്ലതന്നെ. ജൈവീകമായ കുട്ടനാടന്‍ കാറ്റിന്റെ സാന്ദ്രതയോടെ, കരപ്പുറത്തിന്റെ ഇതിഹാസത്തെ കെ.വി. മോഹന്‍കുമാര്‍ ഈ നോവലില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു.
കീഴാളന്റെ ഇതിഹാസം
എഴുതപ്പെടാതെപോയ പ്രാദേശിക ജീവിതങ്ങളിലൂടെയുള്ള ഇതിഹാസമാനമായ ഒരു യാത്രയാണ് ‘ഉഷ്ണരാശി’ എന്ന നോവല്‍. 570 പേജുകളിലായി നീണ്ടു കിടക്കുന്ന ഈ ബൃഹദ്‌നോവല്‍ ആവേശത്തോടെമാത്രമെ ഏതൊരു കേരളീയനും വായിച്ചുതീര്‍ക്കാനാവൂ. സത്യസന്ധനായ കമ്മ്യൂണിസ്റ്റു നേതാവായ സത്യദാസിന്റെ മകള്‍ അപരാജിതയുടെ പേനയിലൂടെ നോവല്‍ ഇതള്‍വിരിയുന്നു. പല കാലങ്ങളിലായി പി. കൃഷ്ണപ്പിള്ളയും, ഇ.എം.എസും, എ.കെ. ജിയും, കെ. ദാമോദരനും, ടിവി തോമസും, ആര്‍ സുഗതനും, പി.കെ. ചന്ദ്രാനന്ദനും, വി.എസ്. അച്യുതാനന്ദനും, കെ.വി. പത്രോസും, സൈമണ്‍ ആശാനും, സി.കെ. കുമാരപ്പണിക്കരുമടക്കം പുന്നപ്ര വയലാര്‍ സമരചരിത്രത്തിന്റെ തുടിക്കുന്ന താളുകളിലെ നൂറുകണക്കിന് സമരനായകന്മാര്‍ ഈ നോവലിലുടനീളം ജീവിക്കുന്നു.
പട്ടാളക്കാര്‍ കൂട്ടബലാത്സംഗം ചെയ്ത് ഭ്രാന്തിയാക്കി മാറ്റപ്പെട്ട കൈത്തറ പാപ്പിയും, മണ്ണാന്തറയിലെ മാരയും, കൊച്ചുപാറുവും, ജന്മികള്‍ പോറ്റിവളര്‍ത്തിയ ഗുണ്ടകള്‍ തെങ്ങില്‍കെട്ടിയടിച്ച പാക്കരന്മാരും, ചെത്തുകാരന്‍ ദാനവന്റെ കൊച്ചുപുലയപ്പെണ്ണ് കൊച്ചുതങ്കയും, കൊച്ചുനീലാണ്ടന്റെ പെണ്ണ് കുഞ്ഞുനീലിയും, പ്രഭാകരനും അനഘാശയനും, ശേഖരനും കൊച്ചുകുഞ്ഞാശാനും, രാഘവനുമടക്കം ഒരുപാടു ചരിത്ര കഥാപാത്രങ്ങള്‍ നിറയ്ക്കുന്ന ഊര്‍ജ്ജമാണ് ഈ ബൃഹദ്‌നോവലിലൂടെ വായനക്കാരനെ സഞ്ചരിപ്പിക്കുന്നത്. ഭരണകൂട ഭീകരതയുടെ പുതിയ പാഠങ്ങള്‍ ബ്രീട്ടീഷുകാരെപ്പോലും പഠിപ്പിച്ച സി.പി. രാമസ്വാമി അയ്യര്‍ക്കൊപ്പം വഞ്ചിരാജ കുലശേഖര കിരീടപതി മന്നേ സുല്‍ത്താന്‍ ഷംഷര്‍ ജംഗ് ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് എന്ന ‘പാവ’ രാജാവിന്റെ സിംഹാസനവും അദൃശ്യമായ ഒരു ഭീതിയായി നോവലിന്റെ പല താളിലും വന്നു നിറയുന്നു.
കീഴാളനെ തല്ലാനും കൊല്ലാനും അവന്റെ പെണ്ണുങ്ങളെ മാനഭംഗപ്പെടുത്താനും വേണ്ടുവോളം അധികാരമുണ്ടായിരുന്ന ഭൂപ്രഭുക്കള്‍ക്കെതിരെ തിരുവിതാംകൂറിലെ ഒരു സംഘം കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് പുന്നപ്ര വയലാര്‍ സമരങ്ങളുടെ തുടക്കം. അടിയാളന്‍ വേട്ടുകൊണ്ടുവന്ന പെണ്ണിനെ സ്വന്തം കിടപ്പറയിലെത്തിക്കാന്‍ അധികാരമുണ്ടായിരുന്ന ജന്മികളോട് പടപൊരുതിക്കൊണ്ടാണ് ദാനവന്റെ മൂന്നുമാസം ഗര്‍ഭിണിയായ കൊച്ചുതങ്കയും, നീലാണ്ടന്റെ കുഞ്ഞുനീലിയും കൈത്തറ പാപ്പിയും മാരയുമൊക്കെ രക്തസാക്ഷികളായത്. കാല്‍പ്പനികമായ ഫ്യൂഡല്‍ ചിഹ്നങ്ങളില്‍ അഭിരമിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയൊ വായിക്കാതെപോകുന്ന തുടിക്കുന്ന താളുകളെയാണ് കെ.വി. മോഹന്‍കുമാര്‍ നമുക്കുമുന്‍പില്‍ നോവല്‍ രൂപത്തില്‍ കൊണ്ടുവരുന്നത്. ജന്മിമാരും സര്‍ സി.പി.യുടെ പട്ടാളക്കാരും വിപ്ലവത്തെ നേരിട്ടത് തോക്കും ബലാത്സംഗങ്ങള്‍കൊണ്ടുമായിരുന്നു. കീഴാളക്കിടാത്തിമാരുടെ മാനത്തിനും ജീവനും ഒരു വിലയും കല്‍പ്പിക്കപ്പെടാതിരുന്ന കാലം. വെട്ടയ്ക്കല്‍ കോച്ചയെപ്പോലുള്ള, അന്തപ്പനെപ്പോലെയുള്ള അതി ക്രൂരന്മാരായ ഫ്യൂഡല്‍ പ്രഭുക്കന്മാരെ വളര്‍ത്തിക്കൊണ്ടുവരികയും, തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളെ നിഷ്‌ക്കരുണം പിച്ചിച്ചീന്തുകയും ചെയ്യപ്പെടുന്ന ഒരു സാഹചര്യത്തെ കൂടുതല്‍ രൂക്ഷമാക്കി നിലനിര്‍ത്താനാണ് ദിവാന്‍ സര്‍ സി.പി. ശ്രമിച്ചത്. തിരുവിതാംകൂറിലെ ജന്മിമാരും ഗുണ്ടാപോലീസുകാരും പട്ടാളക്കാരും അവര്‍ക്കൊപ്പം സ്വാതന്ത്ര്യസമരത്തിന്റെ ചൂടും തീയും ഞങ്ങളുടേതുമാത്രമെന്ന് അവകാശപ്പെടുന്ന സ്‌റ്റേറ്റ് കോണ്‍ഗ്രസ്സിലെ ഒറ്റുകാരും ഒത്തുചേര്‍ന്നപ്പോള്‍ മനുഷ്യക്കുരുതിയാല്‍ തിരുവിതാംകൂറിലെ ആകാശത്ത് രക്തചന്ദ്രനുദിച്ചു. നിലനില്‍പ്പിനുവേണ്ടി നിസ്വരില്‍ നിസ്വരായ തൊഴിലാളി സഖാക്കളുടെ വാരിക്കുന്തങ്ങള്‍ക്കുള്ള പ്രതിരോധങ്ങള്‍ക്ക് ദിവാന്‍ സര്‍ സിപി യുടെ പട്ടാളവും പോലീസും മറുപടി പറഞ്ഞത് തോക്കിന്‍കുഴല്‍കൊണ്ടാണ്. ചങ്കിലെ ചോരകൊടുത്ത് വിജയത്തിനായി ഒത്തൊരുമിച്ചുനിന്ന സഖാക്കളുടെ സായുധസമരത്തില്‍ അന്തിമ വിജയം കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനായിരുന്നു. 
”അച്യുതാന്ദന്‍ സഖാവ് ചക്രപാണിയുടെ അരികത്തേക്കു വരുന്നു. ‘ലാല്‍ സലാം സഖാക്കളേ, ലാല്‍സലാം… മരിക്കാനും തയ്യാറയല്ലേ നിങ്ങളെല്ലാം വന്നത്?’
‘മരിക്കാനും ഞങ്ങ തയ്യാറാണ്’, സമരസഖാക്കള്‍ ആര്‍ത്തു വിളിച്ചു.
പിരിഞ്ഞു പോകാന്‍ വന്നവരല്ല ഞങ്ങളാരും’, സഖാക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ദിവാന്റെ ദുര്‍വാഴ്ചയ്ക്കറുതി വരുത്താന്‍ രണ്ടു കല്‍പിച്ചു കൂട്ടി വന്നവരാണ് ഞങ്ങാ.’ (പേജ് 448).
ചരിത്രത്തിലെ പുള്ളിക്കുത്തുകള്‍
തിരുവിതാംകൂര്‍ കര്‍ഷകത്തൊഴിലാളിയൂണിയനിലെ തൊഴിലാളികള്‍ ഒന്നടങ്കം അവരുടെ അവകാശങ്ങള്‍ക്കും, ജന്മികളുടെ ചൂഷണങ്ങള്‍ക്കുമെതിരെയുള്ള ചെറുത്തുനില്‍പ്പുകളില്‍ നിന്ന് തുടങ്ങിയ സമരത്തീയാണ് വെറും കുറഞ്ഞകാലം കൊണ്ട് പുന്നപ്ര-വയലാല്‍ സമരമെന്ന കൊടുംങ്കാറ്റിന് വഴിമരുന്നായത്. കുട്ടനാട്ടിലെ വെറുമൊരു തൊഴിലാളി സമരം, സമഗ്രമായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമായിമാറിയതെങ്ങിനെ എന്നതിലൂടെ ഒരു ചരിത്ര സഞ്ചാരംകൂടിയാകുന്നു ഉഷ്ണരാശിയെന്ന ഈ നോവല്‍. അതോടൊപ്പം സ്റ്റേറ്റ് കോണ്‍ഗ്രസ്സും, സ്വാതന്ത്ര്യത്തിന് വിഘാതമായി നില്‍ക്കുന്ന ഗവണ്‍മെന്റും ഫ്യൂഡല്‍ പ്രഭുക്കളും ഗൂഢാലോചന നടത്തി ഈ നാടിനെ വഞ്ചിച്ചതിന്റെ രഹസ്യങ്ങളും ഈ നോവല്‍ പലയിടങ്ങളിലായി പങ്കുവയ്ക്കുന്നുണ്ട്. 
