2009, സെപ്റ്റംബർ 26, ശനിയാഴ്‌ച

കവിതയുടെ സ്പെഷ്യല്‍ വാര്‍ഡ്‌



വായിക്കുംതോറും കൈയ്യില്‍ നിന്ന്‌ കവിത അലിഞ്ഞലിഞ്ഞ്‌ ഇല്ലാതെയാകുന്ന ഒരു അവസ്ഥ അജീഷ്‌ ദാസന്‍റെ "കാന്‍സര്‍ വാര്‍ഡ്‌" എന്ന കവിത സമാഹാരം വായിക്കുമ്പോള്‍ ഉണ്ടാകുന്നു. പഴകിയ പ്രമേയത്തിന്‍റേയും വെട്ടിപരിക്കേല്‍പ്പിക്കപ്പെട്ട കൃതൃമമായ ആഖ്യാനത്തിന്‍റേയും ഉത്തരാധൂനിക ഭാരങ്ങളില്ലാതെ അജിത്‌ ദാസന്‍റെ കവിതകള്‍ വായനക്കാരനെ കടന്നു പോകുന്നു. ആദ്യ വായനയില്‍ തന്നെ ഒരു വായനക്കാരന്‌ അജീഷിന്‍റെ കവിതകളില്‍ നിന്നുളവാകുന്ന ഒരു പ്രധാന അനുഭവം പുതുകവിതയുടെ ഇതുവരെ പരിചയിച്ച ആഖ്യാന പരിസരങ്ങളില്‍ നിന്നു മാറി പുതിയ ഒരു ലോകത്ത്‌ നിന്നുകൊണ്ട്‌ കവിതകള്‍ വായിക്കാനാവുന്നു എന്നതാണ്‌. പുതു കവിതയുടെ സങ്കേതങ്ങളെക്കുറിച്ച പി. പി. രാമചന്ദ്രന്‍ വി. മോഹനകൃഷ്ണന്‍റെ "വയനാട്ടിലെ മഴ" എന്ന പുസ്തകത്തിന്‍റെ അവതാരികയില്‍ ഇങ്ങിനെ പറയുകയുണ്ടായി.

"അര്‍ത്ഥംവെച്ചുള്ള കൊച്ചുവര്‍ത്തമാനങ്ങളായി ചുരുങ്ങുമൊ നമ്മുടെ കവിതയിലെ പുതുമകള്‍....? ചരിത്രം രാഷ്ട്രീയം സംസ്കാരം എന്നിവയെ ചൊല്ലിയുള്ള ഉത്കണ്ഠകള്‍ അവ്യക്തമാവാത്ത കേവലം ഭാഷാ നിര്‍മ്മിതികളായി പരിണമിക്കുമൊ അത്‌..."

വി. മോഹനകൃഷ്ണന്‍റെ കവിതാ പുസ്തകത്തിന്‍റെ അവതാരികയിലായതിനാലാവാം ഇതൊരു വലിയ ആശങ്കയായി പി. പി. രാമചന്ദ്രന്‍ അവതരിപ്പിച്ചു കണ്ടില്ല. എന്നാല്‍ പുതിയ കാലത്തില്‍ ഇത്തരം സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ കവിതാ രചന നടത്തുന്ന എല്ലാവരിലും രാമചന്ദ്രന്‍ മാഷിന്‍റെ ഈ വാക്കുകള്‍ തെല്ലൊരു ആശങ്ക നിറക്കുന്നുണ്ട്‌ എന്നത്‌ സത്യമാണ്‌.

ഡീ.സി. ബുക്സ്സ്‌ പ്രസിദ്ധീകരിച്ച മുപ്പത്തിനാലു കവിതകളടങ്ങുന്ന "കാന്‍സര്‍ വാര്‍ഡ്‌" എന്ന അജീഷ്‌ ദാസന്‍റെ കൊച്ചു കവിതാസമാഹാരം നവ കവിതാ സാഹിത്യത്തില്‍ വേറിട്ട വ്യക്തിപരമായ ഒരു സ്വത്വം കാത്തു സൂക്ഷിക്കുന്നു. പി.പി. രാമചന്ദ്രന്‍റെ അഭിപ്രായത്തില്‍ "അര്‍ത്ഥം വെച്ചുകൊണ്ടുള്ള കൊച്ചു വര്‍ത്തമാനങ്ങള്‍ക്ക്‌..." അപ്പുറം നില്‍ക്കുന്ന ലളിതവും ഓജസ്സുറ്റതുമായ ഒരു സങ്കേതം അജീഷ്‌ ദാസന്‍ അദ്ദേഹത്തിന്‍റെ കവിതകളില്‍ വികസിപ്പിച്ചിരിക്കുന്നു.

പുതു കവികളില്‍ പ്രശസ്തരായ എസ്‌. ജോസഫ്‌, മോഹനകൃഷ്ണന്‍ കാലടി തുടങ്ങി പ്രമുഖരായ പല കവികളേയും വായിക്കുമ്പോള്‍ ചില പൊതുവായ സാദൃശ്യങ്ങള്‍ കാണാനാവും വളര്‍ന്നു വരുന്ന യുവ കവികള്‍ക്ക്‌ അനുകരക്കാനാവുന്ന ഒരു ഭാഷാ സങ്കേതം നവകവിതയില്‍ ഇന്ന്‌ സാര്‍വ്വത്രികമാണ്‌. എന്നാല്‍ അജീഷ്‌ ദാസന്‍റെ കവിത ഈ സാര്‍വ്വത്രികമായ ഭാഷാ സങ്കേതങ്ങളുമായി ഒരിക്കലും കൂട്ടികെട്ടാനാവാത്ത തരത്തില്‍ തികച്ചും വൈയ്യക്തികമെന്നു വിശേഷിപ്പിക്കാവുന്ന വളരെ ലളിതമായ ഒരു ആഖ്യാന തന്ത്രം കൈക്കൊണ്ടിരിക്കുന്നു.

"ഒരു മഴത്തുള്ളി
മറ്റേത്തുള്ളിയോടു ചെയ്യുന്നതു കണ്ടാല്‍
സഹിക്കുകേല ദൈവമേ....

