2018, മാർച്ച് 25, ഞായറാഴ്‌ച

ഗുജറാത്ത് ഫയല്‍സ്: ആര്‍ക്കും മൂടിവെയ്ക്കാനാകാത്ത വലിയ സത്യങ്ങള്‍!  • സന്തോഷ് പല്ലശ്ശനലോകത്ത് നടന്ന എല്ലാ കലാപങ്ങളുടേയും പിന്നില്‍ മനുഷ്യനെ വംശീയമായി വിഘടിപ്പിക്കുന്ന ഒരു ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭിന്നിപ്പിച്ച് ഭരിക്കാനായി ഹിന്ദുക്കളിലേയും മുസ്ലീങ്ങളിലേയും ചിലര്‍ വഹിക്കുന്ന മതഭ്രാന്തിനെ (Fanatic) ഒരു പ്രത്യയശാസ്ത്രമാക്കി മാറ്റിയത് ബ്രട്ടീഷുകാരാണ്. ഇന്ത്യയുടെ മതനിരപേക്ഷ സംങ്കല്‍പങ്ങളെ ഇന്നും കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നത് ഈ പഴയ ഭ്രാന്താണ്. ആ ഭ്രാന്തന്മാര്‍ ഇന്ന് പുതിയ രൂപത്തിലും ഭാവത്തിലും വളരെ ആസൂത്രിതമായി ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണം പടിച്ചെടുത്തിരിക്കുന്നു. അവര്‍ക്ക് ഇപ്പോള്‍ അവരുടെ പിന്‍കാല ചരിത്രംതന്നെ മാറ്റിയെഴുതിയാല്‍ കൊള്ളാമെന്നുണ്ട്. കലാപത്തിന്റെ പാപക്കറകള്‍ അധികാരവും സ്വാധീനവും ഉപയോഗിച്ച് കഴുകിക്കളയാന്‍ ശ്രമിക്കുന്നു. രാഷ്ട്രീയ പൊറാട്ടു നാടകങ്ങളിലൂടെ വികസന-പ്രീണന സിദ്ധാന്തങ്ങള്‍ക്കിടയില്‍ പതുക്കെ മുഖം മിനുക്കുന്നു!. 

ഇന്ത്യയുടെ മതനിരപേക്ഷ കാഴ്ചപ്പാടുകളിലെ പടര്‍ന്നുപിടിക്കുന്ന തിമിരമാണ് ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം. വിഭജനമേല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങുന്നതിനുമുന്‍പെ ഡല്‍ഹിയിലും ബംഗാളിലുമൊക്കെ രക്തരൂക്ഷിതമായ കലാപങ്ങള്‍ നയിച്ച ആര്‍എസ്എസിന്റെ ഏറ്റവും പുതിയ ഫാസിസ്റ്റ് മുഖമാണ് നരേന്ദ്ര മോഡിയും അമിത് ഷായും. വെറും പത്രവാര്‍ത്തകളിലൂടെ മാത്രം നമുക്ക് അവരുടെ ചരിത്രം മുഴുവന്‍ അറിയുക സാധ്യമല്ല. കാരണം ഇന്ത്യയിലെ ഒട്ടുമിക്ക മാധ്യമങ്ങളെയെല്ലാം അവര്‍ വിലയ്‌ക്കെടുത്തുകഴിഞ്ഞു. വലതുപക്ഷ മാധ്യമങ്ങള്‍ ഇന്ത്യയുടെ മതനിരപേക്ഷ കാഴ്ചപ്പാടുകളെ രാത്രി ചര്‍ച്ചകളില്‍ വലിച്ചു കീറുന്നു. ധീരമായ സ്റ്റിംഗ ഓപ്പറേഷനുകളിലൂടെ, സംഘപരിവാറിന്റെ നിറം പൂശിയ മുഖത്തിനുപിന്നിലെ ചെന്നായ് രോമങ്ങള്‍ വലിച്ചു പുറത്തെടുക്കാന്‍ ശ്രമിച്ച തെഹല്‍ക്ക ഇന്ന് എവിടെയാണ്. അതിന്റെ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ലൈംഗികാരോപണത്തിന്റെ പേരില്‍ അകത്തായി. ഇനിയും വിചാരണ പൂര്‍ത്തിയായിട്ടില്ല. ആരുഷി കേസിന്റെ ഉള്ളറകളില്‍ അന്വേഷണ ഏജന്‍സികള്‍ പോലും കാണാത്ത അനിഷേധ്യ സത്യങ്ങള്‍ ലോകത്തോടു വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന ഷോമ ചൗധരി ഇന്ന് പാടേ തമസ്‌ക്കരിക്കപ്പെട്ടു. ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ് എന്ന പടുകൂറ്റന്‍ രാജ്യദ്രോഹ കുംഭകോണം എങ്ങുമെത്താതെ ഒടുങ്ങി. എന്നാല്‍ 2002 ലെ ഗുജറാത്ത് കലാപത്തിലെ അരുംകൊലകളും എന്‍കൗണ്ടര്‍ നാടകങ്ങള്‍ക്കുപിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ സാമൂഹ്യാന്തരീക്ഷത്തില്‍ ഇപ്പോഴും അലയടിക്കുന്നുണ്ട്. കണ്ണുകെട്ടിയ നീതിപീഠങ്ങള്‍ക്കുമപ്പുറം വലിയൊരു ജനകീയ വിചാരണ ഇന്നല്ലെങ്കില്‍ നാളെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ അത് രാഷ്ട്രീയ ബോധമനസ്സുകളില്‍ ചെറുതീക്കാറ്റായി അലയുന്നു.