സമരത്തിന്റെ തുടക്കത്തില്‍ സര്‍ സി.പി.യുടെ രഹസ്യപ്പോലീസായിരുന്ന കുമാരന്‍ വൈദ്യര്‍ക്ക് മാനസ്സാന്തരം വരികയും സമരത്തോടൊപ്പം നില്‍ക്കുകയും ചെയ്യുന്നു. പട്ടാളക്കാര്‍ കൂട്ടബലാത്സംഗം ചെയ്ത് മാനസികനില തെറ്റിയ കൈത്തറ പാപ്പിയെന്ന കീഴാള യുവതിയെ അവളുടെ സമ്മതമില്ലാതെ മാനഭംഗപ്പെടുത്തി, വിണ്ടും മറുകണ്ടം ചാടിയ ഡ്യൂപ്ലിക്കേറ്റ് സഖാക്കളുടെ വര്‍ഗ്ഗവഞ്ചനയുടെ കഥയും ഈ നോവല്‍ പറയുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ്സുകാരനും എസ്.എന്‍.ഡി.പിക്കാരനുമായിരുന്ന ആര്‍. ശങ്കറിനെ ചേര്‍ത്തലയിലേയ്ക്ക് അയച്ചത് സമരത്തില്‍ ചാവുന്ന ഈഴവരുടെ കണക്കെടുക്കാനായിരുന്നു. 
നോവലില്‍ ആര്‍ ശങ്കറിന്റെ സൂചനയിങ്ങനെ 
”അതക്ക ശരി. ഇപ്പ സര്‍ സീപ്പിട ആളാണയ്യാള്. വല്ല വെടിവയ്പ്പും ഒണ്ടായാ നുമ്മട ആള്‍ക്കാരണല്ലാ ചത്തു വീഴണത്? ആ വീണ്ടുവിചാരത്തിന്റെ പൊറത്താണ് യോഗം അയ്യാളെ ഇങ്ങാട്ടയച്ചത്. ഇന്നലെ വൈകീട്ട് പൊന്നാം വെളീലും കളവങ്കോടത്തും വന്നിരുന്നേ. കൂട്ടത്തില്‍ വേറെയും രണ്ടുമൂന്നാള്‍ക്കാരൊണ്ടായിരുന്നു. എന്നിട്ട് കടക്കരപ്പള്ളീ കുടിയൊഴിപ്പിച്ച പാട്ടിലേക്ക് തീട്ടക്കണ്ണുകൊണ്ടുപോലും നോക്കിയില്ല. ങാ, വയലാറ്റ് എം.കെ. കൃഷ്ണന്റെ വീട്ടീ വന്നിരുന്ന് ചായേം കുടിച്ചേച്ച് വെടിവെട്ടോം കഴിഞ്ഞേച്ചാ പോയേ”. 
ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ഒരു രാജ്യമെന്ന നിലയില്‍ തിരുവിതാംകൂര്‍ സി.പി.ക്കുകീഴില്‍ അമേരിക്കന്‍ മോഡല്‍ സ്വേച്ഛാധിപത്യഭരണവുമായി നിലനില്‍ക്കും എന്ന നയത്തെ ‘അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍’ എന്ന മുദ്രാവാക്യം വിളികളുമായി ധീരസഖാക്കള്‍ നടത്തിയ സ്വാതന്ത്ര്യ സമരം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തുടിക്കുന്ന ഇതിഹാസമാണ്. ഈ നോവല്‍ മുന്‍പോട്ടുവയ്ക്കുന്ന വലിയൊരു സത്യവും ചിന്തയും ഇതുകൂടിയാണ്. നോവല്‍ എഴുതുന്ന കഥാപാത്രമായ അപരാജിത സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ വഞ്ചനയെക്കുറിച്ച് ശ്രീകണ്ഠന്‍ നായരുടെ നോവലിലെ ആമുഖം വായിക്കുന്നുണ്ട് ;
‘പരിപാവനമായ സ്റ്റേറ്റ് കോണ്‍ഗ്രസ്സേ, നീയിതാ വഞ്ചിക്കപ്പെട്ടിരിക്കുന്നു. നിന്റെ അരുമ സന്താനങ്ങളായ നെയ്യാറ്റിങ്കര രാഘവനും ചെങ്ങന്നൂര്‍ ജോര്‍ജ്ജും വെടിയുണ്ടയ്ക്കു വിരിമാറു കാട്ടിയ കൊച്ചപ്പിള്ളയും കൊച്ചു കൃഷ്ണനും കഴുമരമേറി. നിന്റെ മാനം കാക്കാന്‍ പാണ്ടിനാട്ടിലെ ശിവരാജ പാണ്ഡ്യന്‍ കൊല്ലം ലോക്കപ്പിലെ വെറും തറയില്‍ കിടന്ന് അന്ത്യശ്വാസം വലിച്ചു. അടര്‍ക്കളത്തില്‍ അനേകായിരം രക്തസാക്ഷികള്‍ ആത്മാര്‍പ്പണം ചെയ്തു. കെ.കെ. കുഞ്ചുപിള്ള ക്ഷയരോഗം പിടിച്ചു മരിച്ചു. കണ്ണന്തോടത്തു ജനാര്‍ദ്ദനന്‍ നായര്‍ പുത്രമിത്രാദികളെ കണ്ട് ആശ്വസിക്കാന്‍ ഇടയാകാതെ കല്‍ക്കത്തയിലെ പാഴ്മണലില്‍ ലയിച്ചു. ഈ മഹാത്യാഗങ്ങളില്‍ നിന്നും ഉത്ഭവിച്ച ധാര്‍മ്മിക ശക്തി ഇതാ ഈ ധൂര്‍ത്തന്മാര്‍ വിറ്റു കാശുമാറുന്നു. വേണാടേ, നിന്റെ ജീവ രക്തം അധികാര ദാഹം പൂണ്ട ഇവര്‍ ഊറ്റിക്കുടിക്കുന്നു…’
അധികാരത്തിനുവേണ്ടി ദിവാന്‍ സി.പി. രാമസ്വാമി അയ്യരുമായി പലതരത്തിലുള്ള ബന്ധവങ്ങളിലും ഏര്‍പ്പെട്ടിരുന്ന സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെക്കുറിച്ച് നോവലില്‍ കടന്നുവരുന്നുണ്ട്.
അധികാര പ്രമത്തത ബാധിച്ച ചില സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ അടച്ചിട്ട മുറികളിലിരുന്ന് സര്‍ സീപ്പിയുമായി രഹസ്യ ധാരണകള്‍ പങ്കിടുമ്പോള്‍ രാജവാഴ്ചയ്ക്കും ദിവാന്‍ ഭരണത്തിനും അമേരിക്കന്‍ മോഡലിനുമെതിരെ സായുധ കലാപത്തിനു കാഹളം മുഴക്കുകയായിരുന്നു കമ്യൂണിസ്റ്റുകാര്‍.’ (പേജ് 553)
‘വലതു പക്ഷ നിലപാടില്‍ നിന്നെഴുതേണ്ടി വരുമ്പോള്‍ അടയ്ക്കാമരം മുളയായെന്നു വരും. പുന്നപ്ര-വയലാര്‍ പോരാളികളുടെ മാറിടം തുളച്ചു പാഞ്ഞ വെടിയുണ്ടകള്‍ ദിവാന്‍ വാഴ്ചയുടെ ആണിക്കല്ല് തകര്‍ത്തു എന്നതല്ലെ സത്യം?’ (പേജ് 553)
ഇന്ത്യസ്വാതന്ത്ര സമര ചരിത്രത്തില്‍ കമ്മ്യൂണിസ്റ്റ് സമരങ്ങള്‍ വഹിച്ച പങ്കിനെക്കുറിച്ച് നോവലില്‍ വാസുദേവന്‍ മാഷ് പറയുന്നതിങ്ങനെ;
‘ഇന്ത്യ സ്വാതന്ത്രമാകുന്നതിന്റെ തലേ നാളുകള്‍…. ഇന്ത്യ കണ്ട ബ്രിട്ടീഷ് വിരുദ്ധവും വിപ്ലവകരവുമായ ജന മുന്നേറ്റങ്ങളുടെ മുന്‍പന്തിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. ബോംബേയിലെ നാവിക കലാപം. ബംഗാളിലെ തേഭാഗാ സമരം, ഡെറ്റിന്യൂ കലാപം, ഗോള്‍ഡന്‍ റോക്കിലെ റെയില്‍വേ തൊഴിലാളി സമരം, വോര്‍ളിയിലെ കര്‍ഷക സമരം, കോണ്‍പൂരിലും കോയമ്പത്തൂരിലും ബോംബെയിലും കല്‍ക്കട്ടയിലും നടന്ന തുണിമില്‍ തൊഴിലാളികളുടെ പണിമുടക്കം, ബിഹാറിലെ ആദിവാസി കര്‍ഷക സമരം, തെലുങ്കാന സമരം, പുന്നപ്ര-വയലാര്‍ സമരം….’ വലതുപക്ഷ ചരിത്രങ്ങള്‍ എത്രമേല്‍ തമസ്‌ക്കരിച്ചാലും ചരിത്രത്തിന്റെ ഈ തുടിക്കുന്ന താളുകളില്ലെങ്കില്‍ ‘സ്വാതന്ത്ര്യമെന്ന’ അദ്ധ്യായമെഴുതാന്‍ ഇന്ത്യയ്ക്ക് കഴിയുമായിരുന്നില്ല.
വര്‍ഗ്ഗ ശത്രുവില്‍ നിന്ന് വര്‍ഗ്ഗ വഞ്ചനയ്‌ക്കെതിരെ
കെ.വി. മോഹന്‍ കുമാറിന്റെ ‘ഉഷ്ണരാശി’ പുന്നപ്ര-വയലാര്‍ സമരത്തിന്റെ ചരിത്രകഥമാത്രമല്ല. അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു സംഭവിച്ച സമകലാക പ്രതിസന്ധികളെക്കുറിച്ചുപോലും സര്‍ഗ്ഗാത്മകമായി വിലയിരുത്തുന്നുണ്ട്. സഖാവ് സത്യദാസിന്റെ മകളായ അപരാജിതയില്‍കൂടി ഇതള്‍വിരിയുന്ന നോവലില്‍ ചെഗുവേരയുടെ അദൃശ്യസാന്നിദ്ധ്യം ഉടനീളം നിലനില്‍ക്കുന്നുണ്ട്. ചെയുടെ മുഖമുള്ള നിരഞ്ജന്‍ പ്രസ്ഥാനത്തില്‍ നിന്നും കുതറിമാറി സായുധ സമരത്തിലേക്കു പോയ ഒരു യുവാവാണ്. പണ്ട് പ്രസ്ഥാനം അടരാടിയത് വര്‍ഗ്ഗശത്രുക്കള്‍ക്കെതിരെയാണെങ്കില്‍ ഇന്ന് പോരാടുന്നത് ‘വര്‍ഗ്ഗ വഞ്ചകര്‍’ക്കെതിരെയാണ്. 
കോര്‍പ്പറേറ്റുകള്‍ക്കെതിരെ പടപൊരുതിയ സത്യദാസ് എന്ന അപരാജിതയുടെ അച്ഛന് സംഭവിച്ചതെന്താണ്. പൊളോണിയം എന്ന വിഷദ്രാവകം ശരീരത്തില്‍ കുത്തിക്കേറ്റിയാണ് കോര്‍പ്പറേറ്റുകള്‍ സത്യദാസിനെ കൊലചെയ്തത്. അന്ന് സര്‍ സിപി.യായിരുന്നു പ്രസ്ഥാനത്തിന്റെ ശത്രുവെങ്കില്‍ ഇന്ന് ഫാസിസ്റ്റുകളും കമ്മ്യൂണിസ്റ്റിലെ തന്നെ വര്‍ഗ്ഗവഞ്ചകരുമാണ് ശത്രുക്കള്‍. അപരാജിതയുടെ വാക്കുകളില്‍ ”വിപ്ലവം പുതിയ കുപ്പികളില്‍. പോലീസ് പതിവ് വേട്ടക്കാരന്റെ റോളിലും”.