ഇന്നലെ സന്ധ്യയ്ക്ക്‌
റബ്ബര്‍ത്തോട്ടത്തിലൂടെ
വീട്ടിലേക്കു വരുമ്പോള്‍
ഹൊ!
റബ്ബര്‍ മരത്തോടു ചേര്‍ത്തു നിര്‍ത്തി
ഒരു തുള്ളി
മറ്റേതിനെ ആഞ്ഞുമ്മവെക്കുന്നു.
പാവം മറ്റേത്തുള്ളി,
തള്ളി മറിച്ചിട്ട്‌
കുതറിയോടുന്നതിനിടയില്‍
പുല്ലില്‍ വീണൂപോയിട്ടും
വിട്ടില്ല.
പുല്ലില്‍ മറിച്ചിട്ട്‌
തുടകള്‍ കവച്ചു കിടത്തി
ആഞ്ഞാഞ്ഞുമ്മവെക്കുന്നു.
എന്‍റെ ദൈവമേആഞ്ഞാഞ്ഞാഞ്ഞുമ്മ വെക്കുന്നു.

ഇതെല്ലാം കണ്ടുകൊണ്ടുള്ള
റബ്ബര്‍ മരത്തിന്‍റെ
ആ നില്‍പ്പു കണ്ടാല്‍
ഒട്ടും സഹിക്കുകേല, ദൈവമേ....
--- രണ്ടു തുള്ളികള്‍

വായ്‌വര്‍ത്തമാനത്തിന്‍റെ രീതി ശാസ്ത്രങ്ങള്‍ക്കും അതീതമായി ഒരു അദൃശ്യമായ ഊര്‍ജ്ജം ഈ വരികളില്‍ വമ്മുക്ക്‌ വായിച്ചെടുക്കാനാവും. കാവിതാ വായനയുടെ യാതൊരു ജാഢകളും മുന്‍വിധികളുമില്ലാതെ വേണം ഈ കവിതകള്‍ വായിച്ചു പോകാന്‍. ഈ സമാഹാരത്തിലെ മിക്ക കവിതകളും അജീഷിന്‍റെ കൈയ്യൊപ്പുള്ള നവ കവിതയ്ക്ക്‌ തികച്ചും അപരിചിതമായ ഒരു ആഖ്യാന ലോകമാണ്‌.

തീരത്ത്‌ അഴുകിയ
ഒരു ശവം.

പൊടുന്നനേ,

ആളുകളെ വകഞ്ഞു മാറ്റി
അവന്‍റെ തലക്കല്‍ പിടിച്ച്‌
കുട്ടികള്‍:
"അച്ഛാ... !"

പൊടുന്നനെ,

മണലു വകഞ്ഞുമാറ്റി
അവന്‍റെ കാല്‍ക്കല്‍ പിടിച്ച്‌
തിരകള്‍:
"മകനേ.... !"
____ പ്രിയപ്പെട്ട ഇരേ...



ചുമ്മാ മണിയടിച്ച്‌
ഓറങ്ങിക്കെടന്നവരെ മുഴുവന്‍
വിളിച്ചെണീപ്പിച്ചിട്ട്‌
അച്ചനിവിടിരുന്ന്കരയുവാന്നോ.
ഇതെന്നാ എടപാടാ എന്‍റച്ചോ ?
ദെണ്ണം കോണ്ടാന്നേല്‍
രണ്ടെണ്ണം വീശിയേച്ച്‌
എവിടെയെങ്കിലും
മാറിക്കെടന്ന് ഒറങ്ങാനുള്ളതിന്‌
ചുമ്മാ....

__________ദുഃഖവെള്ളിയാഴ്ച

ലളിത പദങ്ങളിലൂടെ അസാധാരണമായ രീതിയില്‍ ഭിംബങ്ങളെ സന്നിവേശിപ്പിച്ചുകൊണ്ട്‌ മരണത്തിന്‍റേയും രോഗത്തിന്‍റേയും മനുഷ്യാവസ്ഥകളിലെ വിറങ്കലിച്ച നിമിഷങ്ങളെ അയത്ന ലളിതമായി അജീഷ്‌ "കാന്‍സര്‍ വാര്‍ഡ്‌" എന്ന കവിതയില്‍ വരച്ചു വയ്ക്കുന്നു.

കട്ടിലില്‍ പിടയുന്ന ആ-
അമ്മയെ കാണാന്‍ വയ്യാഞ്ഞാവാം
ഒരു മകന്‍
ജനാലയ്ക്കരികില്‍ വന്ന്
പുറത്തേക്കു നോക്കി
കണ്ണുകളടച്ച്‌
വിതുമ്പുന്നത്‌.

_______കാന്‍സര്‍ വാര്‍ഡ്‌

അജീഷ്‌ വായനക്കാരനെ സ്വന്തം സല്‍ക്കാരമുറിയിലേക്ക്‌ കൊണ്ടുപോയി കുശലം പറഞ്ഞ്‌ വിട്ടയക്കുന്നതുപോലെ ഒരനുഭവം ഈ പുസ്തകത്തില്‍ നിന്ന്‌ ഉണ്ടാകുന്നു. ഈ പുസ്തകം വായിച്ചവസാനിപ്പിച്ചപ്പോള്‍ എന്നെ പുതിയൊരു ചിന്താ കുഴപ്പത്തിലേക്ക്‌ ചില കാര്യങ്ങള്‍ നയിക്കുകയുണ്ടായി. ഇതുവരെ പരിചയിച്ചിട്ടില്ലാത്ത കാവ്യ പരിസ്ഥിതിയില്‍ നിന്ന്‌ പുസ്തകം അടച്ചു വയ്ക്കുമ്പോള്‍ ഒരു സംശയം ബാക്കിനില്‍ക്കുന്നു. പുസ്ത്കത്തിന്‍റെ ചട്ടയിലെ പിന്‍കുറിയില്‍ പറഞ്ഞിരിക്കുന്നതിങ്ങനെ

"വൈകാരിക പാരമ്യത്തിന്‍റേയും ഭാവലയങ്ങളുടേയും ദര്‍ശന ഗരിമകളുടേയും അതുല്യാവിഷ്ക്കാരമായി കവിതയെ കാണുന്നില്ല ഇവിടെ. ലക്ഷണമൊത്തവെയെന്ന്‌ സാമാന്യ ലോകം വ്യവഹരിക്കുന്നതിനെയെല്ലാം വിലക്ഷണമാക്കി നിര്‍മ്മിക്കുകയാണ്‌ ഇവിടെ ഓരോ കവിതയും. അതില്‍ ആത്മ പരിഹാസവും പരപരിഹാസവും കാവ്യ പരിഹാസവുമുണ്ട്‌. പുതിയ കവിതയ്ക്ക്‌ ഒരു ദിശാ സൂചി കൂടി".