തെഹല്‍ക്കയുടെ മുന്‍ പത്രാധിപയായിരുന്ന റാണാ ആയൂബിന്റെ 'ഗുജറാത്ത് ഫയല്‍സ്' (Gujarat Files-Anatamy of A Cover UP) എന്ന ഇംഗ്ലീഷ് പുസ്തകം ഗുജറാത്തിലെ പുല്ലുമൂടിയ ഖബറിടങ്ങളിലെ മീസാന്‍ കല്ലുകളില്‍ നിന്ന് ഇനിയും മരിക്കാത്ത നീതിബോധമുള്ള ജനാധിപത്യവിശ്വാസത്തിന്റെ ആന്തരിക ജീവിതത്തിലേക്ക് പ്രതീക്ഷയുടെ ഒരു മഹാവിസ്‌ഫോടനത്തിനുള്ള ഊര്‍ജ്ജം നിറയ്ക്കുന്നു.

തെഹല്‍ക്കയുടെ എഡിറ്റര്‍മാരായ തരുണ്‍ തേജ്പാലിന്റേയും ഷോമാ ചൗധരിയുടേയും പൂര്‍ണ്ണ പിന്‍തുണയോടെ അഹമാദാബാദില്‍ താമസിച്ച് മൈഥിലി എന്ന ഹിന്ദു പെണ്‍കുട്ടിയുടെ വേഷത്തില്‍ നടത്തിയ സ്റ്റിങ്ങ് ഓപ്പറേഷന്റെ വിശദാംശങ്ങളാണ് പുസ്തകത്തില്‍. നരേന്ദ്ര മോഡി ഗവണ്‍മെന്റ് രണ്ടാമത് അധികാരമേറ്റ് വെറും നാലു വര്‍ഷത്തിനുള്ളില്‍ നടത്തിയ ആറ് വ്യാജ എന്‍കൗണ്ടറുകളുടെ യഥാര്‍ത്ഥ്യങ്ങളിലേക്ക് റാണാ ആയൂബ് ചൂഴ്ന്നിറങ്ങുന്നു.  ഭരകൂടത്തിന്റെ അറിവോടെ നടന്ന എന്‍കൗണ്ടറുകള്‍ക്കുശേഷം (Staged 'encounter killing) ബലിയാടുകള്‍ ആക്കപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന്മാരുടെ സത്യസന്ധമായ തുറന്നുപറച്ചിലുകള്‍ - സംശയലേശമെന്യെ ഉറപ്പിക്കാവുന്ന ചില സ്ഥിരീകരണങ്ങള്‍, ഗുജറാത്ത് ഫയല്‍സ് - സത്യത്തിന്റെ തീക്കാറ്റായി മാറുന്നു. നമ്മള്‍ തിരിച്ചറിയുന്നു, നമ്മളെ ഭരിക്കുന്നത് മറ്റാരുമല്ല.... കൊടും കുറ്റവാളികള്‍തന്നെ.