ചരിത്രത്തെ അഗാധമാക്കുന്ന നോവല്‍
ചരിത്രം വസ്തുതകള്‍ മാത്രമല്ല അവാസ്തവങ്ങളുടെ കൂടി സങ്കലനമാണ്. ചിലപ്പോള്‍ അത് അക്കങ്ങളും തീയതികളും മാത്രമായി മാറുന്നു. ചരിത്രത്തിലെ സംഭവങ്ങളിലും, യുദ്ധങ്ങളിലും, പ്രതിരോധങ്ങളിലും പലപ്പോഴും മനുഷ്യജീവിത്തിന്റെ ഭാവാത്മകമായ അംശങ്ങള്‍ കൈമോശംവരുന്നു. അതിന് ആരേയും കുറ്റംപറഞ്ഞിട്ടു കാര്യമില്ല. ഉഷ്ണരാശിപോലുള്ള ചരിത്ര നോവലുകള്‍ കാലത്തെ പുനഃസൃഷ്ടിക്കുന്നു. അതോടൊപ്പം എഴുത്തിന്റെ സാധ്യതകളും സാന്ദ്രതയും പുനര്‍നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. എഴുത്ത് ഒരു ചരിത്രദൗത്യമാകുന്നത് അപ്പോഴാണ്. ”ഉഷ്ണരാശി- കരപ്പുറത്തിന്റെ ഇതിഹാസം” നോവല്‍ വായിച്ചുകഴിഞ്ഞ് അടച്ചുവയ്ക്കുമ്പോള്‍, കരപ്പുറത്തിന്റെ ഇതിഹാസമെന്നത് ലോക സ്വാതന്ത്ര്യചരിത്രത്തിന്റെ ഏറ്റവും തിളങ്ങുന്നൊരു ഇതിഹാസമാണെന്നുള്ള അനുവാചകന്റെ തിരിച്ചറിവിലാണ് കെ.വി. മോഹന്‍കുമാറിന്റെ ഈ ചരിത്രദൗത്യം സാര്‍ത്ഥമാകുന്നത്. തിരുവിതാംകൂറിന്റെ മാത്രമല്ല ഇന്ത്യയിലെ അങ്ങോളമിങ്ങോളം ഉണ്ടായിട്ടുള്ള സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ പിടഞ്ഞുമരിച്ച ധീര സഖാക്കളുടെ ജീവിക്കുന്ന സ്മരണയ്ക്കുമുന്‍പില്‍ കെ.വി. മോഹന്‍കുമാറിന്റെ ഈ ചരിത്രദൗത്യം അശ്രൂപൂജയാകുന്നു. അതോടൊപ്പം നോവല്‍ സാഹിത്യശാഖയ്ക്ക് നല്ലൊരു ദിശാസൂചിയുമാകുന്നുണ്ട് ഈ നോവല്‍.