പുതിയ കവിതയ്ക്ക്‌ ഒരു ദിശാ സൂചി കൂടി....?? അജീഷിന്‍റെ വ്യക്തി സത്തയോട്‌ - ആദ്ദേഹത്തിന്‍റെ വാമൊഴി വഴക്കത്തിന്‍റെ ശൈലിന്യാസങ്ങളോട്‌, ചേര്‍ന്നു നില്‍ക്കുന്ന ഈ കവിതകളെ ആര്‍ക്കാണ്‌ ഒരു ദിശാസൂചിയായി കണക്കാക്കാനാവുക. ഈ കവിതകള്‍ നവ കവിതയുടെ ദിശാ സൂചിയല്ല മറിച്ച്‌ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു കാവ്യ പ്രതിഭാസമാണ്‌. ഒരനുകരണത്തിനും വഴങ്ങിക്കൊടുക്കാത്ത വായ്മൊഴി വഴക്കത്തിന്‍റെ - ആത്മാവിന്‍റെ ശബ്ദങ്ങള്‍ നാട്ടു ഭാഷയിലെഴുതി വച്ച ഒരാളുടെ വായ വര്‍ത്തമാനങ്ങളാണ്‌ ഈ പുസ്തകത്തിലെ കവിതകള്‍

26 അഭിപ്രായങ്ങൾ:

  1. കവിതയുടെ പുതു വഴികളിലൂടെ നടക്കാന്‍ ശ്രമിക്കുന്നവരെക്കുറിച്ച്‌ പഠിക്കാന്‍ ഞാന്‍ ഏറെയിഷ്ഠപ്പെടുന്നു...

    അജീഷ്‌ ദാസന്‍റെ ഈ കവിതകള്‍ വ്യത്യസ്തമായ ഒരു കാവ്യാനുഭവം സമ്മാനിക്കുന്നുണ്ടെങ്കിലും മലയാള കവിതയില്‍ എന്തു തരം ദിശാബോധമാണ്‌ ഈ കവിതകള്‍ സൃഷ്ടിക്കുന്നത്‌ എന്നതിനെക്കുറിച്ച്‌ എനിക്ക്‌ ന്യായമായ സംശയങ്ങളുണ്ട്‌.

    ഇവിടെ പി.പി. രാമചന്ദ്രന്‍ സാര്‍ പരാമര്‍ശിച്ച വിഷയത്തിലൂന്നി അജീഷ്‌ ദാസന്‍റെ കവിതകളെ മുന്‍നിര്‍ത്തി ഒരു ചര്‍ച്ചയ്ക്ക്‌ ഉള്ള സാധ്യതയുണ്ട്‌.
    മാന്യ വായനക്കാര്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പ്രകടിപ്പിക്കുമല്ലൊ....

    സസ്നേഹം
    സന്തോഷ്‌ പല്ലശ്ശന.

    മറുപടിഇല്ലാതാക്കൂ
  2. കവിതയെ കുറിച്ച് പറയുവാന്‍ എനിക്കൊന്നുമറിയില്ല..
    പക്ഷെ അജീഷിന്റെ കവിതാ നുറുങ്ങുകള്‍ കൌതുകത്തോടെ വായിച്ചു

    മറുപടിഇല്ലാതാക്കൂ
  3. ഓരോ കവിതകൾ(നല്ലതായാലും ചീത്തയായാലും) വായിക്കുമ്പോൾ എനിക്ക് ദേഷ്യം വരും.മറ്റൊന്നും കൊണ്ടല്ല.കവിത എഴുതാൻ ഒരുപാട് ശ്രമിച്ചുനോക്കിയ ഒരാളാണ് ഞാൻ.എനിക്ക് ഇങ്ങനെയൊന്നും ചിന്തിക്കാൻ ആകുന്നില്ലല്ലോ എന്നുള്ള ഒരു ബോധമാണ് എന്റെ ദേഷ്യത്തിന് ഹേതു.ഞാൻ ഒരുപാട് കവിതകൾ വായിക്കാറുണ്ട്.പക്ഷെ വായിക്കുന്നതിൽ പകുതിയിൽ കൂടുതലും മനസിലാക്കാൻ കഴിയാറില്ല.ബ്ലോഗ്കവിതയാണെങ്കിൽ കമന്റുകൾ വായിച്ച് നോക്കി ഞാൻ അർത്ഥം മനസ്സിലാക്കിയെടുക്കും.എന്തായാലും അജീഷിന്റെ കവിതാശകലങ്ങൾ ആരുടെയും സഹായമില്ലാതെ വായിക്ക കഴിഞ്ഞു.സന്തോഷം ഉണ്ട്.പിന്നെ ഒരൽ‌പ്പം അസൂയയും

    മറുപടിഇല്ലാതാക്കൂ
  4. 'പുതു കവിതയുടെ സങ്കേതങ്ങളെക്കുറിച്ച പി. പി. രാമചന്ദ്രന്‍ മോഹനകൃഷ്ണന്‍ കാലടിയുടെ "വയനാട്ടിലെ മഴ" എന്ന പുസ്തകത്തിന്‍റെ അവതാരികയില്‍ ഇങ്ങിനെ പറയുകയുണ്ടായി'

    വയനാട്ടിലെ മഴ വി.മോഹനകൃഷ്ണന്റെ പുസ്തകമല്ലേ, കാലടിയുടെയല്ലല്ലോ? ആകപ്പാടെ ഒരു കണ്‍ഫ്യൂഷന്‍!