രാജസ്ഥാനിലേയും മറ്റും മാര്‍ബിളിള്‍ വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്ന സൊഹറാബുദ്ദീന്‍ ഷേക്ക് എന്ന കുറ്റവാളിയെ മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ബസ്സില്‍ യാത്രചെയ്യവെ, വണ്ടി തടഞ്ഞുനിര്‍ത്തി പൊതുജനമധ്യത്തില്‍ വെച്ച് പിടിച്ചുകൊണ്ടുപോകുമ്പോള്‍ സൊഹറാബുദ്ധീന്റെ കൂടെ അദ്ദേഹത്തിന്റെ പത്‌നി കൗസര്‍ബിയും സഹായി തുള്‍സിരാം പ്രജാപതിയുമുണ്ടായിരുന്നു. സോഹ്‌റാബുദ്ദീനെ പിന്നീട് വെടിവെച്ചു കൊല്ലുന്നു. ജീവിച്ചിരിക്കുന്ന സാക്ഷികളായ കൗസര്‍ബിയേയും തുള്‍സിരാമിനേയും പിന്നീട് അതി ക്രൂരമായി കൊലചെയ്യുകയുണ്ടായി. അഹമദാബാദിലെ ഏതോ ഫാം ഹൗസില്‍ വെച്ചാണ് ഈ അരുകൊലകള്‍ നടന്നതെന്നാണ് പറയപ്പെടുന്നത്. കൊലയ്ക്കു മുന്‍പ് മധ്യവയസ്‌കയായ കൗസര്‍ബി ബലാത്സംഗം ചെയ്യപ്പെട്ടിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആകില്ല. ഡെപ്യൂട്ടി കമ്മീഷണറായിരുന്ന, അമീത് ഷായുടെ വലംകയ്യായിരുന്ന ഡി.ജി. വന്‍സാരയുടെ നേതൃത്വത്തില്‍ നടന്ന കൊലപാതകത്തിന്റെ ചുരുളുകള്‍ പിന്നീട് അഴിഞ്ഞുവീണത് പ്രശാന്ത് ദയാല്‍ എന്ന പത്രപ്രവര്‍ത്തകന്റെ സ്റ്റിംഗ് ഓപ്പറേഷനിലൂടെയായിരുന്നു. ആര്‍ക്കുവേണ്ടിയായിരുന്നു ഈ അരുംകൊല നടത്തിയത്. സൊഹ്‌റാബുദ്ദീന്‍ അല്‍-ക്വയ്ദയുടെ ആളാണ് എന്ന് പിന്നീട് പ്രചരിപ്പിച്ചത് ആര്‍ക്കുവേണ്ടിയായിരുന്നു. സൊഹ്‌റാബുദ്ധീനെ കൊന്നത് ന്യായീകരിച്ചാല്‍തന്നെയും, പത്‌നി കൗസര്‍ബിയേയും തുള്‍സിരാമിനേയും കൊന്നത് എന്തിനായിരുന്നു എന്ന ചോദ്യത്തിനു മുന്‍പില്‍ ഗുജറാത്തിലെ പോലീസ് വിയര്‍ത്തു!. കേസില്‍ അമീത്ഷാ അറസ്റ്റിലായി. രാം ജെഠ്മലാനിയെപോലെ രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള വക്കീലിനെ വെച്ച് വാദിച്ച് മുഖ്യ സൂത്രധാരന്‍ വെറും മൂന്ന് മാസംകൊണ്ട് തടിതപ്പി, സ്ഥിരം ജാമ്യത്തിലിറങ്ങി. എന്നാല്‍ അമിത് ഷായ്ക്കുവേണ്ടി അരുംകൊലനടത്തിയ ഡി.ജി. വന്‍സാരയും പരിവാരങ്ങളും നവി മുംബൈയിലെ തലോജ ജയിലില്‍ ഗോതമ്പുണ്ട തിന്നുന്നു. ഡി.ജി. വന്‍സാര പിന്നീട് തലോജ ജയിലില്‍ ഇരുന്ന് എഴുതിയ തന്റെ രാജിക്കത്തില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ നല്‍കുന്ന സൂചനകള്‍ നീളുന്നത് അന്നത്തെ മോഡി ഗവണ്‍മെന്റിലേക്കു തന്നെയാണ്. കത്തിന്റെ പകര്‍പ്പ് അന്ന് ടൈംസ് ഓഫ് ഇന്ത്യയില്‍ അടിച്ചു വന്നിരുന്നു.