2014 ജനുവരി 12, ഞായറാഴ്‌ച

അന്ധകാരനഴി: ഇരുട്ടിന്റെ വേറിട്ട വാഗ്മയം


ആഴ്ച്ചപ്പാങ്ങ് -9

എഴുത്തിനെക്കുറിച്ചുള്ള, നോവല്‍ രചനയുടെ പുരോഗമനപരമെന്ന് സ്വയം ധരിച്ചുവെച്ചിരുന്ന മുന്‍ധാരണകളെ ഇടിച്ചുനിരപ്പാക്കിയ ഒരു നോവലാണ് എനിക്ക് ഇ. സന്തോഷ് കുമാറിന്റെ 'അന്ധകാരനഴി'. ഞാന്‍ ജീവിക്കുന്ന കാലത്തിന്റെ ചൂരും ചെത്തവും ഭാവുകുത്വങ്ങളും വായിക്കാനും അനുഭവിക്കാനും ആവിഷ്‌ക്കരിക്കപ്പെടാനുമുള്ള ആഗ്രഹങ്ങള്‍ മാത്രമാണ് നോവല്‍ കഥ-സാഹിത്യങ്ങള്‍ വായിക്കുമ്പോള്‍ എന്നെ ഭരിച്ചിരുന്നത്. അന്ധകാരനഴി വായിച്ചു തീര്‍ന്നപ്പോള്‍ എന്റെ നിലപാടില്‍ ചില അടിസ്ഥാനപരമായ മാറ്റത്തിന് ഞാന്‍ സ്വയം സന്നദ്ധനാവുകയാണ്.