    മറുപടിഇല്ലാതാക്കൂ
  5. പ്രിയപ്പെട്ട സന്തോഷ്‌ കെ.,
    ടൈപ്പു ചെയ്തുവന്നപ്പോള്‍ അറിയാതെ സംഭവിച്ച ഒരു പിശകാണ്‌. മോഹനകൃഷ്ണന്‍ എന്നു കേട്ടാല്‍ 'കാലടി' എന്നു ടൈപ്പുചെയ്യുന്ന ഒരു ആത്മബന്ധം ആ കവിയുടെ കവിതകളുമായി ഉണ്ടായിപ്പോയി. നിര്‍വ്യാജം ക്ഷമചോദിക്കുന്നു. എല്ലാവായനക്കാരോടും, തെറ്റു ചൂണ്ടികാണിച്ചു തന്ന സന്തോഷ്‌ കെ. യ്ക്കും, പിന്നെ വയനാട്ടിലെ മഴ എന്ന പുസ്തകത്തിന്‍റെ രചയിതാവ്‌ വി. മോഹനകൃഷ്ണനോടും മാപ്പു ചോദിക്കുന്നു. രണ്ടുതവണ വായിച്ചു നോക്കിയതായിരുന്നു എന്തുകൊണ്ടൊ ഈ തെറ്റ്‌ എന്‍റെ കണ്ണില്‍ വന്നില്ല. സന്തോഷ്‌ കെ സാറിന്‌ എന്‍റെ ഹൃദയം നിറഞ്ഞ നന്ദി ഒരിക്കല്‍ കൂടി അറിയിക്കുന്നു.

    സസ്നേഹം
    സന്തോഷ്‌ പല്ലശ്ശന

    മറുപടിഇല്ലാതാക്കൂ
  6. ഈ പരിചയപ്പെടുത്തലിനു നന്ദി...വായിക്കാനും വാങ്ങിക്കാനും തോന്നിപ്പിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  7. ങ്ങള് ബെറുതേ ബല്ലോന്റേം കാര്യം പറഞ്ഞു നേരം മെനക്കെടുത്താണ്ട് സന്തോഷിന്റെ ചേല്ക്ക് ഒരു കബിതങ്കട് പൂശെന്നേയ്..!!ബായിച്ചിട്ടിച്ചിരി നാളായേയ് അതോണ്ടാ...!!

    മറുപടിഇല്ലാതാക്കൂ
  8. കണ്ണനുണ്ണി..: കവിതയെക്കുറിച്ച്‌ പറഞ്ഞില്ലെങ്കിലും അജീഷിന്‍റെ കവിതകള്‍ വായിച്ചല്ലൊ അതു മതി. അദ്ദേഹത്തെ കൂടുതല്‍ വായിക്കാന്‍ ശ്രമിക്കുക ഈ ലേഖനം കൊണ്ടുള്ള ലക്ഷ്യം അതൊക്കെ തന്നെ.

    ഗന്ധര്‍വ്വന്‍: ഗന്ധര്‍വ്വന്‍ പറഞ്ഞതില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്ന ഒരു കാര്യം നിങ്ങള്‍ കവിത വായന ശരിക്കും ഇഷ്ടപ്പെടുന്ന ഒരാളാണ്‌ എന്നാണ്‌. പുതുകവിതയുടെ ആഖ്യാന രീതികള്‍ നിങ്ങളുടെ സംവേദനത്തിനു വഴങ്ങാത്തതാവാം കാര്യം. വായന തുടരുക...തീര്‍ച്ചയായും കവിത നിങ്ങള്‍ക്കും വഴങ്ങും.

    സന്തോഷ്‌ സാര്‍: ഒരിക്കല്‍ കൂടി നന്ദി. എന്‍റെ ഭാഗത്തു നിന്നുള്ള തെറ്റുകാരണം സന്തോഷ്‌ സാറിന്‌ ചര്‍ച്ചയ്ക്കുള്ള ഉത്സാഹം നഷ്ടപ്പെട്ടെന്നു തോന്നുന്നു.

    അരുണ്‍: നിങ്ങളെ പോലുള്ള യുവ എഴുത്തുകാര്‍ വായിച്ചിരിക്കേണ്ട പുതിയ പുസ്തകങ്ങളുടെ ലിസ്റ്റില്‍ ഇതാ ഒരു പുസ്തകം കൂടി.

    നാലെസ്‌ ചേട്ടന്‍: ഞാനെഴുതുന്നത്‌ മറ്റുള്ളവര്‍ വായിക്കണം എന്നാഗ്രഹിക്കുന്നതു പോലെ തന്നെ മറ്റുള്ളവര്‍ എഴുതുന്നത്‌ വായിക്കാനുള്ള മനസ്സ്‌ നമ്മള്‍ക്കും വേണ്ടേ.... അതല്ലെ അതിന്‍റെ ഒരു ഇദ്ദ്‌.....ഒരുപാട്‌ നന്ദി നിങ്ങളുടെ ഈ സ്നേഹത്തിന്‌ ഈ സൌഹൃദത്തിന്‌. കൂട്ടുകാരന്‍ വീരുവിനെ കാണുമ്പോള്‍ എന്‍റെ അന്വേഷണം പറഞ്ഞേക്കണേ...

    മറുപടിഇല്ലാതാക്കൂ
  9. കട്ടി കുറഞ്ഞതാണെങ്കില്‍ വായിച്ചാസ്വദിക്കാം എന്നല്ലാതെ, അഭിപ്രായം പറയാനുള്ള അറിവെനിക്കില്ല കവിതയേക്കുറിച്ചു്.