ചുരുക്കിപ്പറഞ്ഞാല്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ ഇപ്പോഴും പൊതു ജനമധ്യത്തില്‍ ഇറങ്ങിനടക്കുന്നു-നാടു ഭരിക്കുന്നു... ഇഷ്രത്ത് ജഹാന്‍ വ്യാജ എന്‍കൗണ്ടര്‍ കേസടക്കം പല കേസിലും സംശയത്തിന്റെ നിഴലുകള്‍ എത്തുന്നത് അമീത് ഷായിലേക്കും മോഡിയിലേക്കുമാണെന്ന് റാണാ ആയൂബിന്റെ പുസ്തകം വായിച്ചു മടക്കുമ്പോള്‍ നമ്മള്‍ ഉറപ്പിക്കുന്നു. വെറുതെ ഭാവന വാരിക്കോരി എഴുതുകയല്ല റാണാ ആയൂബ് ചെയ്തിരിക്കുന്നത്. വ്യക്തമായ ഡിജിറ്റല്‍ തെളിവുകളുടെ ബലത്തിലാണ് റാണാ ആയൂബ് എന്ന പത്രപ്രവര്‍ത്തക തന്റെ പുസ്തകത്തിലൂടെ സമര്‍ത്ഥിക്കുന്നത്. 

ആര്‍എസ്എസിന്റെ പ്രത്യയ ശാസ്ത്രം തലക്കുപിടിച്ച്, അമീത് ഷായേയും നരേന്ദ്രമോഡിയേയും വിശ്വസിച്ച് മുസ്ലീങ്ങളെ ഒന്നാകെ കൊന്നൊടുക്കാനായി ഇറങ്ങിത്തിരിച്ച മായാ കൊടാനിയെ പോലെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇന്ന് ജയിലില്‍ കിടന്ന് നിലവിളിക്കുകയാണ്. 2002 ലെ ഗുജറാത്ത് കലാപം നടക്കുമ്പോള്‍ കാര്യങ്ങള്‍ വളരെ പതുക്കെ നീക്കീയാല്‍ മതിയെന്നും, ഹിന്ദുക്കള്‍ തങ്ങളുടെ 'വികാരം' പ്രകടിപ്പിക്കട്ടെ എന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു എന്ന് വെളിപ്പെടുത്തിയത് സഞ്ജീവ് ഭട്ട് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാത്രമല്ല. റാണാ ആയൂബിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ പല ഉദ്യോഗസ്ഥന്‍മാരും ബോധപൂര്‍വ്വമല്ലെങ്കിലും വെളിപ്പെടുത്തുന്നുണ്ട്. 2002 ഫെബ്രവരി 27 ന് നരേന്ദ്രമോദിയുടെ വീട്ടില്‍ വെച്ചുനടന്ന മീറ്റിങ്ങില്‍ സംഭവിച്ചതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ സഞ്ജീവ് ഭട്ടിനെക്കൂടാതെ മറ്റുദ്യോഗസ്ഥന്മാരും സമ്മതിക്കുന്നുണ്ട്. നമ്മളെ ഭരിക്കുന്നത് കുറ്റവാളികളാണ് എന്ന് തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്.

സത്യമിതാണ് എന്നിരിക്കെ നമ്മള്‍ പിന്നെയും ഈ ദുഷിച്ച രാഷ്ട്രീയ ശവങ്ങളെ ചുമക്കേണ്ടി വരുന്നത് അങ്ങേയറ്റം ആത്മഹത്യാപരമാണ്. വികസനത്തിന്റെ പേരുപറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ മണ്ണിട്ട് അമ്പാനിക്കും അഡാനിക്കും നീരജ് മോഡിമാര്‍ക്കും വാരിക്കോരിക്കൊടുത്തുകൊണ്ട് സിംഹാസനമുറപ്പിക്കുകയാണിവര്‍. 