അറുപതുകളിലേയും എഴുപതുകളിലേയും രാഷ്ട്രീയ ജീവിതത്തിലെ നെക്‌സല്‍ വിപ്ലവങ്ങളേയും യുവത്വത്തിലെ വിപ്ലവബോധവും അതിന്റെ പരിണാമങ്ങളും അടയാളപ്പെടുത്തുന്ന ഒരു സാദാ നോവലായി അന്ധകാരനഴിയെ ഒതുക്കാന്‍ ശ്രമിക്കുന്നത് വിഢിത്തമായിരിക്കും. വര്‍ത്തമാനത്തില്‍ നിന്ന് ചരിത്രത്തിലേക്കും തിരിച്ചുമുള്ള സര്‍ഗ്ഗാത്മക സഞ്ചാരങ്ങള്‍ നടത്തുന്ന ഇ. സന്തോഷ് കുമാര്‍ എന്ന എഴുത്തുകാരന്റെ പവന സഞ്ചാരങ്ങളെ, ചരിത്ര ദൗത്യങ്ങളെ, വിവേകിയായ വായനക്കാരന്‍ തരിച്ചറിയുക തന്നെ ചെയ്യും. അജിതയുടെ 'ഓര്‍മ്മക്കുറിപ്പുകള്‍' വായിച്ച് പതിറ്റാണ്ടുകള്‍ക്കു ശേഷം വീണ്ടുമൊരു നെക്‌സല്‍ ചരിത്രത്തെ അതിന്റെ പാളിച്ചകളെ പ്രത്യേയശാസ്ത്ര വിവക്ഷകളെ, വിഭ്രംശങ്ങളെ, വ്യതിയാനങ്ങളെ, നിരാശകളെ വീണ്ടുമൊരിക്കല്‍ അടയാളപ്പെടുത്തപ്പെടുന്നതിന്റെ മൗഢ്യമാണ് നോവല്‍ വായിച്ചു തുടങ്ങുമ്പോള്‍ എന്നെ ഭരിച്ചിരുന്നത്. പക്ഷെ നോവലിലെ മുഖ്യ കഥാപാത്രമായ ശിവന്‍ അകപ്പെടുന്ന തുരുത്ത് വായനക്കാരന്റേയും തുരുത്തായി മാറുന്നു. വിഭ്രമാത്മകമായ ഇരുട്ടിന്റെ ആവിഷ്‌ക്കാരത്തില്‍ വായനക്കാരനും തടവിലാക്കപ്പെടുന്നു. പ്രത്യയശാസ്ത്ര ബോധങ്ങളുടെ ജൈവ വൃക്ഷങ്ങളുടെ മേല്‍ ആഞ്ഞുവീഴുന്ന ഈര്‍ച്ചവാളായി തുരുത്തിലെ ഇരുട്ട് നോവലിലുടനീളം നിറയുന്നു.

പുല്ലാനിക്കപ്പുറം അന്ധകാരനഴി
E. Santhosh Kumar
ഈ നോവലിലെ തുരുത്ത് ചരിത്രത്തിന്റെ തന്നെ ഇരുട്ടുവീണ ഒരിടമാണ്. എല്ലാ കാലത്തും ചില ഒതുക്കുകളില്‍ അഴിഞ്ഞുലഞ്ഞ ഗഹനമായ ഇരുട്ടിന്റെ ദുര്‍ഗ്രഹമായ തുരുത്തുകളെ കാലം കരുതിവയ്ക്കുന്നുണ്ട്. വിപ്ലവാഭിലാഷങ്ങളെ, ശിവനെപോലുള്ളവരെ, കരടിച്ചാച്ചനെ, രമണിയെ അതില്‍ അടക്കം ചെയ്യുന്നു. സമൂഹത്തിലെ വിപ്ലവബോധങ്ങള്‍ക്കുനേരെ തുറന്നുവെച്ച ഇരുട്ടിന്റെ വായയായി തുരുത്ത് ഈ നോവലില്‍ ദുരൂഹതയായി, ഭ്രമാത്മകതയായി നിലനില്‍ക്കുന്നു. ഇരുട്ടിന്റെ ഷെയ്ടുകളിലൂടെ വരച്ചുവരുന്തോറും കൂടുതല്‍ കൂടുതല്‍ ഇരുട്ടുമൂടുന്ന തുരുത്ത് ഒരു അന്ധകാര ചിത്രമാകുന്നു. നോവലിന്റെ അവസാനം വരേയും ഈ തുരുത്തിനെ ഒരു സാധ്യതയായല്ല ഭീതിപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യമായാണ് നോവലിസ്റ്റ് നിലനിര്‍ത്തുന്നത്. പുല്ലാനിയില്‍ നിന്ന് പുഴയ്ക്കപ്പുറം നോവലിസ്റ്റ് സൃഷ്ടിച്ചെടുത്ത ഈ തുരുത്ത് ഒരു അലിഖിത സര്‍വ്വകാല യാഥാര്‍ത്ഥ്യമായി നിലനിര്‍ത്തുന്നു. അതുകൊണ്ട് 'അന്ധകാരനഴി' യിലെ തുരുത്ത് പ്രത്യശാസ്ത്ര-ധൈഷണിക ലോകത്തെ ചിരസ്ഥലിയാണ്.

അപ്രസക്തമായ കാലം
ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട നെക്‌സലിസമൊ, പ്രത്യയശാസ്ത്രങ്ങളൊ, ഇടതുപക്ഷ ചിന്തകരൊ, എന്തിന് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ യാതൊരുവിധ അടയാള വാക്യങ്ങളൊ ഈ നോവലില്‍ ഇല്ല. 'സാഖാവേ..' എന്ന് കഥാപാത്രങ്ങള്‍ പരസ്പരം വിളിക്കുന്നതല്ലാതെ. അറുപതുകളിലെ നെക്‌സല്‍ ഓപ്പറേഷനുമായുള്ള ചില നാമമാത്രമായ സാദൃശ്യങ്ങള്‍ ഈ നോവലില്‍ കണ്ടേക്കാം. അത് ഒഴിച്ചുനിര്‍ത്തിയാല്‍ ഈ നോവല്‍ ജീവിക്കുന്നത് പതിറ്റാണ്ടുകള്‍ക്കു മുന്‍പുള്ള ഒരു കാലത്തില്ല; മറിച്ച് മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കാന്‍ കഴിവുള്ള മാറ്റമില്ലാത്ത യാഥാര്‍ത്ഥ്യമായി നോവലിലെ തുരുത്തിനെ ഒരു കേന്ദ്ര കഥാപാത്രമായി നോവലിസ്റ്റ് നിലനിര്‍ത്തുന്നു. വര്‍ഷങ്ങളേയും തീയതികളേയും എന്തിന് ചരിത്രത്തിന്റെ തന്നെ വിപ്ലവ സമരങ്ങളുടെ ഈടുവെപ്പുകളെപോലും ഈ നോവല്‍ തള്ളിക്കളഞ്ഞുകൊണ്ട് നോവല്‍ രചനയുടെ കാലഗണനയെ അപ്രസക്തമാക്കുന്നു. കാലം അപ്രസക്തമാകുന്നതോടെ 'തുരുത്ത്' സമകാലിക ജീവിതത്തിലെ ഒരു സജീവ സാധ്യതയായി മാറുന്നു.

ചിതറിപ്പോയ കൈപ്പത്തികള്‍, ജീവിതങ്ങള്‍

ഇന്ത്യയുടെ നെക്‌സല്‍ ചരിത്രത്തില്‍ കൈപ്പത്തിയില്ലാത്ത ഒരുപാട് കൈയ്യുകളുണ്ട്. ഈ നോവലിലും അങ്ങിനെയൊരു കൈ കടന്നുവരുന്നുണ്ട്. നെക്‌സലിസത്തിന്റെ ചരിത്രത്തെ വിറ്റു ജീവിക്കുന്നവരും, വിപ്ലവാവേശങ്ങള്‍ വെടിഞ്ഞ് പ്രതിവിപ്ലവങ്ങളില്‍ അഭയം പ്രാപിച്ചവരെക്കുറിച്ചൊക്കെ ചില സൂചനകള്‍ നോവലില്‍ കടന്നുവരുന്നുണ്ട്. പക്ഷെ ഈ നോവല്‍ അത്തരം വിപ്ലവകാരികളുടെ കഥയല്ല. നെക്‌സലിസം നടന്നുപോയ വഴികളില്‍ അതിന്റെ വിഷദംശനമേറ്റ് (വിഷം എന്നത് ഇവിടെ നെഗറ്റീവ് അര്‍ത്ഥത്തിലല്ല) തകര്‍ന്നുപോയ ശ്രീനിവാസന്റെ കുടുംബം, ഭാസ്‌കരക്കുറുപ്പ്, വിശ്വനാഥന്‍, കോളജ് വിദ്യാര്‍ത്ഥികള്‍, ചിത്രാഭാനു...അങ്ങിനെ ഒരുപാട് ജീവിതങ്ങള്‍. ഇതിലെ വിപ്ലവകാരികള്‍ നടത്തുന്ന പാളിപ്പോയ നെക്‌സല്‍ ഓപ്പറേഷനുകള്‍ ചരിത്രവുമായി സാദൃശ്യപ്പെടുന്നുണ്ട്. പക്ഷെ ഇതുകൊണ്ടുമാത്രം ഈ നോവിലിന്റെ കാലത്തെക്കുറിച്ചൊരു നിര്‍ണ്ണയം സാധ്യമല്ല. കാലാതീതമായ, വിപ്ലവചിന്തകള്‍ക്കുമീതെ തൂങ്ങിക്കടക്കുന്ന ഒരു സാധ്യതയായി ഈ തുരുത്ത് മാറുന്നതോടെ നോവലിന്റെ കാലം അപ്രസക്തമാകുന്നു. നോവല്‍ വായിച്ചു തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന പഴയ സബ്‌ജെക്ടെന്ന മൗഢ്യം അതോടെ വിട്ടുമാറുന്നു.