    മറുപടിഇല്ലാതാക്കൂ
  10. അയ്യോ! തെറ്റൊന്നുമല്ല അത് കേട്ടോ, സത്യത്തില്‍ ഞാനും വലിയ ഒരു ആശയക്കുഴപ്പത്തിലായിരുന്നു. വയനാട്ടിലെ മഴയില്‍ ഒരു 'കാകദൃഷ്ടി' എനിക്കു നേരത്തെ ഉണ്ടായിരുന്നു. ഇന്നലെ ഹരിതകത്തില് വി. ‍മോഹനകൃഷ്ണന്റെ കവിതകളുടെ കൂടെ നല്‍കിയ ഫോട്ടോ കണ്ടപ്പോള്‍ എനിക്ക് നല്ല പരിചയമുള്ള ആളല്ലേ എന്ന്‌ സംശയമുണ്ടായി. കവിപരിചയപ്പേജാകട്ടെ ശൂന്യവുമായിരുന്നു. ആ മോഹനകൃഷ്ണനും വയനാട്ടിലെ മഴയെഴുതിയ ആളും ഒന്നോ, അത് എന്റെ കോളേജില്‍ നിന്ന് ഈയിടെ ഗവേഷണം പൂര്‍ത്തിയാക്കിയ എ‍നിക്ക്‌ പരിചയമുള്ള ആളല്ലേ എന്നൊക്കെ ബഹുവിധ സംശയങ്ങള്‍ക്കിടക്കാണ്‌ സന്തോഷിന്റെ പോസ്റ്റില്‍ പുതിയ ഒരു കണ്‍ഫ്യൂഷന്‍ കൂടി ഉണ്ടായത്. ഇന്ന്‌ വൈകീട്ട് വിഷ്ണു ആണ്‌ (വിഷ്ണുപ്രസാദ് വയനാട്) അലട്ട് തീര്‍ത്തത്.
    പിന്നെ പുതുകവിതകളെ പറ്റി ഒരു പോസ്റ്റ് ഞാന്‍ നേരത്തെ ചാര്‍ത്തിയിരുന്നു. അത് ഇവിടെ വായിക്കാം.
    അല്ല, പിന്നെ!!: കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
    അതിനാല്‍ ഈ കേസില്‍ വീണ്ടും ഹാജരാകാന്‍ സന്തോഷമേയുള്ളൂ. ചര്‍ച്ച നടക്കട്ടെ. അജീഷിന്റ കവിതകള്‍ ശ്രദ്ധയില്‍ വന്നിരുന്നില്ല. പ്രമോദിന്റെ ലഘു രണ്ടു ദിവസം മുമ്പാണ്‌ വായിക്കാനൊത്തത്. അങ്ങനെ എന്തൊക്കെ അശ്രദ്ധകള്‍, അല്ലേ.

    മറുപടിഇല്ലാതാക്കൂ
  11. നല്ല ശ്രമം മാഷേ. വസ്തുനിഷ്ഠമായ നിരൂപണം. അക്ഷരത്തെറ്റുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുമല്ലോ?

    സ്നേഹാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. സന്തോഷ് നല്ല ശ്രമം ആണിത്‌..
    അഭിനന്ദിക്കാതെ വയ്യ..

    മറുപടിഇല്ലാതാക്കൂ
  13. പ്രിയ സന്തോഷ് ഭായ്,
    അജീഷ് ദാസന്റെ കവിതകളെപ്പറ്റിയെഴുതിയതു വായിച്ചു..പ്രത്യേകിച്ചൊന്നും എഴുതാഞ്ഞതു കവിതകളുടെ സാങ്കേതികവശങ്ങളിലുള്ള അജ്ഞാനം വെളിപ്പെടുത്തേണ്ടെന്നു കരുതിയാണ് ക്ഷമിക്കുക..പിന്നെ എച്ചെസ്സിനോടെന്നെയന്വേഷിച്ചതിനുള്ള സന്തോഷം രേഖപ്പെടുത്തിക്കൊള്ളുന്നു..അപ്പ നമ്മളെയൊന്നും മറന്നിട്ടില്ലാലേ?.നമ്മുടെ ഏരിയയിലേക്കൊന്നും പിന്നെ കണ്ടില്ലല്ലോ?? അതോ കമന്റെഴുതി പ്രോത്സാഹിപ്പിക്കാനുള്ള കോപ്പില്ലെന്നു തോന്നിയോ?

    മറുപടിഇല്ലാതാക്കൂ
  14. ഒരു പുതിയ കവിയെ പരിചയപ്പെടാൻ ഈ ലേഖനം ഉപകരിച്ചതിൽ സന്തോഷമുണ്ട്‌ .പല്ലശനക്ക്‌ നന്ദി.പക്ഷെ കവിയെക്കൾ പ്രധാനം കവിതക്യാണല്ലോ .വായനക്കാരന്‌ ഒരു ഭാരവും തരാതകന്നാൽ എവിടെയാണ്‌ കവിത.ഭാരങ്ങൾ തന്നിലെൻകിലും,എന്തെങ്കിലുമൊക്കെ കൊടുക്കൽ വാങ്ങൽ നടക്കേണ്ടേ?. അർത്ഥംവെച്ചുള്ള കൊച്ചുവർത്തമാനങ്ങൾപൊയിട്ടു വെറും വർത്തമാനങ്ങളായി വരികൾ മാറുന്ന കഴ്ചയാന്നിവിടെ.
    എന്റെ അഭിപ്രായത്തിൽ കവിത്വമുള്ള വരികൾ ഇതാണ്‌:- "പൊടുന്നനെ, മണലു വകഞ്ഞുമാറ്റി അവൻറെ കാൽക്കൽ പിടിച്ച്‌ തിരകൾ: "മകനേ.... !" .പുതിയ പ്രവണതകൾ സ്വീകാര്യം തന്നെയാണ്‌.പുതിയ വഴി വെട്ടിത്തെളിക്കുമ്പോൾ ചിലത്‌ ശ്രെധിക്കെണ്ട്തുണ്ട്‌- ചരിത്രത്തെ കുട്ടുപിടിക്കുകയാണോ വേണ്ടത്‌ അതോ നിലനിൽക്കുന്ന കാലത്തിനോട്‌ സംവേധിക്കുകയാണോ വേണ്ടിയത്‌ ,നമ്മൾ അറിയാതെ നമ്മിൽ അടിച്ചേൽപ്പിച്ച ചില കടമകളുണ്ട്‌,അത്‌ കാണാതെ പോകരുത്‌.വായ്ത്താരി മൊഴികളും നടൻശിലുകൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്‌ .അത്‌ കവിതയിൽ ഉൾപെടുന്നത്‌ ഉത്തമം തന്നെയാണ്‌.പക്ഷെ അത്‌ മാത്രമാണൊ കവിത ? അതിനപ്പുറം കവിതയ്ക്ക്‌ കവിതെതായ ചില രുപമില്ലേ ?.ഇതിപ്പോ DC യുടെ പേജുകളിൽ വന്നതുകൊണ്ട്‌ ചിലപ്പോൾ കവിതയായിരിക്കും.ഒന്നോർക്കുക ഒരു പാവം പിടിച്ച കൊട്ടയംകരനയിരുന്നു ഈ വരികൾ എഴുതിയതെങ്കിൽ എത്ര പേർ തിരിഞ്ഞു നോക്കും.വാചാലത മുല്യത്തെ ചാതച്ച്ചരക്കരുത്‌.ഇവിടെ ഏവിടെയാണ്‌ പുതിയൊരു ധിശാബോധം? പഴംചോല്ലുകളുടെ ധിശാബോധത്തെപ്പറ്റി ചിന്തിചിച്ചുണ്ടോ ?. വരികൾക്ക്‌ അതിന്റ്‌റെതായ ഒരു ലക്ഷ്യബോധം വേണം.ചിന്തയെ പുതിയൊരു തലത്തിലേകു കുട്ടിക്കൊണ്ട്‌ പോകണ്ടേ? ഒപ്പം സൌന്ദര്യ തലത്തെ കാട്ടിതരണ്ടേ?.കൂടുതലൊന്നും പറയുന്നില്ല.കുടുതൽ ചർച്ച ആവശ്യപെടുന്ന തലമാണിത്‌.നമുക്ക്‌ ചർച്ചചെയ്തു ഉത്തരം കണ്ടെത്താം ?
    സസ്നേഹം ;
    കണ്ണൻ തട്ടയിൽ.
    thattayil@gmail.com