സത്യം വിളിച്ചുപറയേണ്ട പത്രങ്ങളുടെ വായമൂടിക്കെട്ടിയിരിക്കുകയാണ്. റാണാ ആയുബിന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്; സ്റ്റിംഗ് ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി ഡല്‍ഹിലേക്ക് മടങ്ങിയെത്തിയ റാണയോട് എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ പറയുന്നുണ്ട് 'Look Rana, after the TEHELKA sting on Bangaru Laxman they shut our office. Modi is all set to be the most powerful man, the PM. If we touch him we will be finished'. തെഹല്‍ക്ക ഇന്നെവിടെ?  പട്ടിണി കിടന്നും ഓട്ടോ ഓടിച്ചും, ശമ്പളമില്ലാതെ, സത്യസന്ധമായി പത്രപ്രവര്‍ത്തനം നടത്തിയ പ്രശാന്ത് ദയാല്‍ എന്ന ഗുജറാത്തി പത്രപ്രവര്‍ത്തകന്‍ എവിടെ...?

തന്തയ്ക്കു പിറന്ന പല പത്രപ്രവര്‍ത്തകരേയും നിശ്ശബ്ദരാക്കി, പല കള്ളക്കേസുകളുണ്ടാക്കി ജയിലില്‍ അടച്ചു, കോര്‍പ്പറേറ്റ് മണിയും ചില മാധ്യമ വേശ്യകളേയും ഉപയോഗിച്ച് നാടുനീളെ നുണകള്‍ വില്‍ക്കുന്നു. പൊതുബാങ്കുകള്‍ അപ്പാടെ കൊള്ളടിക്കപ്പെട്ടിട്ടും ജനം നിസ്സംഗമായി കൈയ്യുംകെട്ടി നോക്കിനില്‍ക്കുന്നു!....

ഇത് ജനാധിപത്യമല്ല... ഇത് പണാധിപത്യമാണ്.... ചോദ്യം ചോദിക്കുന്നവനെയൊക്കെ നിശ്ശബ്ദമാക്കുന്ന-കാലപുരിക്കയക്കുന്ന ഈ ഫാസിസത്തെ ജനാധിപത്യം എന്നു വിളിക്കാന്‍ അകില്ല. രാജ്യത്തിലെ മഹാഭൂരിപക്ഷം മുഴുവന്‍ ആര്‍എസ്എസിന്റെ കാളകൂട വിഷം എക്കാലവും കുടിച്ചു മയങ്ങും എന്ന് വിചാരിക്കാന്‍ ആകില്ല. ഒരിക്കല്‍ അവര്‍ ഉറക്കമുണരുക തന്നെ ചെയ്യും...

നരേന്ദ്രമോഡിയുടേയും അമിത് ഷായുടേയും വളര്‍ച്ചയുടെ രാഷ്ട്രീയം ഇന്ത്യയുടെ ജനാധിപത്യവുമായി യോജിച്ചുപോകുന്നതല്ല. അവര്‍ ഭിന്നിപ്പിച്ചും കലാപങ്ങള്‍ക്ക് ചരടുവലിച്ചും വളര്‍ന്നുവന്നവരാണ്. റാണാ ആയുബിന്റെ 'ഗുജറാത്ത് ഫയല്‍സ്' അത് സാക്ഷ്യപ്പെടുത്തുന്നു. നീതി പീഠത്തിന്റെ പഴുതുകളിലൂടെ അവര്‍ പിന്നീട് രക്ഷപ്പെടുന്നു. ചുരുക്കം ചില കേസുകളൊഴികെ മറ്റു കേസുകള്‍ക്ക് സംഭവിച്ചതെന്താണ്...?  രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഉദ്യോഗസ്ഥരെ ബലിയാടാക്കി നേതാക്കന്മാര്‍ കൈകഴുകി... 

ഇപ്പോള്‍ മുസാഫീര്‍ നഗര്‍ കലാപത്തിലെ 131 കേസുകള്‍ പിന്‍വലിക്കാനുള്ള ഒരുക്കത്തിലാണ് ഗുജറാത്തിലെ ബി.ജെ.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 131 ല്‍ 70 ശതമാനം കേസിലേയും കുറ്റവാളികള്‍ ആര്‍എസ്എസ് കാരാകുമ്പോള്‍ കേസുകള്‍ തേച്ചുമായ്ച്ചു കളയാനുള്ള വ്യഗ്രത കൂടാതെ തരമില്ലല്ലൊ..