ഷഫിള്‍ ചെയ്ത അദ്ധ്യായങ്ങള്‍
പോലീസ് ക്യാമ്പുകളിലെ ഭീകരമായ പീഢനങ്ങളുടെ പ്രത്യേക്ഷ വിവരങ്ങളൊ നെക്‌സല്‍ ഓപ്പറേഷനുകളൊ, പ്രത്യയ ശാസ്ത്ര സമസ്യകളൊ ഈ നോവലില്‍ കടന്നുവരുന്നില്ല. അനായാസം എഴുതി നിറയ്ക്കാവുന്ന, നെക്‌സലിസ്റ്റുകളുടെ അനുഭവ സാക്ഷ്യങ്ങളേയും, ഉന്മൂലന സിദ്ധാന്തങ്ങളുടെ പരിണാമത്തേയുമൊക്കെ പ്രമേയവത്ക്കരിച്ച് കാക്കത്തൊള്ളായിരം നോവലുകള്‍ ഇതിനുമുന്‍പുണ്ടായിട്ടുണ്ട്. കഥാപ്രതങ്ങള്‍ നെക്‌സലുകളാണെങ്കിലും ഈ കഥ ഒരു നെക്‌സലിസത്തിന്റെ കഥയല്ല. തീവ്രമായ വിപ്ലാശയങ്ങളുടെ തീച്ചിറകുകളുടെ സഞ്ചാരപഥത്തെ ഈ നോവല്‍ നാമമാത്രമായി അടയാളപ്പെടുത്തുന്നുണ്ടാവാം. ശ്രീനിവാസനും ഭാര്യ ശകുന്തളയും മകന്‍ ശശിയുമടങ്ങുന്ന ഒരു കൊച്ചു കുടുംബം വിപ്ലവത്തിന്റെ വഴിയില്‍ വഴിയാധാരമാക്കപ്പെടുന്ന ഒരു കഥകൂടി ഈ നോവലില്‍ കടന്നുവരുന്നുണ്ട്. പാളിപ്പോകുന്ന ഓപ്പറേഷനുകള്‍ക്കു മുന്നില്‍ വിപ്ലവം വിദൂരമായ ഒരു സ്വപ്‌നമായിത്തന്നെ നിലനില്‍ക്കുന്നു. ഇതിലെ ചെറുപ്പക്കാരുടെ മനസ്സിലെ വിപ്ലവത്തിന്റെ തീയില്‍ ശ്രീനിവാസനെ പോലുള്ള കാല്‍പ്പനിക കവികള്‍ ഒരു ഈയാംപാറ്റകണക്ക് വീണടിയാന്‍ വിധിക്കപ്പെടുന്നു. എന്നിട്ടും സമൂഹം ശിവനെന്ന തീപന്തത്തെ ഓരോ കൈമാറി സംരക്ഷിക്കുന്നു. ചിത്രാഭാനുവും, രമണിയും, പോളും, വിശ്വനാഥനും, ഭവദാസന്‍ വക്കീലും, കോളജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുമൊക്കെ അടങ്ങുന്ന സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നല്ല മനുഷ്യരിലൂടെ വിപ്ലവത്തിന്റെ തീപ്പന്തം പല കൈമറിയുന്നു. ഈ തീപ്പന്തം കൈയ്യിലെടുത്തവരൊക്കെ ഒന്നൊന്നായി ഭരണകൂടത്തിന്റെ അല്ലെങ്കില്‍ അത് രൂപപ്പെടുത്തിയിരിക്കുന്ന ബൂര്‍ഷ്വാ ഘടനയുടെ അടിമത്വ-അധിനിവേശ തുരുത്തുകളില്‍ വീണടിയുന്നു. നെക്‌സലിസത്തെ അതി ക്രൂരമായി അടിച്ചമര്‍ത്താന്‍ യത്‌നിച്ച പങ്കജാക്ഷന്‍ മാറിയകാലത്ത് ഉന്നത പോലീസുകാരനായി ജീവിക്കുന്നു. വിപ്ലവകാരികളോട് മനുഷ്യത്വം കാണിച്ച ഭാസ്‌ക്കരക്കുറുപ്പ് വാര്‍ദ്ധക്യകാലത്ത് സര്‍വ്വീസില്‍ നിന്ന് പെന്‍ഷന്‍ പറ്റാനാകാതെ മനസ്സില്‍ പിടയുന്ന ഒരുപാട് സത്യങ്ങളുമായി മല്ലിട്ട് കോടതി വരാന്തകളില്‍ തളര്‍ന്നിരിക്കുന്നു.

സത്യത്തില്‍ ഉന്മൂലന സിദ്ധാന്തം ഉന്മൂലനം ചെയ്തത് ആരെയാണ്. അതു കടന്നുപോയ വഴികളിലൂടനീളം കാല്‍പനിക മനുഷ്യര്‍ പിഴുതെറിയപ്പെട്ടു. ഒടുവില്‍ ശിവനെന്ന വിപ്ലവകാരിക്ക് സംഭവിച്ച ദുരന്തം നോക്കു... പുല്ലാനിയിലെ പുഴയ്ക്കപ്പുറമുള്ള ഇരുട്ടുമൂടിയ തുരുത്ത് വിപ്ലവമുക്തിക്കുള്ള ധ്യാനകേന്ദ്രമായി നിലനില്‍ക്കുന്നു. വാച്ചുറിപ്പേറുകാരന്‍ അച്ചുവിന്റെ സ്ഥാനത്ത് ജെ എന്നൊരാള്‍ വീണ്ടും പുതിയ സഖാക്കളെ തുരുത്തിലെത്തിക്കുന്നു. തുരുത്ത് കാലത്തിന്റെ ഹിമഗര്‍ത്തമായി വിപ്ലവകാരികളുടെ മരവിച്ച ശരീരങ്ങളെ കാത്തുവയ്ക്കുന്നു.

ഉപസംഹാരം
ഇ. സന്തോഷ് കുമാറിന്റെ 'അന്ധകാരനഴി' ആവിഷ്‌ക്കുരിക്കുന്ന ഭാവുകത്വം പുതിയ കാലത്തിന്റെതല്ല എന്നാല്‍ അത് ഏതെങ്കിലും ചിരപരിചിതമായ ഭാവുകത്വങ്ങളെ അന്ധമായി പകര്‍ത്തിവയ്ക്കുന്നില്ല. ഉന്മൂലന സിദ്ധാന്തത്തിന്റെ പരിപ്രേക്ഷ്യങ്ങളെ ആവിഷ്‌ക്കരിക്കുന്നതിന് ഇ. സന്തോഷ്‌കുമാര്‍ പുതിയൊരു ഭാവുകത്വത്തെതന്നെ സൃഷ്ടിക്കുന്നു. വിപ്ലവാശയങ്ങളെ മരവിപ്പിച്ചു നിര്‍ത്തുന്ന ഒരു തുരുത്തിനെ ഇ. സന്തോഷ് കുമാര്‍ വായനക്കാരനു മുന്‍പില്‍ കൊണ്ടുവന്നു നിര്‍ത്തുമ്പോള്‍ അതിലെ ഇരുട്ടിന്റെ നിറം മലയാളി വായനക്കാര്‍ക്ക് ചിരപരിചിതമായ നിറമല്ല. സന്തോഷ് ഇരുട്ടിനെ മറ്റൊരു നിറഭേദമായി അവരിപ്പിക്കുന്നു. തുരുത്ത് സമകാലീന ജീവിതത്തിലെ സാധ്യതയയൊ യാഥാര്‍ത്ഥ്യമൊ ആയി നിലനിര്‍ത്തപ്പെടുന്നു.