    മറുപടിഇല്ലാതാക്കൂ
  15. അജീഷ് ദാസന്‍റെ കവിതകളെ പരിചയപെടുത്തുന്ന ഈ ലേഖനത്തിനു നന്ദി. വളരെ ചുരുങ്ങിയ വാക്കില്‍ കുറിക്കട്ടെ, ഈ കവിതകള്‍ കവ്യലോകത്തിനോ കവിക്കോ, കവിതയെ ഇഷ്ടപെടുന്നവര്‍ക്കോ യാതൊരു വിധത്തിലുള്ള പ്രയോജനവും ചെയ്യും എന്നു തോന്നുന്നില്ല.

    സമയം പരിമിധി മൂലം നിര്‍ത്തട്ടെ

    മറുപടിഇല്ലാതാക്കൂ
  16. എഴുത്തുകാരി: നന്ദി

    സന്തോഷ്‌ സാര്‍: 'കവിതക്കേസില്‍ ഞാന്‍ ഹാജര്‍ വായിച്ചു' സത്യത്തില്‍ അസൂയ തോന്നി. ഞാനിഷ്ടപ്പെടുന്ന അയ്യപ്പണിക്കരെയും പ്രമുഖരായ മറ്റു പലരുമായും അടുത്ത്‌ ഇടപഴകിയിരുന്ന ആള്‍ എന്ന നിലയ്ക്ക്‌ സാറിനോട്‌ ബഹുമാനവും അസൂയയുമൂണ്ട്‌. :):)

    ജയകൃഷ്ണന്‍: ആദ്യമായിട്ടാണെന്നു തോന്നുന്നു ഈ വഴിയോക്കെ വളരെ നന്ദി. വീണ്ടും വരുമല്ലോ.

    ശശിയേട്ടന്‍: നന്ദി

    വീരു: നിങ്ങളെ ഞാന്‍ വായിക്കാറുണ്ട്‌. പക്ഷെ ഈ അടുത്ത കാലത്ത്‌ കുറച്ചു ദിവസത്തേയ്ക്ക്‌ നാട്ടില്‍ പോയിരുന്നു അതുകൊണ്ട്‌ നിങ്ങളുടെ കുറച്ചു പോസ്റ്റുകള്‍ വായിക്കാനൊത്തിട്ടില്ല. ഓഫീസ്‌ തിരക്കുകള്‍ ഒന്നു തീര്‍ന്നോട്ടെ അതിനുശേഷം ആ വഴിക്കൊക്കെ ഒന്നിറങ്ങുന്നുണ്ട്‌. നര്‍മ്മം നന്നായി കൈകാര്യം ചെയ്യാനുള്ള വീരുവിന്‍റെ കഴിവിനെ ഞാന്‍ പണ്ടെ അങ്ങീകരിച്ചിട്ടുള്ളതാണ്‌. അതുകൊണ്ട്‌ എന്‍റെ കമന്‍റുകള്‍ വൈകുന്നതില്‍ ആശങ്ക വേണ്ട. ലേറ്റായ്‌ വന്നാലും ലേറ്റസ്റ്റാ വരുവേന്‍.

    പകലാ: നന്ദി

    നരിക്കുന്ദന്‍: നന്ദി വീണ്ടും വരിക

    സുരേഷേട്ടന്‍: നന്ദി

    കണ്ണന്‍: വായനക്കാരന്‌ ഒരു ഭാരവും താരാതെ അകന്നാല്‍ എവിടെയാണ്‌ കവിത എന്ന കണ്ണന്‍റെ പ്രസ്ഥാവനയെ ഞാന്‍ ഇങ്ങിനെ മനസ്സിലാക്കുന്നു 'വായനക്കരന്‍റെ ധിഷണാ ജീവിതത്തിന്‌ അവന്‍റെ സാമൂഹക ബോധത്തിന്‌ എന്തെങ്കിലും സംഭാവന ചെയ്യാതെ വെറും കൊച്ചു വര്‍ത്തമാനം പറഞ്ഞു പോകുന്ന കവിത കവിതയാകുന്നില്ല' എന്ന കണ്ണന്‍റെ അഭിപ്രായത്തോട്‌ ഞാന്‍ യോജിക്കുന്നു. അജീഷ്‌ ദാസന്‍റെ കവിത കൊച്ചു വര്‍ത്തമാനങ്ങള്‍ക്കുമപ്പുറം വ്യക്തമായ ഒരു സാമൂഹിക തലം ഉണ്ട്‌. വളരെ ലളിതമായ ആത്മഭാഷണങ്ങളിലൂടെ വായനക്കാരനില്‍ നീറിപ്പിടിക്കുന്ന ഒരുപാട്‌ അസ്വസ്ഥതകള്‍ അജീഷിന്‍റെ കവിത നിറക്കുന്നുണ്ട്‌. ഞാന്‍ ഇവിടെ പരാമര്‍ശിക്കാതെ പോയ കവിതകളും ഒരുപാടുണ്ട്‌. ഡീ.സീ. യുടെ പേജുകളില്‍ വന്നതുകൊണ്ട്‌ കവിതയ്ക്ക്‌ ഒരു ആധികാരികയും ഉണ്ടാവണമെന്നില്ല പുതുകവിതയിലെ പുത്തന്‍ പൊടിപ്പുകളെ തിരഞ്ഞെടുത്തവതരിപ്പിക്കുന്ന ബുക്ക്‌ സീരിസിലെ ഒരു പുസ്തകമാണ്‌ അജീഷ്‌ ദാസന്‍റേത്‌. അരാലും അധികം ശ്രദ്ധിക്കപ്പെടാതെ ഇരുന്ന ഈ കവിയെ ഡീ. സീ. ബുക്സ്സ്‌ ആണ്‌ ഇദ്ദേഹത്തെ വായിക്കപ്പെടാന്‍ വായനക്കാര്‍ക്ക്‌ അവസരം ഉണ്ടാക്കി കൊടുത്തത്‌.