അതെ, തരുണ്‍ തേജ്പാല്‍ റാണാ ആയൂബിനോടു പറഞ്ഞത് വളരെ ശരിയാണ്. അവരെ തൊട്ടാല്‍ കഥയെപ്പോള്‍ തീര്‍ന്നു എന്നു ചോദിച്ചാല്‍ മതി!. ഗോമാംസം തിന്നു എന്നാരോപിക്കപ്പെട്ട് ഉത്തര്‍ പ്രദേശിലെ ദാദ്രിക്കടുത്തുള്ള ബിസാര ഗ്രാമത്തിലെ മുഹമ്മദ് അഖ്‌ലാഖിനെ കൊന്നത് തൊട്ടതിന്റെ പേരിലല്ല - തിന്നതിന്റെ പേരിലാണ്. ധാബോല്‍ക്കറിനേയും ഫന്‍സാരയേയും ഗൗരിലങ്കേഷിനേയും കൊന്നത് അവര്‍ക്കെതിരെ മിണ്ടിയതിന്റെ പേരിലാണ്. അഭിമാനക്കൊല നടത്തി സെല്‍ഫി വീഡിയൊ എടുക്കുന്നവര്‍ മുദ്രാവാക്യം വിളിക്കുന്നത് ആര്‍എസ്എസിനുവേണ്ടിയാണ്. ആര്‍എസ്എസിന്റെ പ്രത്യയ ശാസ്ത്രത്തിന്റെ പേരില്‍ ആര്‍ക്ക് ആരേയും താടിയില്‍ നുള്ളാം... പ്രതികരിച്ചാല്‍ കൊന്നുതള്ളാം... ഒരു പട്ടിയും ചോദിക്കില്ല എന്നായിരിക്കുന്നു!.


ഇന്ത്യാ മഹാരാജ്യത്ത് ജാതിയുടേയും മതത്തിന്റെയും പേരില്‍ നാളിതുവരെ കലാപങ്ങളുടെ മാത്രം ചരിത്രമെഴുതിയ ആര്‍എസ്എസ് ഇന്ന് രാജ്യം ഭരിക്കുന്നു!. അവര്‍ക്കുവേണ്ടി അര്‍ണ്ണവ് ഗോസ്വാമിമാര്‍ രാത്രി ചര്‍ച്ചകളില്‍ കുരയ്ച്ചുകൊണ്ടിരിക്കുന്നു.... കോര്‍പ്പറേറ്റുകള്‍ ആയിരക്കണക്കിനു കോടികള്‍കൊണ്ട് ജനാധിപത്യത്തെ വിലയ്ക്കു വാങ്ങുന്നു.... 

'ഗുജറാത്ത് ഫയല്‍സ്' ഒരു വലിയ ഓര്‍മ്മപ്പെടുത്തലാണ്..... അത് കാലാകാലങ്ങളില്‍ ഉണ്ടാവേണ്ടതുണ്ട്... അങ്ങിനെ ഉണ്ടായില്ലെങ്കില്‍ ഇന്ത്യയില്‍ അതി വിദൂരഭാവിയില്‍പോലും ജനാധിപത്യം തിരിച്ചു വരില്ല... ആര്‍എസ്എസിന്റെ കറുപ്പു തിന്നുന്ന മതദേഹങ്ങളെ നമ്മുക്ക് ഒരിക്കലും മനുഷ്യരാക്കി മാറ്റാന്‍ കഴിയുകയില്ല...

3 അഭിപ്രായങ്ങൾ:

  1. എതിര്‍ശബ്ദങ്ങളെ വിലക്കെടുകയോ തല്ലിക്കെടുത്തുകയോ എന്നത് എല്ലാ ഫാസിസ്റ്റ് സര്‍ക്കാരുകളുടേയും പ്രവര്‍ത്തനശൈലിയാണ്. സ്തുതിപാഠകരുടെ ആരവങ്ങള്‍ക്കിടയില്‍ അവിടവിടെ ഉയരുന്ന ഇതുപോലുള്ള ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ആശ്വാസകരമാണ്.

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.