2010 മേയ് 22, ശനിയാഴ്‌ച

ഫ്രാന്‍സിസ്‌ ഇട്ടിക്കോര

-->
-->
-->
നിലവിലുള്ള സങ്കേതങ്ങളുമായി ഐക്യം പ്രാപിക്കുകയും കാലം തുറന്നു തരുന്ന വെളിച്ചങ്ങള്‍ നിര്‍ണ്ണയിക്കുന്ന ദിശാബോധത്തിനൊപ്പം മാത്രം സഞ്ചരിക്കുകയും ചെയ്യുന്ന വ്യവസ്ഥാപിത സര്‍ഗ്ഗാത്മക രീതികള്‍ ഇനി തകര്‍ക്കപ്പെടുമോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. സമകാലിക പരിതോവസ്ഥകളോടുള്ള പൊരുത്തപ്പെടലുകളെ ഇത്തിരി അശ്ളീലച്ചുവയോടെ പറഞ്ഞാല്‍ സര്‍ഗ്ഗാത്മക ശയനം എന്നു വിളിക്കാം. സൌന്ദര്യത്തെ രൂപപ്പെടുത്തുന്നതിനു പകരം നിലവിലുള്ള സൌന്ദര്യത്തോടൊപ്പം ശയിക്കുന്ന സര്‍ഗ്ഗാത്മക കാമനകളെ മറികടന്നാണ്‌ ടി. ഡി. രാമകൃഷ്ണന്‍റെ "ഫ്രാന്‍സിസ്‌ ഇട്ടിക്കോര" എന്ന നോവല്‍ വായനക്കാരന്‍റെ കൈയ്യില്‍ എത്തുന്നത്‌. Historical Fiction ന്‍റെ അനന്ത സാധ്യതകളിലേക്ക്‌ സഞ്ചരിക്കുന്ന നോവലാണ്‌ "ഫ്രാന്‍സിസ്‌ ഇട്ടിക്കോര". ഈ നോവലിനെ സംബന്ധിച്ചിടത്തോളം ചരിത്രം ഒരു നിമിത്തം മാത്രമാണ്‌. ചരിത്രത്തിന്‍റെ തീരെ അപ്രസക്തമായ ചില ഏടുകളെ സമകാലിക സംഭവങ്ങളുമായി കൂട്ടിയോജിപ്പിച്ചുകൊണ്ട്‌ ടി.ഡി. രാമകൃഷ്ണന്‍ അനുവാചകനെ വിസ്മയിപ്പിക്കുന്നു. രേഖീയമല്ലാത്ത ചരിത്രത്തിന്‍റെ അബോധതലങ്ങളിലെ അവ്യക്തമായ ചില ഇടങ്ങളില്‍ നിന്നുകൊണ്ട്‌ ഈ നോവല്‍ പുതിയ ചില ആഖ്യാനമാതൃകകള്‍ നല്‍കുന്നു. ഇതിന്‍റെ സങ്കേതങ്ങള്‍ Science Fiction നെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്‌. കൃതൃമ ജീവകോശങ്ങള്‍ വംശാഭിവൃദ്ധി നടത്തുകയും അത്‌ ഭീമാകാരമായി മനുഷ്യനു നേരെ ആക്രമണം നടത്തുകയും ചെയ്യുന്ന തരത്തിലുള്ള Science Fiction സിനിമകള്‍ ധാരാളമായി ഉണ്ടായിട്ടുണ്ട്‌. ശാസ്ത്രം മനുഷ്യനെ ഒരു പരിധിയില്‍ കവിഞ്ഞ്‌ ആവേശിക്കുമ്പോള്‍ സ്വാഭാവികമായി ഉടലെടുക്കുന്ന സങ്കല്‍പങ്ങളാണ്‌ ഇത്തരം സിനിമകളുടെ ആധാരം. വലിയ ഉറുമ്പും, ഓന്തും, സഹസ്രബ്ദങ്ങള്‍ക്കു മുന്‍പ്‌ ഭൂമുഖത്തുണ്ടായിരുന്ന ദിനോസോറുകളും പുതിയ രീതില്‍ പുനസൃഷ്ടിക്കുന്നു. ഇത്തരം Science Fiction സിനിമകള്‍ നല്‍കുന്ന സന്ദേശങ്ങള്‍ പലപ്പോഴും ഏകമാനങ്ങളായിരിക്കും. കാഴ്ചയുടെ സാധ്യതകളെ ചൂഷണം ചെയ്യുക എന്നതില്‍ കവിഞ്ഞ്‌ വലിയ ഉദ്ദേശ്യങ്ങളൊന്നും ഇത്തരം സൃഷ്ടികളില്‍ കാണാനാവില്ല. മലയാളത്തില്‍ ഇന്നുവരെയുണ്ടായിട്ടുള്ള Historical Fiction കളില്‍ നിന്ന്‌ മൌലികതകൊണ്ട്‌ ഈ നോവല്‍ വേറിട്ടു നില്‍ക്കുന്നു.
കേരളത്തിലെ കൊച്ചി നഗരത്തിലെ വളരെ ആധൂനികമായ ഒരു നക്ഷത്ര വേശ്യാലയം നടത്തുന്ന മൂന്ന്‌ ചെറുപ്പക്കാരികളുടെ ജീവിതത്തിലൂടെയാണ്‌ ഈ നോവല്‍ സമകാലിക മലയാള ജീവിതവുമായി ചരിത്രത്തെ ബന്ധിപ്പിച്ചു തുടങ്ങുന്നത്‌. കുന്നംങ്കുളത്തെ പതിനെട്ടാം കൂറ്റുകാരുടെ കുലദൈവമായ കുരുമുളകു കച്ചവടക്കാരനായിരുന്ന ഫ്രാന്‍സിസ്‌ ഇട്ടിക്കോരയുടെ ഫ്ളോറന്‍സിലുള്ള കൈവഴിയിലെ കോരക്കുടുംബത്തിലെ പുതിയ അംഗമായ സേവ്യര്‍ ഫെര്‍ണാണ്ടോ ഇട്ടിക്കോര പാപത്തിന്‍റെ ഉത്താരാധുനിക മുഖമായി അവതരിപ്പിക്കപ്പെടുന്നു. നരമാംസ്യ ഭോജനത്തിലൂടെ പാപത്തിന്‍റെ പുതിയ സങ്കേതങ്ങളെ അനുവാചകന്‍ തിരിച്ചറിയുന്നത്‌ ഈ മനുഷ്യനിലൂടെയാണ്‌. എന്തിനേയും കുറഞ്ഞ വിലയ്ക്ക്‌ വാങ്ങി കൂടുതല്‍ വിലയ്ക്ക്‌ വില്‍ക്കുക എന്ന ഫ്രാന്‍സിസ്‌ ഇട്ടിക്കോരയുടെ വിശുദ്ധ ശാസനകളുടെ ആധൂനിക മുഖം ഈയാളിലൂടെ ഏറെ ഭീകരമാകുന്നു. എത്ര വേണമെങ്കിലും പാപങ്ങള്‍ ചെയ്തു കൂട്ടാം മാന്യതയുടെ ഒരു മറ വേണമെന്നു മാത്രം. മത്സ്യം മത്സ്യത്തെ തന്നെ ഭുജിക്കുന്നതുപോലെ മാന്യനായ മനുഷ്യന്‍ നരമാംസ്യഭോജനം നടത്തുന്നതിന്‌ വന്നു ചേരുന്ന മാന്യതയുടെ മുഖം ഏറെ ഭീമത്സമായി ഇവിടെ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. ഇറാക്ക്‌ എന്ന രാജ്യത്തെ നശിപ്പിക്കാന്‍ അമേരിക്ക കൈക്കൊണ്ട "സാല്‍വദോര്‍ ഒപ്ഷന്‍" (Salvadore Option) എന്ന അതി ക്രൂരമായ യുദ്ധനീതിയുടെ ! കാലത്ത്‌ അമേരിക്കന്‍ പട്ടാളത്തിലെ ഒരംഗമായിരുന്നു സേവ്യര്‍ ഇട്ടിക്കോര. ഇറാക്കിലെ ഫലൂജയില്‍ വച്ച്‌ ഒരു സാധു ഇറാക്കി യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലചെയ്യുന്നു. ആ സംഭവത്തോടെ ഇട്ടിക്കോരയുടെ മനസ്സില്‍ എവിടെയോ ഒളിഞ്ഞിരിപ്പുള്ള മനുഷ്യത്വം കോരയുടെ ലൈഗികാസക്തികളെ മരവിപ്പിക്കുകയാണ്‌. ലോകത്തെ എന്തും വില്‍ക്കുക വിറ്റ്‌ ലാഭമുണ്ടാക്കുക സ്വന്തം സുഖത്തിന്‌ ഉപഭോഗം ചെയ്യപ്പെടുക എന്ന "നവ കോര" സിദ്ധാന്തം അയാളെ എത്തിച്ചത്‌ നരമാംസ ഭോജനത്തിലാണ്‌. ഹിംസയുടെ ലോകത്തേക്കു തന്നത്താന്‍ പ്രതിസ്ഥാപിക്കുകയാണ്‌ കോരയുടെ ലക്ഷ്യം. കോരയുടെ പിന്‍മുറക്കാരായ കുന്നംങ്കുളത്തെ പതിനെട്ടാം കൂറ്റുകാര്‍ നോവലില്‍ ഇടപെടുന്നത്‌ തിന്‍മയുടെ നന്‍മയായ പുതിയ വിശുദ്ധ സുവിശേഷങ്ങളെ പിന്‍തുടര്‍ന്നുകൊണ്ടാണ്‌. അവര്‍ വിശ്വസിക്കുന്ന കോരപ്പാപ്പന്‍റെ സുവിശേഷമിങ്ങനെ.
"പതിനെട്ടാം കൂറ്റുകാരുടെ തൊഴിലും ജീവിതവും കച്ചവടമാണ്‌. ജീവിക്കാന്‍ വേണ്ടി നമ്മള്‍ കച്ചവടം ചെയ്യുന്നു. എന്നു പറയുന്നതിനേക്കാള്‍ കച്ചവടം ചെയ്യാന്‍ വേണ്ടി ജീവിക്കുന്നു എന്നു പറയുന്നതാണ്‌ ശരി. കച്ചവടത്തിന്‍റെ നീതിയാണ്‌ നമമുടെ നീതി നേരിട്ട്‌ അധ്വാനിക്കേണ്ടി വരുന്ന മറ്റ്‌ ജോലികളിലേര്‍പ്പെട്ട്‌ ഒരിക്കലും സമയം പാഴാക്കരുത്‌. മറ്റുള്ളവരുടെ അധ്വാനഫലത്തെ ബുദ്ധി ഉപയോഗിച്ച്‌ സ്വന്തമാക്കാന്‍ ശ്രമിക്കുക. എന്തും വില കുറച്ച്‌ വാങ്ങി കൂടിയ വിലയ്ക്ക്‌ വില്‍ക്കുക. അതില്‍ കിട്ടുന്ന ലാഭത്തില്‍ മാത്രമായിരിക്കുണം നമ്മുടെ നോട്ടം. മുളകും പൊന്നും പെണ്ണുമെല്ലാം വാങ്ങാനും വില്‍ക്കാനുമുള്ള ചരക്കുകള്‍ തന്നെയാണ്‌. കച്ചവടത്തില്‍ ലാഭമുണ്ടാക്കാന്‍ വേണ്ടി പ്രയോഗിക്കുന്ന തന്ത്രങ്ങളെല്ലാം നമ്മുക്ക്‌ ശരിയാണ്‌. പ്രലോഭിപ്പിക്കുകയോ നുണ പറയുകയോ ചതിക്കുകയോ കൊല്ലുകയോ എന്തു വേണമെങ്കിലും ചെയ്യാം.
-ഫ്രാന്‍സിസ്‌ ഇട്ടിക്കോര, പേജ്‌ 244
കോരപ്പണം പോലെതന്നെ പ്രധാനപ്പെട്ടതാണ്‌ കോരപ്പെണ്ണും. ഒരു പതിനെട്ടാം കൂറ്റുകാരി വയസ്സറിയിച്ചാല്‍ അടുത്ത ക്രിസ്മസ്‌ രാത്രി അവളെ എനിക്ക്‌ സമര്‍പ്പിച്ച്‌ കോരപ്പെണ്ണാക്കണം. അതിന്‌ ഹൈപേഷ്യയെ ക്രൂശിച്ചതിനെ അനുസ്മരിപ്പിക്കുന്ന ചില ചടങ്ങുകള്‍ ഉണ്ട്‌. രാത്രി നിലവറയിലാക്കി അടച്ച്‌ കഴിഞ്ഞാല്‍ പുലരും വരെ നിലവറ തുറക്കരുത്‌. അകത്ത്‌ എന്തൊക്കെയാണ്‌ നടന്നതെന്ന്‌ ചോദിക്കാനോ പറയാനോ പാടില്ല. പതിനെട്ടാം കൂറ്റുകാരിയല്ലാത്ത പെണ്ണിനെ കല്യാണം കഴിച്ചു കൊണ്ടു വന്നാല്‍ ഇതേ ചടങ്ങുകള്‍ കഴിച്ച്‌ അവളെ പതിനെട്ടാ കൂറ്റുകാരിയാക്കണം.
-ഫ്രാന്‍സിസ്‌ ഇട്ടിക്കോര, പേജ്‌ 245
ഹൈപ്പേഷ്യ അറിവിന്‍റെ തീക്ഷ്ണ സൌന്ദര്യംയൌവനം
അലക്സാന്‍ട്രിയയില്‍ എ.ഡി. 350 നും 370 നും ഇടയക്കുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്ന അതി സുന്ദരിയും സ്വതന്ത്ര ചിന്തകയുമായിരുന്ന ഒരു ഗണിതാധ്യാപികയായിരുന്നു ഹൈപ്പേഷ്യ. സ്ത്രീ സ്വാതന്ത്യ്രത്തിന്‍റെ ഏറ്റവും പൌരാണികമായ മുഖം എന്ന്‌ വിശേഷിപ്പിക്കാവുന്ന ഹൈപ്പേഷ്യ നോവലില്‍ ഏറ്റവും സൌന്തര്യമുള്ള ഏടാണ്‌. ഏറെയൊന്നും ആഘോഷിക്കപ്പെട്ടിട്ടില്ലാത്ത ഹൈപ്പേഷ്യയുടെ വിശുദ്ധ ചരിത്രത്തെ ടി. ഡി. രാമകൃഷ്ണന്‍ ഈ നോവലില്‍ അതി സമര്‍ത്ഥമായി ഉപയോഗിച്ചു കാണുന്നു. ആരെയും മുട്ടുകുത്തിക്കുന്ന ലൈഗികതയും ശരീരത്തിന്‍റെ ദിവ്യനുപാതവുമുള്ള ഹൈപ്പേഷ്യ പ്രണയത്തിന്‍റെ ഉത്തരാധൂനിക സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നു. നന്‍മയുടേയും യുക്തിയുടേയും വിശുദ്ധി കൂടിയാണ്‌ ഹൈപ്പേഷ്യ.