    "നമ്മള്‍ അറിയാതെ നമ്മില്‍ അടിച്ചേല്‍പ്പിച്ച കടമ" എന്നു കണ്ണന്‍ പറഞ്ഞത്‌ എനിക്കു മനസ്സിലാക്കാവാത്ത ഒരു കാര്യമാണ്‌. ഇങ്ങിനെ അടിച്ചേല്‍പിക്കപ്പെട്ട കടമകളുമായി പുതു കവിതയ്ക്ക്‌ യാതൊരു ബന്ധവുമില്ല. അതൊക്കെ കവിത എന്നേ കുടഞ്ഞെറിഞ്ഞു കഴിഞ്ഞു.

    മേഘങ്ങളില്‍ നട്ടുവച്ച മഴക്കൊടികള്‍ പോലെ കവിത പെയ്തൊഴിയുന്ന പുതുകവിതയുടെ രസതന്ത്രത്തെക്കുറിച്ച്‌ ഒരു ഗൌരവതരമായ്‌ ചര്‍ച്ച നടക്കേണ്ടതുണ്ട്‌ എന്ന്‌ അറിയുന്നതിനാലാണ്‌ അജീഷ്‌ ദാസനെ പ്രത്യേകം തിരഞ്ഞെടുത്ത്‌ ഞാന്‍ അവതരിപ്പിച്ചത്‌. അല്ലാതെ പഴയ നാടന്‍ ശിലിന്‍റെ ഊറ്റം ഉള്‍ക്കൊണ്ട്‌ കവിതകളെഴുതണമെന്ന്‌ നമ്മുക്ക്‌ അദ്ദേഹത്തോട്‌ പറയാനാവില്ല.

    കണ്ണന്‍ അവസാനം പറഞ്ഞതിനോട്‌ യോജിക്കുന്നു "കൂടുതല്‍ ചര്‍ച്ച ആവശ്യപ്പെടുന്ന ഒരു വിഷയമാണ്‌ ഇത്‌" അതുകൊണ്ടുതന്നെ വളരെ ഗൌരവതരമായ ഒരു ചര്‍ച്ച ഇവിടെ നടക്കേണ്ടതുണ്ട്‌.

    സ്വന്തം നിലപാടുകള്‍ ഇവിടെ അവതരിപ്പിച്ചതിന്‌ കണ്ണനു പ്രത്യേകം നന്ദി

    മനോജ്‌ മേനോന്‍: മനോജ്‌ എന്താണ്‌ ഉദ്ദേശിച്ചതെന്ന്‌ എനിക്കു മനസ്സിലായില്ല. കവിതകൊണ്ട്‌ എന്തു തരം പ്രയോജനമാണ്‌ ഒരു വായനക്കാരന്‌ കിട്ടേണ്ടത്‌ അതില്‍ ഒരു പരിധിവരെ അജീഷ്‌ നല്‍കുന്നുണ്ട്‌ എന്നാണ്‌ എന്‍റെ വിശ്വാസം. പക്ഷെ പുതു കവിതയുടെ ആഖ്യാനതലത്തില്‍ ഇന്നു കാണുന്ന നിസ്സാരവല്‍ക്കരണത്തില്‍ അറിഞ്ഞൊ അറിയാതെയൊ അജീഷും പങ്കുചേരുന്നുണ്ട്‌ എന്ന വിശ്വാസത്തിലാണ്‌ ഞാന്‍ ഈ കവിയെ ഇവിടെ വലിച്ചു പുറത്തിടുന്നത്‌. അജീഷിനെയും അദ്ദേഹത്തിന്‍റെ സമകാലികരേയും മുന്‍നിര്‍ത്തി മലയാള കവിതയിലെ സങ്കേതിക ശില്‍പത്തിലും കവികള്‍ അറിഞ്ഞൊ അറിയാതെയൊ നടത്തുന്ന ഒരു തരം നിസ്സാരവല്‍ക്കരണം മലയാള കവിതയ്ക്ക്‌ എന്തുതരം ദോഷമാണ്‌ ഉണ്ടാക്കുക എന്ന വിഷയത്തില്‍ ഗൌര്‍വതരമായ ഒരു ചര്‍ച്ച ആവശ്യമാണെന്ന്‌ തോന്നുന്നു. അതുകൊണ്ടു മാത്രമാണ്‌ ഞാന്‍ അജീഷിനെ ഇവിടെ അവതരിപ്പിച്ചെതെന്ന്‌ മനോജ്‌ മനസ്സിലാക്കണം. എന്തായാലും ഇവിടെ വന്നതിനും

    ചര്‍ച്ചയില്‍ പങ്കെടുത്തതിനും മനോജിനു പ്രത്യേകം നന്ദി അറിയിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  17. 'Kavitakal' lalithavum, sugamavum aayi thonni.

    മറുപടിഇല്ലാതാക്കൂ
  18. മലയാള കവിതാ ലോകത്ത് നമ്മുക്കു മുമ്പേ നടന്നവരില്‍ വിഭിന്നമായി സ്വന്തമായ ഒരു ശൈലി ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതു കവിതയുമായ് ഇഴുകിചേരുന്നോ എന്ന കാര്യത്തില്‍ സംശയം വരുന്നു. എണ്ണയും വെളളവും പോലെ .....