ലോകമാനവ ചരിത്രത്തില്‍ ക്രൈസ്തവമത സ്വാധീനത്തേയും, ചരിത്രത്തിലെ ക്രിസ്തീയ മതത്തിന്‍റെ ആധികാരികതയേയും ടി. ഡി. രാമകൃഷ്ണന്‍ ഹൈപ്പേഷ്യയെ അവതരിപ്പിച്ചുകൊണ്ട്‌ തകര്‍ക്കുകയാണ്‌. മാനവന്‍റെ ചരിത്രം രൂപ്പെടുത്തിയത്‌ മതങ്ങളല്ല മറിച്ച്‌ ലോകത്ത്‌ ന്യൂനപക്ഷമായിരുന്ന ക്രൈസ്തവ സമൂഹം അറിവും യുക്തിയും പകര്‍ന്നു തരുന്ന ബൌദ്ധിക വികാസങ്ങള്‍ക്കനുസരിച്ച്‌ പുരോഗമിച്ചിരുന്ന കാലത്തെ തകര്‍ക്കുകയും ബുദ്ധിജീവി വര്‍ഗ്ഗത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു എന്ന്‌ അനുമാനിക്കുന്നു. എ.ഡി. 410 ഹൈപ്പേഷ്യയുടെ അവസാന കാലഘട്ടത്തെ ഒരേടില്‍ പറയുന്നതിങ്ങനെ.
"അക്കാലത്ത്‌ ദുഖവെള്ളിയാഴ്ച അലക്സാട്രിയയില്‍ ഒഴിവു ദിവസമല്ല. ക്രിസ്തുമത വിശ്വാസികള്‍ സമൂഹത്തില്‍ ശക്തരായിരുന്നെങ്കിലും ഭൂരിപക്ഷമായിരുന്നില്ല. മാത്രമല്ല ഹൈപ്പേഷ്യയെ പോലുള്ള ചിന്തകരും ശാസ്ത്രജ്ഞരുമടങ്ങിയ സര്‍വ്വകലാശാലയിലെ ബുദ്ധിജീവികളെ അവിശ്വാസികളും പാഗനുകളുമായി (അക്രൈസ്തവ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍) ചിത്രീകരിച്ച്‌ അവര്‍ നടത്തുന്ന ശാസ്ത്ര പരീക്ഷണങ്ങള്‍ ദൈവ നിഷേധവും ചെകുത്താന്‍ സേവയുമാണെന്ന്‌ പ്രചരിപ്പിച്ചുകൊണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും സര്‍വ്വകലാശാലയുടെ പ്രശസ്തിയെയോ ഹൈപ്പേഷ്യയെയോ ബാധിച്ചില്ല. എല്ലാ വര്‍ഷവും വിദേശ വിദ്യാര്‍ത്ഥികള്‍ അലക്സാന്‍ട്രിയയില്‍ എത്തി.
- The true story of hypatia, Iebella Swan, Page 79
വളരെ വലിയ സമയ മുദ്രയായ ഒരു ബൃഹദ്‌ ചരിത്രത്തിലെ കണ്ണെത്താ ദൂരത്ത്‌ നിന്ന്‌ ഹൈപ്പേഷ്യയെ കൊണ്ടു വരുമ്പോള്‍ ഇവിടെ കാലം കീഴ്മേല്‍ മറിയുന്ന ഒരു അനുഭവമുണ്ടാകുന്നു. ഇന്നും ഇന്നലേകളും കുഴഞ്ഞു മറിയുകയാണ്‌. ചരിത്രത്തിലെ കുഴമറിഞ്ഞു കിടക്കുന്ന ഫാസിസ്റ്റ്‌ ആഖ്യാനങ്ങളെ പിന്‍തള്ളിക്കൊണ്ട്‌ ഹൈപ്പേഷ്യയെ പോലുള്ള ശക്തി സൌന്ദര്യങ്ങളെ എടുത്ത്‌ ഇന്ന്‌ ഭാവനചെയ്യുന്നതില്‍ ചെറുതല്ലാത്ത ഒരു സുഖമുണ്ട്‌. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ ഹൈപ്പേഷ്യ മരണമടയുന്നത്‌ മതഭ്രാന്തന്‍മാരുടെ നഗ്നമായ അക്രമണത്തിലാണ്‌. അതി ദയനീയമായ രീതിയില്‍ ഹൈപ്പേഷ്യ കൊലചെയ്യപ്പെടുകയായിരുന്നു.
നോവലിന്‍റെ പിന്നീട്‌ കടന്നു വരുന്നു ശിഷ്യ പരമ്പര നീങ്ങുന്നത്‌ വിശുദ്ധ! അപഥ സഞ്ചാരങ്ങളിലേക്കാണ്‌. ഗണിത ശാസ്ത്ര ഗവേഷക ഹഷിമോട്ടോ മൊറിഗാമി ഹൈപ്പേഷ്യന്‍ ജീവിതത്തെ അനുധാവനം ചെയ്യുന്നവളെങ്കിലും കഥാന്ത്യത്തില്‍ സേവ്യര്‍ ഇട്ടിക്കോരയ്ക്കൊപ്പം നരമാംസ്യാസ്വാദനം നടത്തുന്നു. കാലത്തിന്‍റെ, അറിവിന്‍റെ, നന്‍മയുടെ ഈ മലക്കം മറിച്ചിലിനെ നാം കാണാതിരുന്നുകൂടാ. വരും കാലത്തിന്‍റെ കൈയ്യില്‍ തിന്നുകയും സ്വയം തിന്നപ്പെടുകയും ചെയ്യാവുന്ന ദുരന്തങ്ങളേയും മൂല്യച്യതികളേയും ആദര്‍ശവല്‍ക്കരിക്കപ്പെട്ടേക്കാം. ചക്രവര്‍ത്തിയും കാമുഖനുമായ ഒറേസ്റ്റസ്സിനൊപ്പം മതഭ്രാന്തന്‍മാര്‍ ഹൈപ്പേഷ്യയെ ചുട്ടുകൊല്ലുകയായിരുന്നു. ഒരു പ്രതിരോധത്തിനു പോലും ത്രാണിയില്ലാതെ ഹൈപ്പേഷ്യക്ക്‌ ചെയ്യാത്ത കുറ്റം ഏറ്റു പറയേണ്ടി വന്നു. "പരിശുദ്ധനായ കര്‍ത്താവേ കരുണമയനായ യേശുവേ, അലക്സാന്‍ട്രിയയിലെ പൌരന്‍മാരെ, നിങ്ങള്‍ക്കു മുന്നില്‍ എന്‍റെ കുറ്റങ്ങള്‍ സമ്മതിക്കുന്നു. ഞാന്‍ വേശ്യയാണ്‌, ദുര്‍മന്ത്രവാദിയാണ്‌. പാപിയാണ്‌. ഈ തെറ്റുകള്‍ പൊറുത്ത്‌ എന്‍റെ ശിഷ്ടജീവിതമെനിക്ക്‌ തിരിച്ചു തരേണമേ. . . . "
മതഭ്രാന്തന്‍മാര്‍ ഹൈപ്പേഷ്യയുടെ അഷ്ടഭുജ ഭവനമായ ജ്യോമട്രിക്കയും, അവരുടെ അമൂല്യമായ ഗണിത ശാസ്ത്ര കുറിപ്പുകളും ("പാപ്പിറസ്‌" ചുരുളുകള്‍) കത്തിച്ചു കളഞ്ഞു. ഈ ഒരു രേഖീയമായ ഹൈപ്പേഷ്യന്‍ ചരിത്ര സൂചനകളില്‍ നിന്ന്‌ നോവലിസ്റ്റ്‌ ടി. ഡി. രാമകൃഷ്ണന്‍ വായനക്കാരന്‌ ചരിത്രത്തില്‍ രമിക്കാന്‍ പുതിയ ചില ഇടങ്ങള്‍ ഉണ്ടാക്കുകയാണ്‌.
സമകാലിക മലയാള ജീവിതം
ഒളിഞ്ഞു നോട്ടങ്ങളുടേയും അടക്കിപ്പിടിച്ച രതിയുടേയും, പെണ്‍വാണിഭങ്ങളുടേയും സമകാലിക സാഹചര്യത്തെ അതിന്‍റെ വരുംകാല പരിണിതികളെ ഭാവനചെയ്യുന്നത്‌ The School എന്ന നക്ഷത്ര വേശ്യാലയത്തിലൂടെയാണ്‌. സമൂഹത്തിന്‍റെ മുഖ്യധാരയില്‍ ലൈഗികത നടത്തുന്ന പുതുപുത്തന്‍ വ്യവഹാരങ്ങളെ യാഥാര്‍ത്ഥമായി ആവിഷ്ക്കരിച്ചിട്ടുണ്ട്‌ ഈ നോവലില്‍. വേശ്യാലയങ്ങള്‍ അയല്‍പക്കത്ത്‌ നിലനില്‍ക്കുമ്പോഴും തകര്‍ക്കപ്പെടുമ്പോഴും കേരള സമൂഹം ആഘോഷിക്കുകയാണ്‌. മലയാളിയുടെ അമര്‍ത്തിവച്ച കാമനകളുടെ ഇന്ധനം മാത്രമാണ്‌ ഇത്തരം The School -ന്‍റെ നിലനില്‍പ്പും തകര്‍ച്ചയും. മലയാളി രണ്ടും ആഘോഷിക്കുന്നു. മുറിക്കുള്ളില്‍ രഹസ്യമായും ഒരു സെക്സ്‌ റാക്കറ്റ്‌ തകര്‍ക്കുമ്പോള്‍ മാധ്യമങ്ങളിലൂടെ പരസ്യമായും മലയാളി രതിക്രീഡ ചെയ്യുന്നു. ദ സ്കൂളിലെ അന്തേവാസികളായ രേഖ, രശ്മി, ബന്ദു എന്നീ യുവതികള്‍ നരഭോജിയായ കോര കൂടുംബാഗം ഇട്ടിക്കോരയെ കൊച്ചിയലേക്ക്‌ ക്ഷണിക്കുന്നു. തന്‍റെ പിതാമഹനായ ഫ്രാന്‍സിസ്‌ ഇട്ടിക്കോരയുടെ ജന്‍മനാട്‌ കാണാനും തനിക്ക്‌ നഷ്ടപ്പെട്ട ലൈഗികശേഷി വീണ്ടെടുക്കാനുമാണ്‌ കോര കൊച്ചിയിലേക്ക്‌ വരുന്നത്‌. കോരയെ പോലെയുള്ള അതിസമ്പന്നനായ അഥിതിയെ തൃപ്തിപ്പെടുത്താന്‍ ഈ മൂന്നു പേരും വളരെ പ്രൊഫഷണലായി കോരകുടുംബത്തെക്കുറിച്ചും പ്രധാനമായി കുന്നംങ്കുളത്തെ പതിനെട്ടാം കൂറ്റുകാരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നു. വേശ്യാ വൃത്തിയുടെ വരും കാല പരിണിതികളായല്ല; സമകാലിക മലയാള ജീവിതത്തിന്‍റെ തന്നെ പരിച്ഛേദമല്ലേ ഇവര്‍ മൂന്നുപേരും എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. എഴുത്തുകാരനും, രാഷ്ട്രീയക്കാരനും, സമൂഹത്തിലെ ഉയര്‍ന്ന വ്യക്തികളും അടങ്ങുന്ന ഇവരുടെ ലൈഗിക ചേരി ഈ നോവലിന്‍റെ നായക സ്ഥാനത്ത്‌ നില്‍ക്കുന്നു. ഇതേ വേശ്യാലയം തകര്‍ക്കപ്പെടുമ്പോള്‍ ഇതിലെ രേഖ എന്ന യുവതിയെ കേരള ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യ ഭോഗം ചെയ്യുന്നു. ഹൈപ്പേഷ്യയുടെ ശിഷ്യ പരമ്പരയിലെ അംഗമായ വിദേശ യുവതി മൊറിഗാമി സെക്സിനെപ്പറ്റി പറയുന്നതിങ്ങനെ. "Sex is having a magnificient effect in the formation of one’s political and philosophical attitudes”
ഈ നോവലിന്‍റെ അവതാരികയില്‍ ആഷാ മേനോന്‍ പറയുന്നത്‌,
"ധര്‍മ്മ പുരാണത്തിനു ശേഷം ഇത്രയും ഭീകരമായി നരമാംസ്യാസ്വാദനം ഒരു കൃതിയിലും സംഭവിച്ചിട്ടില്ല. അനന്തതവരെ ചെല്ലുന്ന ഗണിത സൂത്രങ്ങളില്‍ അഭിരമിക്കുന്ന മനുഷ്യ ചേതന ഇവ്വിധം നിര്‍ദയമായ രസ കേളികളില്‍ ഏര്‍പ്പെടുന്നത്‌ വെറും വൈരുധ്യത്തിന്‍റെ മാത്രം കഥയല്ല. ആപത്കരമായ ഒരു വിപരിണാമത്തിന്‍റെ ദുസ്സൂചനകൂടിയാണത്‌"
ഫാസിസത്തിനെതിരെ തന്‍റെ വിമര്‍ശനത്തില്‍ ജുഗുപ്സയും മനുഷ്യ മലത്തിന്‍റെ ദുര്‍ഗന്ധത്തേയും സ്വാശീകരിച്ചെടുത്ത്‌ പുതിയ കലാപം നടത്തുകയായിരുന്നു ഒ. വി. വിജയന്‍ ചെയ്തത്‌. മനുഷ്യന്‍റെ അടങ്ങാത്ത കാമനകളുടെ, തൃഷ്ണകളുടെ, ആധുനികലോകത്ത്‌ മാന്യതയുടെ മൂഖംമൂടിക്കു പിന്നില്‍ നിന്ന്‌ നരമാംസ്യഭോജനം നടത്തുന്നതിന്‍റെ, ലോകത്തിന്‍റെ സ്പന്ദനങ്ങളില്‍ നിന്നകന്ന്‌ ഗണിതം സമ്പത്ത്‌ കൈയ്യാളുന്നവന്‍റെ അടിമയാകുന്നതിനെ, ഇതുവരെ വിഭാവനം ചെയതിട്ടില്ലാത്ത തിന്‍മയുടെ രൂപമാറ്റങ്ങളെ ടി. ഡി. രാമകൃഷണന്‍ ഈ നോവലിലൂടെ അവതരിപ്പിക്കുന്നു.
ഒ. വി. വിജയന്‍റെ രചന വൈശിഷ്ട്യമായ ക്ളാസ്സിക്കല്‍ ശൈലിയും പഴയ ഗ്രാമ്യതയുടെ വായ്‌വര്‍ത്തമാനങ്ങളുടെ ആത്മാവും നമ്മള്‍ വായനക്കാര്‍ തൊട്ടറിഞ്ഞതാണ്‌. ടി. ഡി. രാമകൃഷ്ണന്‍റെ നോവലിലെ മുഖ്യ പോരായ്മ ഭാഷയുടെ ഭൂമിശാസ്ത്രവ്യത്യാസങ്ങളെ അറിയാതെപോയതാണ്‌. കോരയ്ക്കും ഇയ്യാലെ കോതയ്ക്കും ഒരേ ഭാഷാ ശൈലിയാണ്‌ രാമകൃഷ്ണന്‍ ആവിഷ്ക്കരിക്കുന്നത്‌. ഭാഷയുടെ യുക്തി ഭദ്രത ഒ. വി. വിജയന്‍ എന്നും വളരെ ഭംഗിയായി കാത്തു സൂക്ഷിച്ചിരുന്നു.
മാര്‍ക്യൂസിന്‍റെ നോവലുകളുടെ തര്‍ജ്ജമ വായിക്കുന്ന ഒരു സുഖവും ഉദ്വോഗഭരിതമായ ഒരന്തരീക്ഷവും ഈ നോവലില്‍ കാണാം. ഏറേക്കാലത്തിനു ശേഷം മലയാള നോവല്‍ വീണ്ടും പഴയ കലാപം പുനരാരംഭിക്കുകയാണ്‌. ഏറെ പ്രതീക്ഷയോടെ നമ്മുക്ക്‌ കാത്തിരിക്കാം.
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.