    അറിഞ്ഞു തന്നെ നടത്തുന്ന നിസ്സരാവല്‍കരണം,(അതു മുഴച്ചു നില്‍ക്കുന്നു)സന്ദര്‍ഭത്തിനു ചേരാത്ത, അതിശയോക്തി കലര്‍ന്ന ബിംബ പ്രതിഷ്ഠകള്‍(പുതുമക്ക് വേണ്ടി പ്രയോഗിക്കുന്നവ) ഇതെല്ലാം കവിതയില്‍ നിന്ന് കവിതയെയും ഒപ്പം വായനകാരേയും അകറ്റി നിര്‍ത്താനെ ഉപകരിക്കൂ എന്ന അഭിപ്രായമാണെനിക്ക്.

    സന്തോഷ് പരിചയപെടുത്തി തന്നെ വരികള്‍ മാത്രം വെച്ചുള്ള എന്‍റെ എളിയ അഭിപ്രായം മാത്രമായി ഇതിനെ കാണുക

    മറുപടിഇല്ലാതാക്കൂ
  19. അജീഷ്‌ ദാസന്‍റെ എക്കോപോയന്‍റ്‌ എന്ന കവിത ഇവിടെ വായിക്കുക
    http://puthukavitha.blogspot.com/2009/09/blog-post_29.html

    മറുപടിഇല്ലാതാക്കൂ
  20. ഇവിടെനിന്നും എനിക്ക്‌ കിട്ടിയ വരികൾ ഉൾക്കൊണ്ടാണ്‌ ഞാൻ എഴുതിയത്‌.ഈ വരികളിലുടെയാണ്‌ ഞാൻ അദേഹത്തെ അറിയുന്നതും.ഇവിടെ സമൂകികതലമ്‌ ഇല്ല എന്നൊന്നും ഞാൻ പറയുന്നില്ല.പക്ഷെ പുതിയ ഒരു തലം കാണാൻ കഴിയുന്നില്ല.കവിതകളിൽ സൌതര്യതലം ആണോ വേണ്ടിയത്‌ ? സമുഹികതലമണോ വേണ്ടിയത്‌ ? അതോ ഇതു രണ്ടുമോ ?.നിലനിന്നിരുന്ന-നിൽക്കുന്ന- രീതികളിൽ നിന്നും വേറിട്ടെഴുതുമ്പോൾ ചിലതുചിന്തിക്കണം .ദുഃഖവെള്ളിയാഴ്ചയും കാൻസർ വാർഡ്‌ലും എന്താണ്‌ പുതിയ തലമെന്നു അറിയാൻ കഴിയുന്നില്ല? കോട്ടയം സംഭാഷന്നത്തിനപ്പുരം കവിതയെവിടെ? ഇവിടെ പ്രതിക്ഷകൾ നഷ്ട്ടപ്പെടുന്നു.
    എഴുത്തിനെ പല രീതികളിൽ സമെപിക്കുന്നവരുണ്ട്‌.പലരീതിയിൽ എഴുതിതുടങ്ങുന്നവരുമുണ്ട്‌ .സ്വന്തം ദർശനത്തെ ലോകത്തെ അറിയിക്കനയോ അനശ്വരമാക്കനയോ സാമുഹിക കഴ്ചപ്പടോടെയോ കലാപരമായ അഭിനിവേശം കൊണ്ടോ മറ്റും.ഒരു രീതിയിൽ എഴുതി എഴുത്തിനോട്‌ അടുതുകഴിയുമ്പോൾ സമെപനരെതിയിൽ മാറ്റമുണ്ടായി ചിലച്ചുമാലതകൾ എഴുതുക്ര്‌‍ക്ക്‌ ഏറ്റെടുക്കേണ്ടതുണ്ട്‌.‍ മറ്റു തലങ്ങളിലേക്ക്‌ അറിഞ്ഞോ അറിയാതെയോ പോയിവരാം.ഇതായിരുന്നു ഞാൻ പറഞ്ഞ കടമ.എന്റെ അഭിപ്രായത്തിൽ,സമുതികപ്രേതിഭാധത വേണ്ടതുതന്നെയാണ്‌.എങ്കിലും അതിലേറെ മുന്നിട്ടുനിൽക്കേണ്ടത്‌ "ഭാഷയുടെ സൌന്ദര്യ തലമാണ്‌".
    കവിതയ്ക്ക്‌ അതിന്റേതായ ഒരു അച്ചുതണ്ടുന്ദ്‌ .ഏതു ചുഴലിയിലും പ്രളയത്തിലും തീയിലും നിവർന്നുനിൽക്കുന്ന ചേതന.ചർച്ചകൾ തുടരട്ടെ.പല്ലസനക്ക്‌ നന്ദി,
    സസ്നേഹം ;
    കണ്ണൻ തട്ടയിൽ.
    thattayil@gmail.com

    മറുപടിഇല്ലാതാക്കൂ
  21. അജീഷ് ദാസിനെ പരിചയ പെടുത്തിയതിന് നന്ദി കേട്ടൊ

    മറുപടിഇല്ലാതാക്കൂ
  22. നല്ല ചർച്ച..
    മനോജും കണ്ണനും പറഞ്ഞതിൽ
    ശരികളുണ്ട്‌.
    ഇതിൽ ഒരു കുറിപ്പുണ്ട്‌.
    പണിക്കർ സ്പീക്കിംഗ്‌

    ലിങ്ക്‌ കൊടുക്കുന്നതിൽ
    സദയം ക്ഷമിക്കുക.

    മറുപടിഇല്ലാതാക്കൂ
  23. ബിലാത്തിപ്പട്ടണം: നന്ദി

    സുനില്‍ പണിക്കര്‍: നന്ദി.. മനോജും കണ്ണനും പറഞ്ഞതിലെ ശരികള്‍ അംഗീകരിക്കുന്നു അതോടൊപ്പം എന്‍റെ ചില വിയോജിപ്പുകളും പറഞ്ഞു എന്നു മാത്രം..:):) പിന്നെ ലിങ്ക്‌ ഇടുന്നതില്‍ എനിക്കെന്തു വിരോധം... ഞാന്‍ ലിങ്കിലൂടെ നിങ്ങളുടെ ആ നല്ല ലേഖനം വായിക്കുകയും ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്‌. :):)

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.